വാൽമീകി വികസന കോർപ്പറേഷൻ അഴിമതി കേസ്; കർണാടകയിൽ രണ്ട് എം.എൽ.എമാരുടെ വീട്ടിൽ റെയ്‌ഡ്
text_fieldsബെംഗളൂരു: വാൽമീകി വികസന കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ രണ്ട് എം.എല്‍.എമാരുടെ വീട്ടില്‍ ഇ.ഡി റെയ്‌ഡ്. ബല്ലാരി കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ ബി. നാഗേന്ദ്ര, റായ്ച്ചൂർ റൂറൽ എം.എൽ.എയും മഹർഷി വാൽമീകി കോർപ്പറേഷൻ പ്രസിഡന്‍റുമായ ബസനഗൗഡ ദദ്ദാൽ എന്നിവരുടെ വീടുകളിലാണ് റെയ്‌ഡ് നടത്തിയത്. റായ്ച്ചൂർ, ബല്ലാരി, യലഹങ്ക, കോറമംഗല തുടങ്ങിയ 18 സ്ഥലങ്ങളിലാണ് ഇ.ഡി ഉദ്യോഗസ്ഥർ ഒരേ സമയം റെയ്‌ഡ് നടത്തിയത്. രാവിലെ 7 മണിക്കാക്കായിരുന്നു പരിശോധന നടന്നത്. റെയ്‌ഡില്‍ സുപ്രധാന രേഖകൾ കണ്ടെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എം.എൽ.എ ബി.നാഗേന്ദ്രയെയും വാൽമീകി കോർപ്പറേഷൻ പ്രസിഡന്‍റ് ബസവനഗൗഡ ദദ്ദാലിനെയും എസ്.ഐ.ടി ഉദ്യോഗസ്ഥർ ചൊവ്വാഴ്‌ച ചോദ്യം ചെയ്‌തിരുന്നു. അതേസമയം, ലോക്കൽ പൊലീസിന്‍റെ സഹായം ഇ.ഡിക്ക് ലഭിച്ചില്ലെന്നും സി.ആർ.പി.എഫ് ജീവനക്കാരുടെ സഹകരണത്തോടെയാണ് റെയ്‌ഡ് നടത്തിയതെന്നും വൃത്തങ്ങൾ അറിയിച്ചു.
കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷന്‍റെ അക്കൗണ്ടന്‍റായിരുന്ന ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തതിന് പിന്നാലെയാണ് കോർപ്പറേഷനിൽ കോടികളുടെ അഴിമതി നടന്നതായി തെളിഞ്ഞത്. കോർപറേഷൻ അനധികൃത കൈമാറ്റങ്ങള്‍ നടത്തിയെന്നും ഗ്രാന്‍റ് തുക ദുരുപയോഗം ചെയ്‌തുവെന്നും ചന്ദ്രശേഖരൻ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു.
പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബി.നാഗേന്ദ്ര എം.എൽ.എയുടെ പേരും ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് ബി.നാഗേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.