ഗുജറാത്തിൽ വർഗീയതയുടെ കനലടങ്ങിയില്ല; ആറു വർഷമായി വീട്ടിൽ കടക്കാനാവാതെ മുസ്ലിം സ്ത്രീ
text_fieldsവഡോദര: കലാപം ആയിരങ്ങളുടെ ജീവനെടുത്ത ഗുജറാത്തിൽ വർഷങ്ങൾ കഴിഞ്ഞിട്ടും വർഗീയതയുടെ കനലടങ്ങിയില്ല. വഡോദരയിലെ മോത്നാഥ് റെസിഡൻസിയിൽ ആറു വർഷം മുമ്പ് സംസ്ഥാന സർക്കാർ അനുവദിച്ച ഫ്ലാറ്റിൽ കടക്കാനാവാതെ ദരിദ്രയായ മുസ്ലിം സ്ത്രീ അധികൃതരുടെ ഇടപെടൽ തേടുന്നു. പ്രദേശം ഹിന്ദു ഭൂരിപക്ഷ മേഖലയാണെന്നും കെട്ടിടസമുച്ചയത്തിലെ ഫ്ലാറ്റിൽ ന്യൂനപക്ഷ സമുദായക്കാരിയെ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞാണ് ഇവിടെയുള്ളവർ ശക്തമായ പ്രതിഷേധം തുടരുന്നത്. വെള്ളിയാഴ്ചയും താമസ സമുച്ചയത്തിലെ അമ്പതോളം പേർ കെട്ടിടത്തിന്റെ പ്രധാന കവാടത്തിന് മുന്നിൽ പ്രതിഷേധിച്ചു.
മുസ്ലിം വനിതക്ക് അനുവദിച്ച ഫ്ലാറ്റ് റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. കെട്ടിടസമുച്ചയമുള്ള ഹർണി മേഖല അസ്വസ്ഥബാധിത പ്രദേശമായി പ്രഖ്യാപിച്ചതിനാൽ ന്യൂനപക്ഷ സമുദായത്തിലുള്ളവർക്ക് കലക്ടറുടെ അനുമതിയില്ലാതെ സ്വത്തോ കെട്ടിടമോ വിൽക്കാനാവില്ല എന്നാണ് ഇവരുടെ വാദം.
ഫ്ലാറ്റിൽ താമസിക്കുന്നവരുടെ പരാതി തനിക്ക് ലഭിച്ചിട്ടുണ്ടെന്നും രേഖകൾ പരിശോധിച്ച് ഇക്കാര്യത്തിൽ ഉചിത തീരുമാനമെടുക്കുമെന്നും വഡോദര മുനിസിപ്പൽ കമീഷണർ ദിലീപ് റാണ പറഞ്ഞു. മോത്നാഥ് റെസിഡൻസിയിൽ 460 ഫ്ലാറ്റാണുള്ളത്. കുറഞ്ഞ വരുമാനമുള്ള കുടുംബാംഗങ്ങൾക്കു വേണ്ടി മുഖ്യമന്ത്രി ആവാസ് യോജനയിലാണ് മറ്റുള്ളവരോടൊപ്പം മുസ്ലിം വനിതക്കും ഫ്ലാറ്റ് അനുവദിച്ചത്.
2018ൽ ഇവർക്ക് ഫ്ലാറ്റ് നൽകിയതിനെതിരെ ഇവിടെയുള്ളവർ ശക്തമായ പ്രതിഷേധം തുടങ്ങുകയും സർക്കാറിന് നിരവധിതവണ പരാതി നൽകുകയും ചെയ്തിരുന്നു. നിസ്സഹായയായ മുസ്ലിം സ്ത്രീയാകട്ടെ മകന്റെ കൂടെ മറ്റൊരു പ്രദേശത്താണ് ഇപ്പോൾ താമസിക്കുന്നത്. ഇവർക്ക് അനുവദിച്ച ഫ്ലാറ്റ് റദ്ദാക്കിയില്ലെങ്കിൽ പ്രതിഷേധം ഗാന്ധിനഗറിലേക്കും ഡൽഹിയിലേക്കും വ്യാപിപ്പിക്കുമെന്ന് താമസസമുച്ചയത്തിലുള്ള ജിതേന്ദ്ര പർമർ പറഞ്ഞു.
അസ്വസ്ഥബാധിത പ്രദേശ നിയമം
1991ൽ ഗുജറാത്ത് നിയമസഭയാണ് അസ്വസ്ഥബാധിത പ്രദേശ നിയമം പാസാക്കിയത്. അസ്വസ്ഥബാധിതമെന്ന് സർക്കാർ വിജ്ഞാപനംചെയ്ത പ്രദേശങ്ങളിലെ സ്വത്തുക്കളും കെട്ടിടങ്ങളും ജില്ല കലക്ടറുടെ അനുമതിയില്ലാതെ കൈമാറ്റംചെയ്താൽ തടവും പിഴയുമാണ് ശിക്ഷ. വർഗീയ ധ്രുവീകരണം തടയാനാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സംസ്ഥാന സർക്കാറിന്റെ അവകാശ വാദം. ഗുജറാത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നതോടെ ഈ നിയമം കൂടുതൽ ദുരുപയോഗിക്കാൻ തുടങ്ങി. 2019ൽ മുസ്ലിംകൾക്ക് കൂടുതൽ ദ്രോഹമാകുന്ന വകുപ്പുകൾ ചേർത്ത് ബി.ജെ.പി സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തി. അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതിന് അനുമതി നൽകി. അഹ്മദാബാദ്, വഡോദര, സൂറത്ത്, രാജ്കോട്ട്, ഖംബട്ട്, ബറൂച്ച്, കപട് വഞ്ച്, ആനന്ദ്, ഗോധ്ര എന്നിവിടങ്ങളിലെ പ്രദേശങ്ങളാണ് അസ്വസ്ഥബാധിത പ്രദേശ നിയമത്തിന്റെ പരിധിയിൽ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.