ഏക സിവിൽ കോഡ്: ബിൽ ഗവർണറുടെ മുന്നിലേക്ക്, കോടതിയിലേക്കും
text_fieldsന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ഏക സിവിൽ കോഡ് ഗവർണർ അംഗീകരിക്കുന്ന മുറക്ക് ഉത്തരഖണ്ഡിൽ നടപ്പാക്കാൻ തടസ്സമില്ലെന്ന് ഭരണഘടന വിദഗ്ധനും ലോക്സഭ മുൻ സെക്രട്ടറി ജനറലുമായ പി.ഡി.ടി ആചാരി.
വിവാദപരമാണ് നിയമനിർമാണമെന്ന് തോന്നുന്ന പക്ഷം അംഗീകാരത്തിനായി രാഷ്ട്രപതിക്ക് അയക്കാനും ഗവർണർക്ക് കഴിയും. അങ്ങനെ ചെയ്താൽ, അംഗീകാരം കിട്ടുന്നതുവരെ സംസ്ഥാന സർക്കാറിന് കാത്തിരിക്കേണ്ടിവരും. എന്നാൽ, കേന്ദ്രവും സംസ്ഥാനവും ബി.ജെ.പി ഭരിക്കുന്ന സാഹചര്യത്തിൽ, വിവാദപരമായ ബില്ലിനു മുന്നിൽ ഗവർണറോ രാഷ്ട്രപതിയോ കടമ്പ സൃഷ്ടിക്കാനുള്ള സാധ്യത വിരളം.
വിവാദ നിയമനിർമാണത്തെ എതിർക്കുന്നവർക്ക് ഹൈകോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാൻ അവസരമുണ്ട്. ഭരണഘടന ഏക സിവിൽ കോഡിന് എതിരല്ലെന്നിരിക്കെ, ഭരണഘടനാപരമായ തങ്ങളുടെ അവകാശം ഈ നിയമനിർമാണത്തിലൂടെ നിഷേധിക്കപ്പെടുന്നുവെന്ന് ഹരജിക്കാർക്ക് കോടതിയെ ബോധ്യപ്പെടുത്താൻ കഴിയണം. ഭരണഘടനയുടെ 25, 29 അനുഛേദങ്ങൾക്ക് വിരുദ്ധമാണെന്ന് സ്ഥാപിക്കാൻ സാധിക്കണം.
ഭരണഘടന പ്രകാരം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരേപോലെ നിയമനിർമാണ അവകാശമുള്ള സമാവർത്തി പട്ടികയിൽപെടുന്ന വിഷയമാണിത്.
അതുകൊണ്ട് കേന്ദ്രം ഏക സിവിൽ കോഡ് കൊണ്ടുവന്നാൽ സംസ്ഥാന നിയമം അസാധുവാകില്ല. അതേസമയം, കേന്ദ്രം നിയമം കൊണ്ടുവന്നു കഴിഞ്ഞാൽ സംസ്ഥാന നിയമത്തിലെ വ്യവസ്ഥകൾ നിലനിൽക്കില്ല.
ഗോവയിൽ പൊതു സിവിൽ കോഡ് പോർച്ചുഗീസ് കോളനിവാഴ്ചക്കാലം തൊട്ടേ പ്രാബല്യത്തിലുണ്ട്. സ്വതന്ത്ര ഇന്ത്യ കോളനിക്കാല നിയമങ്ങൾ മിക്കതും അതേപടി സ്വീകരിച്ച കൂട്ടത്തിൽ ഗോവയിലെ ഈ നിയമവ്യവസ്ഥകൾ നിലനിർത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.