വന്ദേ ഭാരത് സ്ലീപ്പർ; പരീക്ഷണ ഓട്ടത്തിൽ 180 കി.മീ വേഗം കൈവരിച്ചെന്ന് മന്ത്രി
text_fieldsന്യൂഡൽഹി: പുതുവർഷത്തിൽ രാജ്യത്തെ യാത്രികർക്ക് വേഗമേറിയതും സുരക്ഷിതവുമായ ട്രെയിൻ യാത്ര ലഭ്യമാകാൻ സജ്ജമായെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജസ്ഥാൻ കോട്ട ഡിവിഷനിലെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ പരീക്ഷണ ഓട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ ഒന്നിലധികം പരീക്ഷണങ്ങളിലായി മണിക്കൂറിൽ 180 കിലോമീറ്റർ വരെ പരമാവധി വേഗം കൈവരിച്ചെന്നും ജനുവരി അവസാനം വരെ പരീക്ഷണം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
വ്യാഴാഴ്ച രാജസ്ഥാനിലെ കോട്ടക്കും ലാബനും ഇടയിൽ 30 കിലോമീറ്റർ ദൂരം ഓട്ടത്തിലാണ് ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വേഗം കൈവരിച്ചത്. ബുധനാഴ്ച റോഹൽ ഖുർദ് മുതൽ കോട്ട വരെ 40 കിലോമീറ്റർ ദൂരവും 180 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചു. അതേ ദിവസം കോട്ട-നാഗ്ഡ, രോഹൽ ഖുർദ്-ചൗ മഹ്ല സെക്ടറിൽ മണിക്കൂറിൽ 170 കി.മീ, 160 കി.മീ വേഗം കൈവരിച്ചു.
പരീക്ഷണം പൂർത്തിയായാൽ ഉടൻ, ട്രെയിൻ പരമാവധി വേഗത്തിൽ സഞ്ചരിച്ച് റെയിൽവേ സേഫ്റ്റി കമീഷണർ വിലയിരുത്തുമെന്നും മന്ത്രി വിശദീകരിച്ചു. കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ ഇന്ത്യൻ റെയിൽവേ നിർമിച്ച ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ആർച് പാലം ഉദ്ഘാടനം ചെയ്യുന്നതോടെ ഡൽഹി - ശ്രീനഗർ പാതയിൽ ആയിരിക്കും ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.