മദ്റസകളിൽ രാമായണം പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മദ്റസകളിൽ രാമായണവും രാമനെക്കുറിച്ചുള്ള പാഠങ്ങളും പഠിപ്പിക്കുമെന്ന് സംസ്ഥാന വഖഫ് ബോർഡ്. ആദ്യഘട്ടത്തിൽ മാർച്ച് മുതൽ ഡെറാഡൂൺ, ഹരിദ്വാർ, ഉദ്ദം സിങ് നഗർ, നൈനിറ്റാൾ എന്നിവിടങ്ങളിലെ നാല് മദ്റസകളിലാണ് തുടങ്ങുകയെന്ന് ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർപേഴ്സനുമായ ഷദബ് ഷംസ് പറഞ്ഞു. തുടർന്ന് വഖഫ് ബോർഡ് നടത്തുന്ന മറ്റ് സ്ഥാപനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.
“ഞങ്ങൾ ഔറംഗസീബിനെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കില്ല. രാമനെ കുറിച്ചും നമ്മുടെ വിശുദ്ധ പ്രവാചകൻമാരെകുറിച്ചും പഠിപ്പിക്കും. അറബികളോ അഫ്ഗാനികളോ മുഗളന്മാരോ അല്ല, ഇന്ത്യക്കാരാണ് ഞങ്ങൾ. നമ്മുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും ഊന്നൽ നൽകും. യുദ്ധം ചെയ്യുകയോ അതിന് കാരണക്കാരാവുകയോ ചെയ്യില്ല. ഭയപ്പെടുകയുമില്ല. മനോഹരമായ ഭാരതം സൃഷ്ടിക്കുന്നതിൽ നമ്മുടെ പങ്ക് വഹിക്കും” -അദ്ദേഹം പറഞ്ഞു.
പാഠ്യപദ്ധതി നവീകരണവും നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) സിലബസുമായി യോജിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് പറയുന്നത്. സാംസ്കാരിക വൈവിധ്യത്തെ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി സൃഷ്ടിക്കുക എന്നതാണ് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ലക്ഷ്യമിടുന്നതെന്നും ഷദബ് പറഞ്ഞു.
മദ്റസ പാഠ്യപദ്ധതിയിൽ ഇംഗ്ലീഷിനൊപ്പം സംസ്‌കൃതവും അറബിയും ഉൾപ്പെടുത്തുമെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഉത്തരാഖണ്ഡിൽ 415 മദ്റസകളാണുള്ളത്. ഇതിൽ 117 എണ്ണം സംസ്ഥാന വഖഫ് ബോർഡിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.