ഉത്തരാഖണ്ഡ് ഏക സിവിൽ കോഡ്: പ്രധാന വ്യവസ്ഥകൾ...
text_fields⊿വിവാഹം
- വിവാഹ സമയത്ത് ദമ്പതികളിലാർക്കും ജീവിച്ചിരിക്കുന്ന മറ്റൊരു പങ്കാളി ഉണ്ടാകരുത്.
- വിവാഹത്തിന് പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂർത്തിയായിരിക്കണം
- സ്വന്തം മതാചാരപ്രകാരം വിവാഹ ചടങ്ങ് നടത്താം
- ബഹുഭാര്യത്വം ബിൽ നിരോധിക്കുന്നു
⊿വിവാഹ മോചനം
- കോടതികൾ അനുവദിക്കുന്ന വിവാഹ മോചനങ്ങൾ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രജിസ്റ്റർ ചെയ്യണം
- സ്ത്രീക്കും പുരുഷനും വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാം
- ഭർത്താവ് ബലാത്സംഗത്തിനിരയാക്കുകയോ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്താലോ ഒന്നിലധികം ഭാര്യമാരുണ്ടെങ്കിലോ സ്ത്രീക്ക് വിവാഹമോചനം തേടാം
- സവിശേഷ സാഹചര്യങ്ങളിൽ ഒഴികെ ദമ്പതികൾക്ക് വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനകം വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കാൻ കഴിയില്ല
⊿അനന്തരാവകാശം
- ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ സ്വത്തവകാശം
- ദത്തെടുത്ത കുട്ടികൾക്കും സ്വന്തം മക്കൾക്കും തുല്യപരിഗണന
- ഒരു വ്യക്തി മരിച്ചാൽ പങ്കാളിക്കും മക്കൾക്കും മാതാപിതാക്കൾക്കും തുല്യ സ്വത്തവകാശം
വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കൾ, പിന്തുടർച്ചാവകാശം എന്നിവയിൽ എല്ലാ പൗരൻമാർക്കും മതഭേദമില്ലാതെ ഒരേ നിയമം വ്യവസ്ഥ ചെയ്യുന്നതാണ് ഉത്തരാഖണ്ഡ് സർക്കാർ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ഏക സിവിൽ കോഡ് ബിൽ. പട്ടിക വർഗ വിഭാഗങ്ങളെയും ഭരണഘടനയുടെ 21ാം ഭാഗമനുസരിച്ച് ആചാരപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന വ്യക്തികളെയും ബില്ലിെന്റ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യമാകെ നടപ്പാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ച ഏക സിവിൽ കോഡിന്റെ ആദ്യ പരീക്ഷണമാണ് ഉത്തരാഖണ്ഡിലേത്.
മുസ്ലിം സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും ദത്തവകാശം ഉറപ്പുനൽകുന്ന ബിൽ, വിവാഹമോചനം നേടുകയോ ഭർത്താവ് മരിക്കുകയോ ചെയ്ത മുസ്ലിം സ്ത്രീകൾ അനുഷ്ഠിക്കുന്ന നികാഹ് ഹലാല (ചടങ്ങുകല്യാണം), ഇദ്ദ എന്നിവയും ബഹുഭാര്യത്വവും നിരോധിക്കാനും വ്യവസ്ഥചെയ്യുന്നു. ബിൽ പാസായാൽ, സ്വാതന്ത്ര്യത്തിനുശേഷം ഇത്തരത്തിലൊരു നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. പോർച്ചുഗീസ് ഭരണം മുതൽ ഗോവയിൽ സമാന നിയമം നിലവിലുണ്ട്.
ബിൽ പ്രകാരം വിവാഹവും ലിവ് ഇൻ ബന്ധങ്ങളും രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാണ്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവർ (ലിവ് ഇൻ ബന്ധം) ഒരു മാസത്തിനകം തങ്ങളുടെ താമസ പരിധിയിലുള്ള രജിസ്ട്രാർക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. ഒരുമിച്ച് കഴിയുന്നവരിൽ ഒരാൾ പ്രായപൂർത്തി ആകാത്തയാളാണെങ്കിൽ രജിസ്ട്രേഷൻ അനുവദിക്കില്ല. നിർബന്ധിച്ചോ തെറ്റിദ്ധരിപ്പിച്ചോ അന്യായമായ സ്വാധീനം ചെലുത്തിയോ ആണ് പങ്കാളിയുടെ സമ്മതം വാങ്ങിയതെങ്കിൽ അത്തരം ബന്ധവും രജിസ്റ്റർ ചെയ്യില്ല. രജിസ്ട്രേഷൻ നടത്താതെ ഒരു മാസത്തിലധികം ഒരുമിച്ച് കഴിഞ്ഞാൽ മൂന്നു മാസം വരെ തടവോ 10,000 രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ലിവ് ഇൻ ബന്ധത്തിലെ പങ്കാളി ഉപേക്ഷിച്ച് പോവുകയാണെങ്കിൽ സ്ത്രീക്ക് ജീവനാംശം തേടി കോടതിയെ സമീപിക്കാം. ഇത്തരം ബന്ധത്തിൽ ജനിക്കുന്ന കുട്ടിക്ക് നിയമപരമായ എല്ലാ അവകാശങ്ങളുമുണ്ടാകും.
സാധാരണ വിവാഹങ്ങൾ 60 ദിവസത്തിനകം രജിസ്റ്റർ ചെയ്യണമെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു. അല്ലാത്തപക്ഷം 20,000 രൂപവരെ പിഴ ചുമത്തും. 2010 മാർച്ച് 26നുശേഷമുള്ള എല്ലാ വിവാഹങ്ങളും ആറുമാസത്തിനകം രജിസ്റ്റർ ചെയ്യണം. അതേസമയം, രജിസ്റ്റർ ചെയ്യാത്ത കാരണത്താൽ വിവാഹം അസാധുവാകില്ലെന്നും ബിൽ വ്യക്തമാക്കുന്നു.
പ്രതീകാത്മക നടപടിയായി ഭരണഘടനയുടെ ആദ്യ പതിപ്പുമായി നിയമസഭയിൽ എത്തിയ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയാണ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേ മാതരം’, ജയ് ശ്രീ റാം’വിളികളോടെയാണ് ഭരണപക്ഷം ബിൽ അവതരണത്തെ സ്വീകരിച്ചത്. ബിൽ അവതരിപ്പിച്ച്, ചർച്ച ചെയ്ത് പാസാക്കിയതായാണ് ആദ്യം പ്രസിദ്ധീകരിച്ച സഭാ നടപടി പട്ടികയിൽ പറഞ്ഞത്.
എന്നാൽ, ബിൽ പഠിക്കാനും അഭിപ്രായം അറിയിക്കാനും കൂടുതൽ സമയം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത് പരിഗണിച്ച് സ്പീക്കർ റിതു ഖണ്ഡൂരി ഇത് പിന്നീട് തിരുത്തി. ചർച്ച കൂടാതെ ബിൽ പാസാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യ ആരോപിച്ചു. ബില്ലിനെക്കുറിച്ച് പഠിക്കാൻ ആവശ്യത്തിന് സമയം അനുവദിക്കുമെന്ന് സ്പീക്കർ ഉറപ്പുനൽകിയതോടെയാണ് പ്രതിപക്ഷം ശാന്തരായത്. ഉത്തരാഖണ്ഡിൽ താമസിക്കുന്നവർക്കും സംസ്ഥാനത്തിനു പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശികൾക്കും നിയമം ബാധകമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.