ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയത് ഹിന്ദുകോഡ്; അത് എല്ലാവർക്കും ബാധകമാക്കുന്നു -ഉവൈസി
text_fieldsഹൈദരാബാദ്: ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയത് ഹിന്ദുകോഡാണെന്ന വിമർശനവുമായി എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. ഹിന്ദുകോഡിനെ എല്ലാ സമുദായങ്ങൾക്കും ബാധകമാക്കുകയാണ് ചെയ്തതെന്നും ഉവൈസി പറഞ്ഞു.
ഉത്തരാഖണ്ഡ് സർക്കാറിന്റെ ഏകസിവിൽകോഡ് ബിൽ ഹിന്ദുക്കൾക്കും ഗോത്രവിഭാഗങ്ങൾക്കും ഇളവുകൾ അനുവദിക്കുന്നുണ്ട്. എന്നാൽ, മുസ്‍ലിംകളെ വ്യത്യസ്ത മതവും സംസ്കാരവും പിന്തുടരുന്നതിന് നിർബന്ധിക്കുകയാണ്. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് തന്റെ മതം പിന്തുടരുന്നതിന് അവകാശമുണ്ട്. അനന്തരാവകാശവും വിവാഹവും മതപരമായ ആചാരത്തിന്റെ ഭാഗമാണ്. മറ്റൊരു വ്യവസ്ഥ പിന്തുടരാൻ തങ്ങളെ നിർബന്ധിക്കുന്നത് ആർട്ടിക്കിൾ 25,29 എന്നിവയുടെ ലംഘനമാണെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
ഗോത്രവിഭാഗങ്ങളെ ബില്ലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ബില്ലിനെ ഏക നിയമമെന്നും വിളിക്കാനാവില്ല. ശരീഅത്ത്, ഹിന്ദുവിവാഹനിയമം, എസ്.എം.എ, ഐ.എസ്.എ തുടങ്ങിയവക്ക് വിരുദ്ധമാണ് ബില്ലെന്നും ഉവൈസി കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡ് കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് ബിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും ഉവൈസി കുറ്റപ്പെടുത്തി. പ്രളയം മൂലം 1,000 കോടിയുടെ നഷ്ടം ഉത്തരാഖണ്ഡിനുണ്ടായെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. 17,000 ഹെക്ടർ കൃഷിയാണ് പ്രളയത്തിൽ നശിച്ചത്. ഇത്രയൊക്കെ നഷ്ടമുണ്ടായ സാഹചര്യത്തിലും ഏകസിവിൽകോഡ് ബിൽ എന്തിനാണ് അവതരിപ്പിക്കുന്നതെന്ന് ആരും ഉത്തരാഖണ്ഡ് സർക്കാറിനോട് ചോദിക്കുന്നില്ലെന്നും ഉവൈസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.