വാജ്പേയി: ഒന്നുമറിയാതെ 14 ആണ്ട്!
text_fieldsറേസ് കോഴ്സ് റോഡിലെ ഏഴാം നമ്പർ വസതിയിൽനിന്ന് കൃഷ്ണമേനോൻ മാർഗിലെ ആറ്-എ ബംഗ്ലാവിലേക്ക് അടൽ ബിഹാരി വാജ്പേയി മാറിയിട്ട് 14 വർഷങ്ങൾ കടന്നുപോയിരിക്കുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽനിന്ന് മുൻ പ്രധാനമന്ത്രിയുടെ ബംഗ്ലാവിലേക്കുള്ള യാത്രയായിരുന്നു അത്. അതിനെക്കാൾ, തിരക്കിട്ട രാഷ്ട്രീയത്തിൽനിന്ന് ഏകാന്ത ജീവിതത്തിലേക്കുള്ള പറിച്ചുനടൽ. ഇന്ത്യയുടെ രാഷ്ട്രീയ ഗതിതന്നെ തിരിച്ചുകളഞ്ഞ സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിൽനിന്ന് ഒന്നുമറിയാത്ത അബോധ വാർധക്യത്തിലേക്കുള്ള കൂടുമാറ്റം.
ജൂൺ 11നാണ് അഖിലേന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലേക്ക് വാജ്പേയിയെ മാറ്റിയത്. രണ്ടു മാസവും അഞ്ചു ദിവസവും നീണ്ട ആശുപത്രിവാസം. വസതിയിൽനിന്ന് ആശുപത്രിയിലേക്കുള്ള ആ മാറ്റം മാത്രമല്ല വാജ്പേയി അറിയാതെപോയത്. മൂന്നര വർഷം മുമ്പ് രാജ്യത്തിെൻറ പരമോന്നത ബഹുമതി ചാർത്തിക്കൊടുത്തത് വാജ്പേയി അറിഞ്ഞില്ല.
പ്രജകളെ സമഭാവനയോടെ കാണുകയെന്ന രാജധർമം നിറവേറ്റാൻ മുമ്പ് താൻ ഉപദേശിച്ചുകൊടുത്ത നരേന്ദ്ര മോദി നാലരക്കൊല്ലം മുമ്പ് പ്രധാനമന്ത്രിയായ വിവരവും അദ്ദേഹം അറിഞ്ഞിരിക്കില്ല. 2009ൽ മസ്തിഷ്കാഘാതം ബോധമണ്ഡലത്തെയും ആരോഗ്യത്തെയും തളർത്തിക്കളഞ്ഞ ശേഷം, മുന്നിലെത്തുന്ന അപൂർവ സന്ദർശകർക്കു മുന്നിൽ വാജ്പേയി ഒന്നുമറിയാതെ ചിരിച്ചു; ചിലപ്പോൾ കരഞ്ഞു.
ആ ബംഗ്ലാവിെൻറ സുരക്ഷാ ചുറ്റുമതിലുകൾ യഥാർഥത്തിൽ അത്തരം രഹസ്യങ്ങളുടെ മറ കൂടിയായിരുന്നു. എെട്ടാമ്പതു വർഷമായി തുടർന്ന ആ ഏകാന്തതക്കിടയിലെ വിരുന്നുകാർ പ്രധാനമന്ത്രിയോ ഉന്നത ബി.ജെ.പി നേതാക്കളോ മാത്രമായിരുന്നു. ദത്തെടുത്ത കുടുംബമായിരുന്നു അന്തേവാസികൾ. മുൻ പ്രധാനമന്ത്രിയുടെ ഒരു ചിത്രംപോലും പുറത്തുവന്നില്ല. ബി.ജെ.പി അധികാരത്തിൽ വന്നതിനു പിന്നാലെ, പരമോന്നത ബഹുമതിയായ ഭാരതരത്നം രാഷ്ട്രപതി പ്രണബ് മുഖർജി വസതിയിലെത്തി സമ്മാനിച്ചതിെൻറ ഒറ്റ ചിത്രത്തിലൊഴിച്ച് മൂന്നര വർഷത്തിനിടയിൽ വാജ്പേയിയെ ആരുംതന്നെ കണ്ടിട്ടില്ല.
വാജ്പേയി അവിവാഹിതനായിരുന്നു. എന്നാൽ, ദത്തെടുത്ത കുടുംബം അദ്ദേഹത്തിനൊപ്പം പ്രധാനമന്ത്രിയുടെ വസതിയിലും മുൻ പ്രധാനമന്ത്രിയായി മാറിയ ശേഷവും ഒപ്പമുണ്ടായിരുന്നു. ഗ്വാളിയോറിലെ വിക്ടോറിയ കോളജിൽ പഠിക്കുേമ്പാൾ അവിടെ വിദ്യാർഥിനിയായിരുന്ന രാജ്കുമാരി കൗളുമായി വാജ്പേയിക്ക് ഉണ്ടായിരുന്ന ബന്ധം അതാണ്. ഭർത്താവ് പ്രഫ. ബി.എൻ. കൗൾ മരിച്ച ശേഷം രാജ്കുമാരി കൗളും മകൾ നമിതയും നമിതയുടെ ഭർത്താവ് രഞ്ജൻ ഭട്ടാചാര്യയും വാജ്പേയിക്കൊപ്പമായിരുന്നു താമസം. അങ്ങനെ നമിത വളർത്തു മകളും രഞ്ജൻ ഭട്ടാചാര്യ വളർത്തു മകനുമായി. പ്രധാനമന്ത്രിയായിരുന്ന കാലത്ത് രഞ്ജൻ വിവാദ കഥാപാത്രവുമായി.
സ്വകാര്യ ജീവിതത്തിൽ നിഴൽപോലെ നിന്ന രാജ്കുമാരി കൗൾ 2014 മേയിൽ എന്നെന്നേക്കുമായി വിട്ടുപോയത് വാജ്പേയി അറിഞ്ഞില്ല. കോൺഗ്രസിെൻറ ശൈഥില്യങ്ങൾക്കിടയിൽ രണ്ടു ഡസൻ പാർട്ടികളുടെ ശീട്ടുകൊട്ടാരമായി ദേശീയ ജനാധിപത്യ സഖ്യമെന്ന എൻ.ഡി.എ തട്ടിക്കൂട്ടാൻ വാജ്പേയിക്ക് താങ്ങും തണലുമായി നിന്ന ജോർജ് ഫെർണാണ്ടസ് അൽഷൈമേഴ്സിന് കീഴടങ്ങി നിൽക്കുന്നതും മന്ത്രിസഭയിൽ വിശ്വസ്ത സഹായിയായിരുന്ന ജസ്വന്ത് സിങ് നീണ്ട അബോധാവസ്ഥയിലേക്ക് തെന്നിവീണതും അറിയും മുേമ്പ വാജ്പേയിക്ക് പ്രജ്ഞയറ്റിരുന്നു.
രാഷ്ട്രീയ ജീവിതത്തിൽ ലാൽകൃഷ്ണ അദ്വാനിയായിരുന്നു വാജ്പേയിയുടെ നിഴലും ശക്തിയും. അഥവാ, എൽ.കെ. അദ്വാനിക്ക് ശക്തിയും വെളിച്ചവും വാജ്പേയിയായിരുന്നു. പാർട്ടി വളർത്തിയ വികാസ് പുരുഷനെയും ലോഹപുരുഷനെയും പിന്തള്ളി നരേന്ദ്ര മോദി -അമിത് ഷാമാർ ബി.ജെ.പിയുടെ അമരം പിടിച്ചു. ഉദാരമുഖനായി രാഷ്ട്രീയ ലോകത്ത് വാജ്പേയി സമ്പാദിച്ച പ്രതിച്ഛായയെ കടത്തിവെട്ടാൻ പക്ഷേ, ഇനിയും അവർക്ക് കഴിയുന്നില്ലെന്നത് വർത്തമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.