ഗുജറാത്ത് വംശഹത്യ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന നയതന്ത്ര റിപ്പോർട്ട് വാജ്പേയി സർക്കാർ തള്ളിയിരുന്നില്ലെന്ന്
text_fieldsലണ്ടൻ: 2002 ലെ ഗുജറാത്ത് മുസ്‌ലിം വിരുദ്ധ വംശഹത്യ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന ബ്രിട്ടീഷ് നയതന്ത്രജ്ഞരുടെ റിപ്പോർട്ടിലെ കണ്ടെത്തൽ വാജ്പേയി സർക്കാർ എതിർത്തിരുന്നില്ലെന്ന് റിപ്പോർട്ട്. അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ്ങും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോയും തമ്മിലെ ഔദ്യോഗിക ഫോൺ സംഭാഷണത്തിന്റെ ഇപ്പോൾ പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
ഡൽഹി ഹൈക്കമ്മീഷനിലെ ബ്രിട്ടീഷ് നയതന്ത്രജ്ഞർ 2002 ഏപ്രിൽ 8 മുതൽ 10 വരെ തീയതികളിൽ സംഘം ഗുജറാത്ത് സന്ദർശിച്ചാണ് വംശഹത്യയെക്കുറിച്ച് റിപ്പോർട്ട് തയാറാക്കിയത്. എന്നാൽ നയതന്ത്ര റിപ്പോർട്ട് വൈകാതെ തന്നെ ചോരുകയും ‘ഹിന്ദുസ്ഥാൻ ടൈംസ്’ ലഭ്യമായ ചില വിവരങ്ങൾ പ്രകാരം അന്ന് വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ജസ്വന്ത് സിങ് - ജാക്ക് സ്ട്രോ സംഭാഷണം നടന്നത്. ഈ സംഭാഷണം നടന്ന് ഒമ്പത് ദിവസങ്ങൾക്ക് ശേഷം, റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൽ ചോരുകയും ബി.ബി.സി വാർത്ത നൽകുകയും ചെയ്തിരുന്നു.
സംഭാഷണ രേഖകൾ ഇതുവരെ ക്ലാസിഫൈ ചെയ്ത് വെച്ചതിനാൽ ലഭ്യമായിരുന്നില്ല. ബ്രിട്ടനിലെ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലൂടെയാണ് ഇപ്പോൾ ഈ രേഖകൾ പുറത്തുവന്നിരിക്കുന്നത്. ഫോൺ രേഖ പുറത്തുവിടുന്നതിന് മുമ്പ് വിദേശകാര്യ ഓഫീസ് ചില ഭാഗങ്ങളിൽ തിരുത്തലുകൾ വരുത്തിയെങ്കിലും ഗുജറാത്തുമായി ബന്ധപ്പെട്ട ഖണ്ഡികകൾ പൂർണ്ണമായി ചേർത്തിട്ടുണ്ട്.
ഫോൺ സംഭാഷണത്തിൽ, ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള അന്വേഷണ കണ്ടെത്തലുകൾ ബ്രിട്ടീഷ് സർക്കാർ രഹസ്യമായി സൂക്ഷിക്കാത്തതിലായിരുന്നു ജസ്വന്ത് സിങ്ങിന് വിമർശനം. മാത്രമല്ല, ജസ്വന്ത് സിങ് എതിർത്ത ഒരേയൊരു കാര്യം റിപ്പോർട്ടിൽ പരാമർശിച്ച മരണസംഖ്യയാണ്. അല്ലാതെ, വംശഹത്യയിൽ ഗുജറാത്ത് സർക്കാറും പൊലീസും വഹിച്ച പങ്കിനെക്കുറിച്ചുള്ള പരാമർശങ്ങളൊന്നിനെയും അദ്ദേഹം എതിർത്തില്ല.
2002 ലെ ഗുജറാത്ത് വംശഹത്യക്ക് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ അന്നത്തെ ബി.ജെ.പി സർക്കാർ ‘നേരിട്ട് ഉത്തരവാദിയാണ്’ എന്നായിരുന്നു ബ്രിട്ടീഷ് സർക്കാറിന്‍റെ അന്വേഷണ റിപ്പോർട്ടിലെ നിഗമനം. വിശ്വ ഹിന്ദു പരിഷത്തും (വി.എച്ച്.പി) അതിന്റെ സഖ്യകക്ഷികളും സംസ്ഥാന സർക്കാറിന്റെ പിന്തുണയോടെയാണ് പ്രവർത്തിച്ചതെന്നും, സർക്കാർ സൃഷ്ടിച്ച ഭീതിയുടെ അന്തരീക്ഷമില്ലാതെ അവർക്ക് ഇത്രയധികം നാശനഷ്ടങ്ങൾ വരുത്താൻ കഴിയുമായിരുന്നില്ല എന്നും ബ്രിട്ടീഷ് നയതന്ത്രജ്ഞർ വ്യക്തമാക്കിയിട്ടുണ്ട്. കൊലയാളികൾക്കെതിരെ നടപടിയെടുക്കരുതെന്ന് പൊലീസിന് പ്രത്യേകം നിർദേശം നൽകിയിരുന്നു എന്നതടക്കമുള്ള റിപ്പോർട്ടിലെ കണ്ടെത്തലുകളൊന്നും ബി.ജെ.പി നേതൃത്വത്തിലുള്ള അന്നത്തെ വാജ്പേയി സർക്കാർ എതിർത്തില്ല.
ഗുജറാത്ത് വംശഹത്യയുടെ വ്യാപ്തി റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ ഭീകരാണെന്നും കുറഞ്ഞത് 2000 ത്തോളം പേർ കൊല്ലപ്പെട്ടെന്നുമാണ് ബ്രിട്ടന്‍റെ റിപ്പോർട്ടിൽ പറയുന്നത്.
850 പേർ മരിച്ചെന്നായിരുന്നു ഇന്ത്യ ആദ്യം പുറത്തുവിട്ട ഔദ്യോഗിക കണക്ക്. പിന്നീട്, 1044 പേർ മരിച്ചതായും 223 പേരെ കാണാതായതായും 2005ൽ കേന്ദ്രസർക്കാർ പാർലമെന്റിൽ ഔദ്യോഗികമായി അറിയിച്ചു. 2009ൽ വീണ്ടും മരണസംഖ്യയിൽ മാറ്റമുണ്ടായി. മരിച്ചവരുടെ എണ്ണം 1,180 ആണെന്നാണ് 2009-ൽ ഗുജറാത്ത് സർക്കാർ വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.