പാത്തും പതുങ്ങിയും മുതലകൾ എത്തുന്നു; പുലിവാല് പിടിച്ച് ജയിലധികൃതർ
text_fieldsഗുജറാത്തിലെ വഡോദരയിൽ വിചിത്രമായൊരു പ്രശ്നം ഉടലെടുത്തിരിക്കുകയാണിപ്പോൾ. മഴക്കാലമായാല്‍ പ്രദേശത്തെ സന്‍സ്‌കാരി നഗരിയിലെ പാതയോരങ്ങളിലൂടെ വളരെ ശ്രദ്ധയോടെ മാത്രമേ നടക്കാനാകൂ. റോഡുകള്‍ കൈയ്യടക്കാന്‍ മുതലകള്‍ എപ്പോഴാണ് എത്തുകയെന്ന് പറയാനാകില്ല. വഡോദരയിലേ സെന്‍ട്രല്‍ ജയിലിലേക്ക് വരെ ഇവ നുഴഞ്ഞുകയറുകയാണ്. ഇതോടെ ജയിൽപ്പുള്ളികൾ തടവ് ചാടുന്നുണ്ടോ എന്നതിനേക്കാൾ മുതലകൾ ജയിലിൽ കയറുന്നുണ്ടോ എന്ന് നോക്കിയിരിക്കേണ്ട അവസ്ഥയിലാണ് ഗാർഡുമാർ.
142 വര്‍ഷം പഴക്കമുള്ള ജയിലാണ് സന്‍സ്‌കാരി നഗരിയിലേത്. വിശ്വാമിത്രി നദിയോട് ചേർന്നാണ് ജയിൽ സ്ഥിതി ചെയ്യുന്നത്. നദിയിൽ മുതലകൾ പെറ്റുപെരുകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണം. കഴിഞ്ഞ ദിവസമാണ് പ്രധാന ഗേറ്റിലെ ഇരുമ്പഴികളില്‍ കൂടി ഒരു മുതലക്കുട്ടി ഉള്ളിലേക്ക് പ്രവേശിച്ചത്. ശേഷം ജയിലിലെ പ്രധാന ഓഫീസിലേക്ക് ഇവ കടക്കുകയും ചെയ്തു.
അർധരാത്രിയായിരുന്നു മുതല ജയിലിനുള്ളിൽ പ്രവേശിച്ചത്. ഓഫീസുനുള്ളിലെ ടേബിളിന്റെ അടിയില്‍ മുതല ഒളിച്ചു. 40 മിനിറ്റലധികമെടുത്താണ് മുതലയെ പുറത്തെടുത്തത്. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ മുതലയെ ഓഫീസില്‍ നിന്ന് പുറത്തെടുത്ത്. തുടർന്ന് അവയെ വിശ്വാമിത്രി നദിയിൽ തുറന്നുവിട്ടു.
നഗരത്തെ രണ്ടായി വിഭജിക്കുന്ന നദിയാണ് വിശ്വാമിത്രി. മുതലകളുടെ പ്രധാന ആവാസ കേന്ദ്രമായ ഇവിടെ 300ലധികം മുതലകളാണ് ഉള്ളത്. അവയില്‍ ഭൂരിഭാഗവും 15 അടിയില്‍ കൂടുതല്‍ നീളമുള്ളവയുമാണ്. മഴക്കാലത്ത് നദിയില്‍ നിന്ന് പുറത്ത് വരുന്ന മുതലകള്‍ സമീപ പ്രദേശത്തെ ജലാശയങ്ങളിലേക്കും എത്തും.
മണ്‍സൂണ്‍ കാലമാകുമ്പോഴേക്കും ജയിലിന് സമീപം നിരവധി മുതലകളാണ് എത്താറുള്ളത്. ഓഫീസില്‍ മുതലയെത്തിയതിന് പിന്നാലെ കര്‍ശന സുരക്ഷാ നിര്‍ദ്ദേശം നല്‍കിയതായി സൂപ്രണ്ട് ഓഫ് പോലീസ് എം.എ. ചൗധരി പറഞ്ഞു. ‘പ്രദേശത്ത് പട്രോളിങ് നടത്തുമ്പോള്‍ മുതലകളെ നിരീക്ഷിക്കണമെന്ന് ഗാര്‍ഡുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്’-ജയിലുദ്യോഗസ്ഥര്‍ പറഞ്ഞു.
ജയിലിലെ പ്രധാന കവാടത്തിലും മതിലുകളിലും നിരവധി പോലീസുകാരാണ് കാവല്‍ നില്‍ക്കുന്നത്. ഇഴജന്തുക്കള്‍ പ്രവേശിക്കുന്ന ജയിലിന്റെ മഴവെള്ളം ഒഴുകുന്ന അഴുക്കുചാലിനടുത്ത് അധികൃതര്‍ ഇരുമ്പ് ഗ്രില്‍ സ്ഥാപിച്ചിരുന്നു. ജയില്‍ വളപ്പില്‍ നിന്ന് ഈ വെള്ളം നദിയിലേക്കാണ് ഒഴുകുന്നത്. ചില മുതലകള്‍ ഈ അഴുക്കുചാലിലൂടെ നീന്തിയാണ് ജയില്‍ വളപ്പിലേക്ക് എത്തുന്നത്. മറ്റ് ചിലത് രാത്രിയില്‍ ജയിലിന്റെ പ്രധാന ഗേറ്റിലൂടെ ഇഴഞ്ഞുകയറും. മണ്‍സൂണ്‍ കാലം ആരംഭിച്ചതോടെ ജയില്‍ വളപ്പിലേക്ക് എത്തുന്ന ഇത്തരം ഇഴജന്തുക്കളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.