ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വന്ദേഭാരത്; രണ്ടു മാസത്തിനകം സർവിസ് തുടങ്ങാനാകുമെന്ന് പ്രതീക്ഷ
text_fieldsബംഗളൂരു: ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിൻ സർവിസ് രണ്ടു മാസത്തിനകം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ. കർണാടക-കേരള ട്രാവലേഴ്സ് ഫോറം ഭാരവാഹികൾ ദക്ഷിണ പശ്ചിമ റെയിൽവേ ഡിവിഷനൽ റെയിൽവേ മാനേജർ (ഡി.ആർ.എം) ഓഫിസിൽ ഡിവിഷനൽ ഓപറേഷൻസ് മാനേജർ (ഡി.ഒ.എം) നൈനിശ്രീ രംഗനാഥ് റെഡ്ഡിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വന്ദേഭാരതിന്റെ കേരള സർവിസ് സംബന്ധിച്ച് മറുപടി നൽകിയത്.
താൽക്കാലികമായി റദ്ദാക്കിയ യശ്വന്ത്പൂർ-കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് സർവിസ് പുനരാരംഭിക്കാൻ ശ്രമിക്കാമെന്നും ഓണക്കാല അവധി ട്രെയിൻ ഒരുമാസം മുമ്പേ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണെന്നും ഡി.ഒ.എം കെ.കെ.ടി.എഫ് പ്രതിനിധികളെ അറിയിച്ചു.
എറണാകുളം-ബംഗളൂരു-എറണാകുളം റൂട്ടിൽ സർവിസ് നടത്തുമെന്ന് അറിയിച്ചിരുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ റേക്ക് ഉപയോഗിച്ച് ഇപ്പോൾ ബംഗളൂരു-മധുര സ്പെഷൽ സർവിസ് നടത്തുകയാണെന്ന് കെ.കെ.ടി.എഫ് ചൂണ്ടിക്കാട്ടി. പ്രഖ്യാപിച്ച വന്ദേഭാരത് എത്രയും വേഗം ട്രാക്കിലായാൽ ഓണക്കാലത്തടക്കം കേരളത്തിലേക്കുള്ള യാത്രക്കാർ നേരിടുന്ന യാത്രാപ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാവുമെന്ന് അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.
എറണാകുളത്തുനിന്ന് പുലർച്ച അഞ്ചിന് പുറപ്പെട്ട് പാലക്കാട്, കോയമ്പത്തൂർ, സേലം വഴി ഉച്ചക്ക് രണ്ടിന് ബംഗളൂരുവിലെത്താനാവുന്ന രീതിയിൽ സമയക്രമം നിശ്ചയിക്കാനാവും. ഇക്കാര്യത്തിൽ രണ്ടുമാസത്തിനകം അനുകൂല തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡി.ഒ.എം മറുപടി നൽകി.
കഴിഞ്ഞ ദീപാവലി സീസണിൽ ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് വന്ദേഭാരത് സ്പെഷൽ ട്രെയിനായി സർവിസ് നടത്തുമെന്നായിരുന്നു നേരത്തേ റെയിൽവേ അറിയിച്ചിരുന്നത്. എന്നാൽ, ഇതു നടപ്പായില്ലെന്ന് മാത്രമല്ല, തമിഴ്നാട് ലോബിയുടെ സമ്മർദഫലമായി ഈ റേക്കുകൾ ഉപയോഗിച്ച് ബംഗളൂരുവിൽനിന്ന് മധുരയിലേക്ക് സ്പെഷൽ സർവിസ് ആരംഭിക്കുകയും ചെയ്തു.
യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിലെ വികസന പ്രവൃത്തി ചൂണ്ടിക്കാട്ടി ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 18 വരെ കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് (12257/12258) സർവിസ് റദ്ദാക്കിയ നടപടി പുനഃപരിശോധിക്കാമെന്ന് റെയിൽവേ അറിയിച്ചു. യശ്വന്ത്പുര ടെർമിനലിലെ വികസന പ്രവൃത്തികൾക്കായി പ്ലാറ്റ്ഫോമുകൾ പൊളിച്ചുനീക്കുന്നതിനാലാണ് ഗരീബ് രഥ് അടക്കമുള്ള ചില സർവിസുകൾ മൂന്നാഴ്ചത്തേക്ക് റദ്ദാക്കിയത്.
കേരളത്തിലേക്ക് ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലും ബംഗളൂരുവിലേക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും സർവിസ് നടത്തുന്ന കൊച്ചുവേളി ഗരീബ് രഥ് നല്ല വരുമാനമുള്ള സർവിസ് കൂടിയാണ്. ഓണക്കാലത്ത് കേരളത്തിലേക്ക് അധിക ട്രെയിൻ ആവശ്യമുയരുന്നതിനിടെ നിലവിലുള്ള സർവിസ് റദ്ദാക്കുന്നത് ആയിരക്കണക്കിന് യാത്രക്കാർക്ക് തിരിച്ചടിയാവും.
യശ്വന്ത്പൂർ സ്റ്റേഷനിലെ നവീകരണ പ്രവൃത്തി പൂർത്തിയാവുന്നതുവരെ യശ്വന്ത്പൂരിന് പകരം ചിക്കബാണവാരയിൽനിന്നോ ബാനസ്‍വാടിയിൽനിന്നോ ഈ ട്രെയിൻ താൽക്കാലികമായി സർവിസ് നടത്തിയാൽ അത് മലയാളി യാത്രക്കാർക്ക് ഗുണകരമാവുമെന്ന് കെ.കെ.ടി.എഫ് ബോധിപ്പിച്ചു.
ഹൊസൂർ വഴിയാണ് ഈ ട്രെയിൻ സാധാരണ സർവിസ് നടത്തുന്നതെന്നതിനാൽ ഇലക്ട്രോണിക് സിറ്റി, കാർമലാരം, സർജാപുര മേഖലയിലുള്ളവർക്കുകൂടി സർവിസ് ഉപകാരപ്പെടാൻ ഹീലാലിഗെയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യമുന്നയിച്ചു.
ഓണക്കാലത്ത് കേരളത്തിലേക്ക് നല്ല തിരക്ക് അനുഭവപ്പെടുമ്പോൾ വൈകിയാണ് റെയിൽവേ സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കാറുള്ളത്.
ഇത് പലരുടെയും യാത്രാ പ്ലാനിനെ പ്രതികൂലമായി ബാധിക്കുന്നു. ഓണക്കാലത്തേക്ക് റിസർവേഷൻ ആരംഭിച്ചാലുടൻ ടിക്കറ്റുകൾ എളുപ്പത്തിൽ തീരും. ട്രെയിൻ ടിക്കറ്റ് ലഭിക്കാത്തവർക്ക് പിന്നീട് ആശ്രയം സർക്കാർ ബസ് സർവിസുകളും സ്വകാര്യ ബസ് സർവിസുകളുമാണ്. സ്വകാര്യ ബസുകളിൽ തീവെട്ടിക്കൊള്ളയാകുമെന്നതിനാൽ പലരും പ്രയാസപ്പെടുകയാണ് പതിവ്.
യാത്രാക്ലേശം തീർക്കാൻ ഓണക്കാലത്തിന് ഒരുമാസം മുമ്പേ കൊച്ചുവേളിയിലേക്ക് സ്പെഷൽ ട്രെയിൻ സർവിസ് ആരംഭിക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ അനുകൂല നടപടി സ്വീകരിക്കാമെന്ന് ഡി.ഒ.എം അറിയിച്ചു. കെ.കെ.ടി.എഫ് ചെയർമാൻ ആർ.വി. ആചാരി, ജനറൽ കൺവീനർ ആർ. മുരളീധർ, കോഓഡിനേറ്റർ മെറ്റി കെ. ഗ്രേസ്, ജേക്കബ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.