ഏക സിവിൽകോഡ് സാമൂഹിക സൗഹാർദം വർധിക്കുമെന്ന് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏക സിവിൽകോഡ് നടപ്പാക്കുന്നതിനെ അനുകൂലിച്ച് മുൻമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ തിരത്ത് സിങ് റാവത്ത്. ഏക സിവിൽകോഡ് നടപ്പാക്കുന്നതിലൂടെ ആരുടേയും അവകാശങ്ങൾ ഹനിക്കുകയോ മതവികാരം വ്രണപ്പെടുകയോ ചെയ്യുന്നില്ല. ഏക സിവിൽകോഡ് എല്ലാവർക്കും സുരക്ഷിതത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഏക സിവിൽകോഡ് നടപ്പാക്കുന്നതിനായി സമിതിയെ നിയമിക്കും എന്ന മുഖ്യമന്ത്രി പുഷ്കർ സിങ് ദാമിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് റാവത്തിന്‍റെ പ്രതികരണം.
ഇതൊരു സുപ്രധാന തീരുമാനമാണെന്നും, ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നതിലൂടെ മതവികാരം വ്രണപ്പടുമെന്നും അവകാശങ്ങൾ ഇല്ലാതാവുമെന്നുമുള്ള വാദങ്ങൾ തെറ്റാണെന്നും ആരുടേയും അവകാശങ്ങൾ ഇല്ലാതാക്കുന്നില്ലെന്നും തിരത്ത് സിങ് റാവത്ത് അഭിപ്രായപ്പെട്ടു.
'ഏക സിവിൽകോഡ് നടപ്പാക്കുന്നത് സാമൂഹിക സൗഹാർദം വർധിപ്പിക്കും. എല്ലാവരും ഒരൊറ്റ നിയമത്താൽ ഭരിക്കപ്പെടും. ആരും മറ്റൊരാളുടെ വികാരങ്ങളെ വ്രണപ്പടുത്തില്ല. ഇത് നടപ്പാകുന്നതിലൂടെ നിർബന്ധിത മതംമാറ്റത്തിന് അവസാനമുണ്ടാവും'-റാവത്ത് പറഞ്ഞു.
രാജ്യവ്യാപകമായി ഏക സിവിൽകോഡ് നടപ്പിലാക്കേണ്ടത് ആവശ്യമാണെന്നും മറ്റ് സംസ്ഥാനങ്ങളും വരും ദിവസങ്ങളിൽ ഏക സിവിൽകോഡ് നടപ്പാക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഏക സിവിൽകോഡ് നടപ്പാക്കുമെന്നത് ബി.ജെ.പി യുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കരട് തയ്യാറാക്കുന്നതിനായി സമിതിയും രൂപീകരിച്ചു. റിട്ട. സുപ്രിംകോടതി ജഡ്ജി രഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. നേരത്തെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം ഥാക്കൂറും ഏക സിവിൽകോഡ് നടപ്പാക്കുമെന്ന് പ്രസ്താവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.