വൈഗ കൊലപാതകം; പ്രതി സനു മോഹനെ ഹോട്ടൽ ജീവനക്കാർ തിരിച്ചറിഞ്ഞു
text_fieldsകൊച്ചി: വൈഗ കൊലപാതക കേസിൽ പ്രതിയായ പിതാവ് സനു മോഹനെതിരെ പുതിയ തെളിവ്. വൈഗക്ക് അവസാനമായി ഭക്ഷണവും കൊക്കകോളയും വാങ്ങി നൽകിയ തുറവൂരിലെ ഹോട്ടൽ ജീവനക്കാർ സനു മോഹനെ തിരിച്ചറിഞ്ഞു. ഹോട്ടലിൽ നടന്ന തെളിവെടുപ്പിനിടെയാണ് ജീവനക്കാർ സനു മോഹനെ തിരിച്ചറിഞ്ഞത്.
വൈഗയുടെ ശരീരത്തിൽ മദ്യത്തിന്‍റെ അളവ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന് കങ്ങരപ്പടിയിലെ ഫ്ലാറ്റിേലക്ക് വരുന്നതിനിടെ വൈഗക്ക് അൽഫാമും കൊക്കകോളയും വാങ്ങി നൽകിയെന്ന് സനു മോഹൻ പൊലീസിനോട് പറഞ്ഞിരുന്നു. കൊക്കകോളയിൽ മദ്യം കലർത്തി നൽകിയതായാണ് പൊലീസ് നിഗമനം. എന്നാൽ മദ്യം നൽകിയിട്ടില്ലെന്നാണ് സനു മോഹൻ പറയുന്നത്.
'ഹോട്ടൽ ജീവനക്കാർ സനു മോഹനെ തിരിച്ചറിഞ്ഞു. അവൻ വാങ്ങിയ സാധനങ്ങൾ പോലും അവർ ഓർത്തിരിക്കുന്നുണ്ട്. സനു മോഹൻ ശീതള പാനീയവും അൽഫാമും വാങ്ങിയകാര്യം അവർ പറഞ്ഞു. വൈഗക്ക് മദ്യം നൽകിയില്ലെന്ന് സനു മോഹൻ പറയുന്നതിനാൽ ഹോട്ടൽ ജീവനക്കാരുടെ സ്ഥിരീകരണം ഞങ്ങളുടെ കണ്ടെത്തലുകൾക്ക് ബലം നൽകും' -അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുത്ത സംഘം കൊല്ലൂരിലെ ഒരു ഹോട്ടലിൽനിന്ന് സനു മോഹൻ ഉപേക്ഷിച്ച ജാക്കറ്റ് കണ്ടെത്തിയിരുന്നു. ഹോട്ടൽ ജീവനക്കാരും അത് തിരിച്ചറിഞ്ഞു.
വെള്ളിയാഴ്ച പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. 'സനു മോഹന്‍റെ പ്രസ്താവനയിൽ ചില വൈരുദ്ധ്യങ്ങളുണ്ട്. കൂടുതൽ ചോദ്യം ചെയ്യാൻ രണ്ടുദിവസം മാത്രമാണ് ബാക്കി. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് സനു മോഹൻ നൽകിയ എല്ലാ പ്രസ്താവനകളും വീണ്ടും പരിശോധിക്കും. കാറിലെ ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. അവസാന റിമാൻഡ് റിപ്പോർട്ട് അതിന്‍റെ അടിസ്ഥാനത്തിലാകും തയാറാക്കുക' -പൊലീസ് പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് കേസിൽ സനു മോഹനെ കസ്റ്റഡിയിൽ വാങ്ങാൻ മുംബൈ പൊലീസും ശ്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.