വാജുഭായി വാല കർണാടക രാജ്ഭവൻ വിടുന്നു; ഇനി മാർഗദർശക് മണ്ഡലിൽ
text_fieldsബംഗളൂരു: സംഭവബഹുലമായ ഒൗദ്യോഗിക ജീവിതത്തിന് ശേഷം കർണാടക ഗവർണർ വാജുഭായി വാല ബംഗളൂരുവിലെ രാജ്ഭവെൻറ പടിയിറങ്ങുന്നു. നിയുക്ത ഗവർണർ താവർചന്ദ് ഗഹ്ലോട്ട് ഞായറാഴ്ച ചുമതലയേൽക്കും. 2014 ജൂണിൽ എച്ച്.ആർ ഭരദ്വാജ് ഗവർണർ പദവിയൊഴിഞ്ഞശേഷം തമിഴ്നാട് ഗവർണർ കെ. റോസയ്യക്കായിരുന്നു കർണാടകയുടെ അഡീഷനൽ ചുമതല. റോസയ്യയിൽനിന്ന് 2014 സെപ്തംബർ ഒന്നിന് വാജുഭായി വാല ചുമതല ഏറ്റെടുക്കുകയായിരുന്നു. 2019 ആഗസ്റ്റിൽ അദ്ദേഹത്തിെൻറ കാലാവധി പൂർത്തിയായിരുന്നെങ്കിലും കേന്ദ്രം ചുമതല നീട്ടിനൽകി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന വാജുഭായി വാല മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ ധനമന്ത്രിയായിരുന്നു. 2013 ജനുവരിയിൽ സ്പീക്കറായി. പിറ്റേവർഷം കർണാടകയിൽ ഗവർണറായി ചുമതലയേൽക്കുകയും െചയ്തു. മൂന്നു സർക്കാറുകൾക്കൊപ്പം വാജുഭായി വാലക്ക് ഗവർണറെന്ന നിലയിൽ പ്രവർത്തിക്കാനായി. 2013ൽ സിദ്ധരാമയ്യയുടെ സേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന് പുറമെ, 2018ൽ കുമാരസ്വാമി മുഖ്യമന്ത്രിയായ സഖ്യസർക്കാറും 2019ൽ ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായി ബി.ജെ.പി സർക്കാറുമാണ് അധികാരമേറ്റത്.
2018ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നാടകീയ സംഭവങ്ങൾ അരങ്ങേറിയപ്പോൾ പദവി മറന്ന് ബി.ജെ.പിക്കൊപ്പംനിന്ന വാജുഭായി വാലക്ക് സുപ്രീംകോടതിയിൽനിന്ന് തിരിച്ചടി ലഭിച്ചത് അദ്ദേഹത്തിെൻറ ഒൗദ്യോഗിക ജീവിതത്തിലെ മറക്കാനാവാത്ത സംഭവമാണ്. 2018ൽ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ് എന്നിവയിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നപ്പോൾ കോൺഗ്രസ്- ജെ.ഡി-എസ് സഖ്യത്തെ മറികടന്ന് സർക്കാർ രൂപവത്കരിക്കാൻ ബി.ജെ.പിയെ ഗവർണർ ക്ഷണിച്ചതും ഭൂരിപക്ഷം തെളിയിക്കാനെന്ന പേരിൽ കുതിരക്കച്ചവടത്തിന് അവസരമൊരുക്കി 18 ദിവസം സമയമനുവദിച്ചതും വിവാദമായിരുന്നു.
ഗവർണറുടെ അനീതിക്കെതിരെ കോൺഗ്രസും ജെ.ഡി-എസും സുപ്രീംകോടതിയെ സമീപിക്കുകയും യെദിയൂരപ്പക്ക് ഭൂരിപക്ഷം തെളിയിക്കാൻ െവറും മൂന്നുദിവസമാക്കി പരമോന്നത കോടതി ചുരുക്കുകയും ചെയ്തു. ഭൂരിപക്ഷം തെളിയിക്കാനാവാതെ യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും സഖ്യത്തിെൻറ മുഖ്യമന്ത്രിയായി കുമാരസ്വാമി അധികാരമേൽക്കുകയും ചെയ്തു. തുടർന്ന് സഖ്യസർക്കാറിനെ വീഴ്ത്താൻ ബി.ജെ.പി ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ശ്രമങ്ങൾക്ക് വാജുഭായി വാല ചൂട്ടുപിടിച്ചതും ഒാപറേഷൻ താമരക്ക് പിന്നാലെ സഖ്യസർക്കാർ വിശ്വാസവോട്ട് തേടുന്ന സന്ദർഭത്തിലടക്കം തുടർച്ചയായി സഭാ നടപടികളിൽ ഇടപെട്ടതും ഗവർണറുടെ പദവിക്ക് കളങ്കമുണ്ടാക്കി.
ഗവർണർ വെറും 'ഗുജറാത്ത് വ്യവസായി' മാത്രമായെന്ന രൂക്ഷ വിമർശനവും പ്രതിപക്ഷമുയർത്തി. വാജുഭായി വാലയുടെ സംഭവബഹുലമായ ഒൗദ്യോഗിക ജീവിതത്തിനുകൂടിയാണ് ഇതോടെ വിരാമമാവുന്നത്. ബി.ജെ.പിയിൽ ഏറ്റവും മുതിർന്ന നേതാക്കളുടെ സ്ഥാനമായ മാർഗദർശക് മണ്ഡലിലേക്കാണ് 84 കാരനായ വാജുഭായിവാലയുടെ മടക്കവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.