ഉത്തരകാശി തുരങ്ക അപകടം; അമ്മ പേടിക്കേണ്ട, ഞാനിവിടെ സുഖമായിരിക്കുന്നു
text_fieldsസിൽക്യാര (ഉത്തരകാശി): തുരങ്കത്തിലേക്കിറക്കിയ എൻഡോസ്കോപിക് കാമറ നോക്കി ജയദേവ് പറഞ്ഞു: ‘‘അമ്മ ഭയപ്പെടേണ്ട, ഞാനിവിടെ സുഖമായിരിക്കുന്നു. അമ്മ സമയത്തിന് ഭക്ഷണം കഴിച്ചോളൂ.’’
കാമറക്ക് മുന്നിൽ ആശയവിനിമയത്തിന് ഒരവസരം ലഭിച്ചപ്പോൾ തന്നെയോർത്ത് അമ്മ നേരത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നുണ്ടോ എന്നായിരുന്നു ദിവസങ്ങളായി തുരങ്കത്തിൽ കുടുങ്ങിക്കിടന്ന ജയദേവിന്റ ആധി. കഴിഞ്ഞ രണ്ടുദിവസം കൊണ്ടാണ് എല്ലാറ്റിലും വലിയ പുരോഗതിയുണ്ടായതെന്ന് രക്ഷാദൗത്യത്തിന്റെ അന്ത്യഘട്ടത്തിൽ ബുധനാഴ്ച രാത്രി തൊഴിലാളികൾ തുരങ്കത്തിൽനിന്ന് പുറത്തുവരുന്നത് കാത്തിരിക്കുന്ന ഉത്തരകാശി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീപക് ബിജൽവാൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
കാമറ നോക്കിയുള്ള ആശയവിനിമയം സാധ്യമായതോടെ തന്നെ പ്രതീക്ഷയറ്റ കാത്തിരിപ്പിന് ആവേശപൂർവമായ ഗതിവേഗം കൈവന്നു. അതുവരെ തുരങ്കത്തിനകത്ത് കുടുങ്ങിയവർ കുഴലിലൂടെയായിരുന്നു പുറത്തുള്ളവരോട് സംസാരിച്ചത്. തുരങ്കത്തിനകത്തുള്ള തൊഴിലാളികൾ സുരക്ഷിതരായിരിക്കുന്നത് എല്ലാവരും കണ്ടു. അതോടെ പുറത്ത് ആംബുലൻസുകൾ തയാറാക്കി നിർത്തി.
ഡോക്ടർമാരെ വിന്യസിക്കുകയും ചെയ്തു. തുരങ്കത്തിനുള്ളിലേക്ക് കുഴലിലൂടെ അയച്ചുകൊടുക്കുന്നത് ഡോക്ടർമാർ നിർദേശിക്കുന്ന ഭക്ഷണമാണ്. കുറെ നാളുകളായി ആഹാരം കിട്ടാതെ വിശന്ന് കിടക്കുന്ന വയറിൽ ദഹനം എളുപ്പമാക്കാൻ കിച്ചടിയും ഗോതമ്പ് നുറുക്കും പോലുള്ള ഭക്ഷണങ്ങളാണ് ആദ്യം നൽകിയത്.
ഭക്ഷണം അയച്ചുതുടങ്ങിയതിന് പിന്നാലെ കുഴലുകളിറക്കുന്നതിലും പുരോഗതി കൈവരിച്ചുവെന്ന് ദീപക് ബിജൽവാൻ പറഞ്ഞു. ബുധനാഴ്ച രാത്രിയോടെ കുഴലുകളിറക്കുന്ന പ്രവൃത്തി പൂർത്തിയായി. മുഖ്യമന്ത്രി തുരങ്കത്തിൽനിന്ന് ഏറെ ദൂരെയല്ലാത്തിടത്ത് ക്യാമ്പ് ചെയ്യുകയാണ്.
എൻ.ഡി.ആർ.എഫ് സേനാംഗങ്ങൾ രാത്രി എട്ടുമണിയോടെ കുഴലിലേക്കിറങ്ങിയിട്ടുണ്ട്. 41 പേരെയും സുരക്ഷിതമായി എത്തിക്കാനുള്ള എല്ലാ തടസ്സങ്ങളു നീക്കിയ ശേഷമാകും തൊഴിലാളികളെ പുറത്തേക്ക് കൊണ്ടുവരുക. വ്യാഴാഴ്ച പുലരും മുമ്പ് എല്ലാവരും പുറത്തെത്തുന്ന തരത്തിലാണ് കാര്യങ്ങൾ നീക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.