ഉത്തരകാശി തുരങ്കം അപകടം: രക്ഷാപ്രവർത്തനം വൈകുന്നു; പ്രതിഷേധവുമായി തൊഴിലാളികൾ
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ചാർധാം പാതയിൽ നിർമാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞുവീണ് 40 തൊഴിലാളികൾ കുടുങ്ങിയ സംഭവത്തിൽ രക്ഷാപ്രവർത്തനം വൈകുന്നു. 900 എം.എം സ്റ്റീൽ പൈപ്പ് ഉപയോഗിച്ച് തൊഴിലാളികളെ പുറത്തെത്തിക്കാനാണ് നീക്കം നടക്കുന്നത്. എന്നാൽ, ഡ്രില്ലിങ് മെഷിൻ തകരാർ മൂലം ഇതിനുള്ള പ്രവർത്തനങ്ങളിൽ തടസം നേരിടുകയാണെന്നാണ് റിപ്പോർട്ട്. മറ്റൊരു ഡ്രില്ലിങ് മെഷിൻ സ്ഥലത്തെത്തിച്ച് രക്ഷാപ്രവർത്തനം പുനഃരാരംഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
എയർഫോഴ്സ് ഹെലികോപ്ടറിൽ ഡ്രില്ലിങ് മെഷിനുകൾ എത്തിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തുരങ്കത്തിൽ വീണ്ടും മണ്ണിടിഞ്ഞത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു. അതേസമയം, രക്ഷാപ്രവർത്തനം വൈകുന്നതിൽ പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തെത്തി. നിർമാണം നടക്കുന്ന ടണലിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച തൊഴിലാളികളെ പൊലീസെത്തിയാണ് തടഞ്ഞത്.
തൊഴിലാളികളെ രക്ഷപ്പെടുത്താനായി തുരങ്കത്തിൽ അടിഞ്ഞുകൂടിയ മണ്ണിനുള്ളിലൂടെ വലിയ വ്യാസമുള്ള ഇരുമ്പു പൈപ്പുകൾ കടത്തിവിടുന്ന ജോലികൾ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. 900 എം.എം ആണ് ഈ പൈപ്പുകളുടെ വ്യാസം. ഇത് ഡ്രില്ലിങ് ഉപകരണം വെച്ച് ഒന്നിനുപിറകെ ഒന്നായി ബന്ധിപ്പിച്ച് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന ഇടംവരെ എത്തിക്കാനാണ് പദ്ധതി. ശേഷം ഈ പൈപ്പുവഴി തൊഴിലാളികൾക്ക് പുറത്തുകടക്കാനാകും. പ്രത്യേക ട്യൂബ് വഴി ഓക്സിജനും വെള്ളവും ഭക്ഷണവും മരുന്നുമെല്ലാം എത്തിച്ചതിനാൽ എല്ലാവരും സുരക്ഷിതരാണ്. ഉള്ളിൽ കുടുങ്ങിയ ഗബ്ബാർ സിങ് നേഗി എന്നയാളുടെ മകനെ പിതാവുമായി ഏതാനും സെക്കൻഡുകൾ സംസാരിക്കാൻ കഴിഞ്ഞദിവസം അനുവദിച്ചു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പിതാവ് പറഞ്ഞതായി ആകാശ് സിങ് നേഗി വാർത്താ ഏജൻസിയോട് പറഞ്ഞു. ബ്രഹ്മകാൽ-യമുനോത്രി ദേശീയപാതയിൽ സിൽകയാരക്കും ദണ്ഡൽഗാവിനും ഇടയിൽ ഞായറാഴ്ച രാവിലെയാണ് തുരങ്കകവാടം ഇടിഞ്ഞ് തൊഴിലാളികൾ അകപ്പെട്ടത്. സിൽകയാര ഭാഗത്തുനിന്ന് തുടങ്ങുന്ന ടണലിൽനിന്ന് 270 മീറ്റർ ഉള്ളിൽ 30 മീറ്ററാണ് ഇടിഞ്ഞത്. ബുധനാഴ്ച രാത്രിയോടെ തൊഴിലാളികളെ രക്ഷിക്കാമെന്ന നിഗമനത്തിലാണ് അധികൃതരെന്ന് ദുരന്തനിവാരണ വിഭാഗം സെക്രട്ടറി രഞ്ജിത് കുമാർ സിൻഹ പറഞ്ഞു. എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, ഐ.ടി.ബി.എഫ്, ബി.ആർ.ഒ, ആർ.എ.എഫ് എന്നീ വിഭാഗങ്ങളിൽനിന്നുള്ള 160 അംഗ സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.