പശുവിനെ ഇടിച്ചിട്ട് വന്ദേഭാരത്; ട്രെയിനിന്റെ മുൻഭാഗം തകർന്നു
text_fieldsമുംബൈ: പോത്തുകളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ പശുവിനെ ഇടിച്ച് വന്ദേഭാരത് എക്സ്പ്രസ്. ട്രെയിനിന്‍റെ മുന്‍ഭാഗത്തിന് തകരാര്‍ സംഭവിച്ചു. ഗാന്ധിനഗര്‍- മുംബൈ റൂട്ടില്‍ അനന്ദ് സ്റ്റേഷന് സമീപത്താണ് പുതിയ സംഭവം. റെയില്‍വേ ട്രാക്കിലുണ്ടായിരുന്ന പശുവിനെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.
ട്രെയിനിന്‍റെ മുന്‍ഭാഗം ചതുങ്ങിപ്പോയി. മറ്റ് പ്രവര്‍ത്തന തകരാര്‍ ഇല്ലെന്ന് ഉറപ്പാക്കി 10 മിനുട്ടിന് ശേഷം ട്രെയിന്‍ യാത്ര പുനരാരംഭിച്ചു. ട്രെയിനിടിച്ച പശു ചത്തു. കഴിഞ്ഞ ദിവസവും ഇതേ പാതയിലാണ് വന്ദേഭാരത് ട്രെയിന്‍ പോത്തുകളെ ഇടിച്ച് അപകടമുണ്ടായത്. അഹമ്മദാബാദിലെ മണിനഗര്‍, വത്വ സ്റ്റേഷനുകള്‍ക്കിടയില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നാല് പോത്തുകള്‍ അപകടത്തില്‍ ചത്തു. ട്രെയിനിന്റെ മുന്‍ഭാഗത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.
റെയില്‍വേ ട്രാക്കിലിറങ്ങിയ പോത്തുകളുടെ ഉടമകൾക്കെതിരെ ആർ.പി.എഫ് എഫ്.ഐ.ആർ ഫയൽ ചെയ്തെന്ന് അഹമ്മദാബാദ് ഡിവിഷനിലെ ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര കുമാർ ജയന്ത് പറഞ്ഞു. പോത്തുകളുടെ ഉടമകളെ കണ്ടെത്താൻ റെയിൽവേ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവേയുടെ ഏതെങ്കിലും ഭാഗത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നത് തടയുന്ന 1989ലെ റെയിൽവേ ആക്‌ട് സെക്ഷൻ 147 പ്രകാരമാണ് എഫ്.ഐ.ആർ ഫയൽ ചെയ്തതെന്ന് ആർ.പി.എഫ് ഇൻസ്പെക്ടർ പ്രദീപ് ശർമ പറഞ്ഞു. കന്നുകാലികളുമായുള്ള ഇത്തരം കൂട്ടിയിടി പ്രതീക്ഷിച്ചതാണെന്നും അതുകൂടി മനസ്സിലാക്കിയാണ് ട്രെയിന്‍ രൂപകല്‍പന ചെയ്തതെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. ട്രെയിനിന്റെ തകരാര്‍ സംഭവിച്ച ഭാഗം മാറ്റാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബര്‍ 30നാണ് ഗാന്ധിനഗര്‍-മുംബൈ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചവയാണ് വന്ദേഭാരത് ട്രെയിനുകള്‍. ഈ റൂട്ടിലുള്ള ട്രെയിനുകളില്‍ ആദ്യമായി കവച് സാങ്കേതികവിദ്യ നടപ്പാക്കിയെന്ന പ്രത്യേകതയുമുണ്ട്. വിപരീത ദിശയില്‍ വരുന്ന രണ്ട് ട്രെയിനുകളുടെ കൂട്ടിയിടി തടയുന്നതിനുള്ള സംവിധാനമാണ് കവച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.