അമൃത്‌സറിൽ റിപ്പബ്ലിക് ദിനത്തിൽ അംബേദ്കറിന്റെ പ്രതിമ തകർത്തു; വ്യാപക പ്രതിഷേധം, കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
text_fieldsഅംബേദ്കർ പ്രതിമ തകർക്കുന്ന പ്രതി
ചണ്ഡീഗഢ്: ഭരണഘടനാശില്പി ബി.ആർ. അംബേദ്കറിന്റെ പ്രതിമ തകർത്ത് യുവാവ്. അമൃത്‌സറിലെ ഹെറിറ്റേജ് സ്ട്രീറ്റിൽ റിപ്പബ്ലിക് ദിനത്തിലാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സംഭവം. പ്രതിമയുടെ മുകളിൽ കയറിയും ചുറ്റികകൊണ്ട് അടിച്ചും പ്രതിമയ്‌ക്ക് സമീപം സ്ഥാപിച്ചിരുന്ന ഭരണഘടനാ പുസ്‌തക ശിൽപം തകർക്കാൻ ശ്രമിച്ചുമായിരുന്നു യുവാവിന്‍റെ പരാക്രമം. റിപ്പബ്ലിക് ദിനം പ്രമാണിച്ച് പ്രതിമയിൽ മാല ചാർത്താൻ ഗോവണി സ്ഥാപിച്ചപ്പോഴായിരുന്നു സംഭവം. മോഗയിലെ താമസക്കാരനായ ആകാശ്ദീപ് സിംഗ് എന്നയാളാണ് പ്രതി. ഇയാളെ പൊലീസ് പിടികൂടി.
സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും അക്രമിക്ക് ശക്തമായ ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ശിരോമണി അകാലിദൾ (എസ്.എ.ഡി) നേതാവ് സുഖ്ബീർ സിംഗ് ബാദലും നടപടിയെ അപലപിച്ചു. ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണെന്ന് അദ്ദേഹം പറഞ്ഞു.
യുവാവ് പ്രതിമ തകർക്കുന്നത് കണ്ടപ്പോൾ ആളുകൾ ഇറങ്ങിവരാൻ പ്രേരിപ്പിച്ചു. ആദ്യം അവരുമായി തർക്കിക്കുകയും ഇറങ്ങാൻ വിസമ്മതിക്കുകയും ചെയ്തുവെങ്കിലും ഒടുവിൽ ചുറ്റിക താഴെയിട്ട് ഇയാൾ ഇറങ്ങുകയായിരുന്നു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല. പ്രതിമ തകർക്കാൻ ശ്രമിച്ചതിന് കേസെടുത്തതായും ഏതാനും അക്രമികളെ അറസ്റ്റ് ചെയ്ത് അന്വേഷണം തുടരുകയാണെന്നും പഞ്ചാബ് പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.