സിൽക്യാര രക്ഷാദൗത്യം; കുഴൽപാതയിലെ ബ്ലേഡുകൾ നീക്കി, ഇനി ലോഹതടസങ്ങൾ നീക്കണം
text_fieldsസിൽക്യാര(ഉത്തരകാശി): സിൽക്യാര തുരങ്കത്തിൽ രക്ഷാദൗത്യത്തിനായി ഒരുക്കുന്ന കുഴൽ പാതക്ക് അകത്ത് കുടുങ്ങിയ അമേരിക്കൻ ഓഗൽ മെഷീന്റെ സ്പൈറൽ ബ്ലേഡുകൾ പൂർണമായും ഗ്യാസ് കട്ടറുപയോഗിച്ച് മുറിച്ചുമാറ്റി. ബ്ലേഡുകൾ മുറിച്ചു മാറ്റിയെങ്കിലും തുരങ്കത്തിനൊപ്പം ഇടിഞ്ഞുവീണ ലോഹഭാഗങ്ങൾ കൂടി മുറിച്ചുമാറ്റാനുള്ളതിനാൽ കുഴൽപാതയുടെ അവശേഷിക്കുന്ന ഏതാനും മീറ്ററുകൾക്കായുള്ള പ്രവൃത്തി ഇനിയും പുനരാരംഭിച്ചിട്ടില്ല.
അവ കൂടി മുറിച്ചു മാറ്റി കുഴലിനകത്തേക്ക് തൊഴിലാളികളെ കയറ്റിയിരുത്തി ശേഷിക്കുന്ന ഏതാനും മീറ്ററുകൾ അവരുടെ കൈകൊണ്ട് മണ്ണുനീക്കം ചെയ്യിച്ച് ഓഗർ മെഷീൻ കൊണ്ട് കുഴൽ തള്ളിക്കയറ്റാനാണ് പദ്ധതി. അതേസമയം അന്താരാഷ്ട്ര തുരങ്ക വിദഗ്ധൻ ആർണോൾഡ് ഡിക്സ് നിർദേശിച്ച മല താഴോട്ട് തുരന്നുള്ള ബദൽ രക്ഷാദൗത്യം തിങ്കളാഴ്ചയും തുരുകയാണ്. റിഗ് യന്ത്രം ഉപയോഗിച്ച് കിണർ കുഴിക്കും പോലെ 1.2 മീറ്റർ വ്യാസത്തിൽ മലമുകളിൽ നിന്ന് തകർന്ന തുരങ്കം വരെ 84 മീറ്ററാണ് കുഴിക്കാനുള്ളത്. ഞായറാഴ്ച രാത്രിയോടെ 22 മീറ്ററിലധികം കുഴിച്ചിട്ടുണ്ട്.
മഴയുടെ ഭീഷണിയുയർത്തി കാർമേഘം മൂടിക്കെട്ടി നിൽക്കുന്ന അന്തരീക്ഷത്തിലാണ് സിൽക്യാരയിലെ രക്ഷാദൗത്യം തിങ്കളാഴ്ച പുനരാരംഭിച്ചത്. കേന്ദ്ര മന്ത്രി വി.കെ സിങ്ങ്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി പി.കെ മിശ്ര, ഉത്തരഖണ്ഡ് ചീഫ് സെക്രട്ടറി എസ്.എസ് സന്ധു എന്നിവർ രക്ഷാദൗത്യത്തിന്റെ പുരോഗതി വിലയിരുത്താൻ തിങ്കളാഴ്ച തുരങ്കമുഖത്തെത്തി.
ഇത് കൂടാതെ മൂന്നാമത്തെയും നാലാമത്തെയും രക്ഷാ ദൗത്യങ്ങൾ കൂടി തുടങ്ങിവെച്ചുവെന്ന് ദേശീയ പാത പശ്ചാത്തല വികസന അഥോറിറ്റി ചെയർമാൻ മഹ്മൂദ് അഹമ്മദ് ഞായറാഴ്ച അവകാശപ്പെട്ടുവെങ്കിലും സമീപഭാവിയിലൊന്നും പൂർത്തിയാക്കാനാകാത്തതും ഫലപ്രാപ്തിയിലെത്താത്തതുമാണവ. സിൽക്യാര തുരങ്കം ചെന്ന് അവസാനിക്കുന്ന ബാർകോട്ട് ഭാഗത്ത് തോട്ടപൊട്ടിച്ച് തുരങ്കപാത ഒരുക്കുന്നതാണ് മൂന്നാമത്തെ ദൗത്യമായി അവകാശപ്പെടുന്നത്.
ഇത് പൂർത്തിയാകാൻ 40 ദിവസം എടുക്കും. യഥാർഥത്തിൽ തുരങ്കത്തിന്റെ മറുഭാഗത്ത് പൂർത്തിയാക്കാനുള്ള നിർമാണ പ്രവർത്തനമാണ് സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള തുരങ്കപാതയൊരുക്കലായി അവകാശപ്പെടുന്നത്. മലയുടെ ഒരു പാർശ്വഭാഗത്ത് നിന്നും മറ്റൊരു തുരങ്ക പാത തുരക്കുന്നുണ്ടെന്നാണ് നാലാമത്തെ രക്ഷാദൗത്യമായി മേധാവി അവകാശപ്പെട്ടത്. ആ ഭാഗത്ത്കുറച്ച് കോൺഗ്രീറ്റ് ഇടുക മാത്രമേ ഇപ്പോൾ ചെയ്തിട്ടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.