ലവ് ജിഹാദ് ആരോപണം: ഉത്തരകാശിയിൽ കടകൾ ഒഴിയണമെന്ന് നോട്ടീസ്
text_fieldsഡെറാഡൂൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് ലവ് ജിഹാദാണെന്ന ആരോപണങ്ങളെ തുടർന്ന് ഉത്തരാഖണ്ഡിലെ ഉത്തര കാശിയിൽ പ്രശ്നങ്ങൾ രൂക്ഷമായിരിക്കെ, കടകൾ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് പ്രത്യക്ഷപ്പെട്ടു. അജ്ഞാതരായ ആളുകൾ തിങ്കളാഴ്ച രാത്രിയതാണ് ഉത്തരകാശിയിലെ കടകളുടെ ഷട്ടറിന്റെ മേൽ നോട്ടീസ് പതിച്ചത്. ഉത്തര കാശിയിലെ പുരോലയിലാണ് സംഭവം.
കടയുടമകളോട് ജൂൺ 15ന് മുമ്പാകെ ഒഴിഞ്ഞു പോകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഒഴിഞ്ഞുപോയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും നോട്ടീസിൽ ഭീഷണിയുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, ഉത്തരകാശിയിലെ അരക്ഷിതാവസ്ഥ സംബന്ധിച്ച്, ജില്ലയിൽ സമാധാനം സ്ഥാപിക്കുന്നതിനായി നിയമം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമി പറഞ്ഞു. ലവ് ജിഹാദ്, ലാന്റ് ജിഹാദ് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ സമാധാനം തകർക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ ആരെങ്കിലും നടത്തിയാൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
നേരത്തെ, തീവ്ര ഹിന്ദുത്വ സംഘടനകൾ ഉത്തരകാശിയിലെ വിവിധ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പുരോലയിൽ നിന്ന് പ്രായപുർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ യുവാവും കൂട്ടാളികളും ശ്രമിച്ചത് ലവ് ജിഹാദാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സംഭവത്തെ തുടർന്ന് ജൂൺ മൂന്നിന് ചിലർ അടച്ചിട്ട കടകളിലെ ഷട്ടറുകളിൽ കരിഓയിൽ ഒഴിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.