സിൽക്യാര തുരങ്കത്തിലെ രക്ഷാപ്രവർത്തനം: അന്ത്യഘട്ടത്തിലെ തടസത്താൽ വീണ്ടും നീണ്ടു
text_fieldsസിൽക്യാര (ഉത്തരകാശി): തൊഴിലാളികൾക്ക് പുറത്തുകടക്കാൻ ഒരുക്കുന്ന കുഴൽപാതക്ക് അന്ത്യഘട്ടത്തിലുണ്ടാകുന്ന തടസങ്ങൾ മൂലം സിൽക്യാര തുരങ്കത്തിലെ രക്ഷാദൗത്യം വീണ്ടും നീണ്ടു. ബുധനാഴ്ച തടസം ഉണ്ടാക്കിയ സ്റ്റീൽ പൈപ്പ് നീക്കി വ്യാഴാഴ്ച രാവിലെ കുഴൽ കയറ്റുന്ന പ്രവൃത്തി പുനരാരംഭിച്ചുവെങ്കിലും ഒന്നരമീറ്റർ പിന്നിട്ട ശേഷം വീണ്ടും നിർത്തി വെച്ചു.
അതേ സമയം തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള കുഴൽ പാതക്കായി കൂടുതൽ ഇരുമ്പു കുഴൽ കയറ്റുമെന്നും ദേശീയ ദുരന്ത നിവാരണ സേന ഡയറക്ടർ ജനറൽ അതുൽ കഡ്വാൾ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് ഇവർ പുറത്തുകടക്കാനായെന്ന് കരുതിയ അന്ത്യഘട്ടത്തിൽ അപ്രതീക്ഷിത തടസം നേരിട്ട സാഹചര്യത്തിലാണ് ഈ നടപടി.
തുരങ്കത്തിനിടയിൽ മലയിടിഞ്ഞു മണ്ണടിഞ്ഞ 60 മീറ്റർ ഭാഗത്തേക്ക് ഒരു കുഴൽ കൂടി അധികം കയറ്റുകയാണെന്നും അതിനുള്ള സമയം കൂടി കണക്കിലെടുത്താൽ വ്യാഴാഴ്ച രാത്രിയോടെ മാത്രമേ ദൗത്യം പൂർത്തിയാക്കാനാകൂ എന്നും അതുൽ കഡ്വാൾ അറിയിച്ചു. 60 മീറ്റർ കണക്കാക്കി കുഴലിറക്കിയാൽ രക്ഷാദൗത്യത്തിന് പ്രയാസമുണ്ടാകുമെന്നും കുഴൽ പാത അൽപം അധികമായാൽ അത് മുറിച്ചുമാറ്റാമെന്നും അതുൽ കഡ്വാൾ വ്യക്തമാക്കി. ഇന്ന് രാത്രിയോടെ എല്ലാം പൂർത്തിയാക്കി 41 തൊഴിലാളികളെയും പുറത്തെത്തിക്കാമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ നിർമിത ഓഗർ മെഷീനുപയോഗിച്ചാണ് മണ്ണ് തുരന്ന് ഇരുമ്പു കുഴൽ കയറ്റി കൊണ്ടിരിക്കുന്നത്. കുഴൽ പാതയിലൂടെ നിരങ്ങി നീങ്ങി തൊഴിലാളികളെ പുറത്തു കൊണ്ടുവരേണ്ടത് എങ്ങിനെയെന്ന് ദുരന്ത നിവാരണ സേനാംഗങ്ങൾക്ക് വ്യാഴാഴ്ചയും റിഹേഴ്സൽ നൽകി.
ബുധനാഴ്ച പൂർത്തിയാകാതെ പോയ രക്ഷാ ദൗത്യത്തിന്റെ അന്ത്യഘട്ടം ഇന്ന് എന്തായാലും പൂർത്തിയാകുമെന്ന് ഉത്തരഖണ്ഡ് പബ്ളിക് റിലേഷൻ വകുപ്പ് മേധാവി ബൻസീധർ തിവാരിയും അറിയിച്ചു. തൊഴിലാളികളെ കൊണ്ടുപോകാനുള്ള 40 ലേറെ ആംബുലൻസുകൾ അപകട സ്ഥലത്തിന് നിന്നും അൽപമകലെ ഒരുക്കിയ താൽക്കാലി ഹെലിപാഡിനടുത്ത് നിരത്തി നിർത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.