ഉത്തരകാശി ഹിന്ദു മഹാപഞ്ചായത്ത് റദ്ദാക്കി
text_fieldsന്യൂഡൽഹി: മുസ്‍ലിംകൾ ഒഴിഞ്ഞുപോകണമെന്ന അന്ത്യശാസനവുമായി ഉത്തരകാശിയിലെ പുരോലയിൽ ഹിന്ദുത്വ തീവ്രവാദ സംഘടനകൾ പ്രഖ്യാപിച്ച ഹിന്ദു മഹാപഞ്ചായത്ത് റദ്ദാക്കി. തെഹ്‍രി ഗഡ്‍വാളിൽ നിന്ന് 10 ദിവസത്തിനകം മുസ്‍ലിംകൾ ഒഴിഞ്ഞുപോകാൻ നടപടിയുണ്ടാകണമെന്ന് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ജില്ല മജിസ്ട്രേറ്റിന് അന്ത്യശാസനം നൽകിയിരുന്നു.
തുടർന്ന് ഈ സംഘടനകൾക്കെതിരെ വിദ്വേഷ കുറ്റകൃത്യത്തിന് കേസെടുക്കാൻ നിർദേശം നൽകണമെന്ന അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സി(എ.പി.സി.ആർ)ന്റെ ആവശ്യം നിരാകരിച്ച ഹൈകോടതി ഇക്കാര്യത്തിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലെ വിദ്വേഷ പ്രചാരണം തടയാനുള്ള സുപ്രീംകോടതി നിർദേശങ്ങൾ നടപ്പാക്കാത്തത് സംബന്ധിച്ച എ.പി.സി.ആറിന്റെ പരാതിക്ക് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സമയം നൽകിയ ഹൈകോടതി മൂന്നാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. മഹാപഞ്ചായത്ത് തടയണമെന്ന് ആവശ്യപ്പെട്ട് എ.പി.സി.ആർ സമർപ്പിച്ച വ്യാഴാഴ്ച ഉത്തരാഖണ്ഡ് ഹൈകോടതി അടിയന്തരമായി പരിഗണിച്ചപ്പോഴാണ് ഹിന്ദുത്വ സംഘടനകൾ മഹാപഞ്ചായത്ത് റദ്ദാക്കിയ വിവരം സംസ്ഥാന അഡ്വക്കറ്റ് ജനറൽ എസ്.എൻ. ബാബുൽകർ ഹൈകോടതിയെ അറിയിച്ചത്. ഈ ചുവടുവെപ്പിനെ അഭിനന്ദിക്കുകയാണെന്നും സമാധാനം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് സൻഖിയും ജസ്റ്റിസ് രാകേഷ് തപ്‍ലിയാലും അടങ്ങുന്ന ബെഞ്ച് പ്രതികരിച്ചു.
പ്രശ്നം മഹാപഞ്ചായത്തിനപ്പുറം പോയിട്ടുണ്ടെന്നും മേഖലയിലെ മുസ്‍ലിംകൾ സാമൂഹികവും സാമ്പത്തികവുമായ ഭീഷണി നേരിടുകയാണെന്നും എ.പി.സി.ആറിന് വേണ്ടി അഡ്വ. ഷാരൂഖ് ആലം ബോധിപ്പിച്ചു. ‘മുസ്‍ലിം സമുദായ അംഗങ്ങൾ 10 ദിവസത്തിനകം പ്രദേശം കാലിയാക്കിയില്ലെങ്കിൽ പ്രദേശത്തെ വ്യാപാരികളും ബജ്റംഗ്ദളും വിശ്വ ഹിന്ദുപരിഷത്തും പ്രക്ഷോഭം നടത്തുമെന്ന് തെഹ്‍രി ഗഡ്‍വാൾ ജില്ല മജിസ്ട്രേറ്റിനെ എഴുതി അറിയിച്ചത് ഷാരൂഖ് ആലം കോടതിയിൽ വായിച്ചുകേൾപ്പിച്ചു.
ക്രമസമാധാനം കാത്തുസൂക്ഷിക്കുകയെന്നത് ഭരണകൂടത്തിന്റെ പരമമായ ഉത്തരവാദിത്തമാണെന്നും സമാധാനഭംഗം സംഭവിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും ഹൈകോടതി ഉത്തരാഖണ്ഡ് സർക്കാറിനെ ഓർമിപ്പിച്ചു. വിദ്വേഷ പ്രചാരണം നടത്തിയവർക്കെതിരെ വിശ്വഹിന്ദു പരിഷത്തിനും ബജ്റംഗ്ദളിനുമെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകണമെന്ന എ.പി.സി.ആറിന്റെ ആവശ്യം തള്ളിയ കോടതി സർക്കാറിനോട് ഹരജിക്ക് മറുപടി സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് പ്രതികരിച്ചു. പലരുടെയും വിദ്വേഷ പ്രസംഗങ്ങൾ മൂലം വെറുപ്പിന്റെ അന്തരീക്ഷം വളരുന്നത് ഹരജിക്കാരൻ ഉന്നയിച്ചുവെന്നും വിദ്വേഷ പ്രചാരണത്തിനെതിരെ സ്വമേധയാ കേസെടുക്കാൻ നേരത്തെ സുപ്രീംകോടതി ഉത്തരാഖണ്ഡ് ഡി.ജി.പിക്ക് നിർദേശം നൽകിയതാണെന്നും തുടർന്ന് പുറപ്പെടുവിച്ച ഉത്തരവിൽ ഹൈകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.