വന്ദേ ഭാരതിന്റെ ചില്ല് തകർക്കുന്നത് ‘റെയിൽ ജിഹാദി’യെന്ന് സംഘ്പരിവാർ അനുകൂലികൾ; വിദ്വേഷ പ്രചാരണത്തിന്റെ യാഥാർഥ്യമറിയാം Fact Check
text_fieldsചെന്നൈ: നിർത്തിയിട്ട വന്ദേഭാരത് എക്സ്പ്രസിന്റെ ചില്ലുജാലകം ഒരാൾ ചുറ്റിക കൊണ്ട് ആഞ്ഞടിച്ച് പൊട്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ‘ഈ റെയിൽ ജിഹാദിയെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യൂ’വെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകവിദ്വേഷ പ്രചാരണം നടത്തുകയാണ് സംഘ് പരിവാർ അനുകൂലികൾ. ഇത് 'ജിഹാദി' പ്രവർത്തനമോ 'ഭീകര' പ്രവർത്തനമോ ആണെന്നാണ് ഇവരുടെ ആരോപണം.
வந்தே பாரத் ரயிலை சுத்தியல் மூலம் உடைக்கும் மர்ம நபர்👇🏾👇🏾👇🏾 இது எங்கு நடந்தது என்ன சம்பவம் என்று யாருக்காவது தெரியுமா? pic.twitter.com/uGYdPCsXhc
— Dr Mouth Matters (@GanKanchi) September 10, 2024
‘ജിഹാദികൾ നമ്മുടെ റെയിൽവേയെ ആസൂത്രിതമായി നശിപ്പിക്കുകയാണ്, നാം എന്തെടുക്കുകയാണ്?’ എന്നാണ് ഡോ. മൗത്ത് മാറ്റേഴ്‌സ് വെരിഫൈഡ് അക്കൗണ്ടിന്റെ ചോദ്യം. തീവ്ര ഹിന്ദുത്വ അക്കൗണ്ടായ ദി ജയ്പൂർ ഡയലോഗ്സ് എന്ന അക്കൗണ്ടും ഇത് പങ്കുവെച്ചിട്ടുണ്ട്. ചില്ലുപൊട്ടിക്കുന്നയാൾ "റെയിൽ ജിഹാദി" ആണെന്ന് ‘ഭിക്കുമത്രെ’ എന്ന അക്കൗണ്ട് ഉടമ തറപ്പിച്ച് പറയുന്നു. ‘രാഷ്ട്രദ്രോഹിക്കെതിരെ യു.എ.പി.എ ചുമത്തണ’മെന്ന് ഇയാൾ റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെടുന്നുമുണ്ട്.
‘വിഷപ്പാമ്പുകളെയാണ് നാം വീട്ടിൽ സൂക്ഷിച്ചിക്കുന്നത്. അവസരം കിട്ടിയാലുടൻ അവർ കടിക്കും. ഇന്ത്യൻ നിയമവ്യവസ്ഥ അനുസരിച്ച് ഇയാൾക്ക് എന്ത് ശിക്ഷയാണ് ലഭിക്കുക? യുഎപിഎ പ്രകാരം കേസെടുക്കുമോ? ഇതൊരു തീവ്രവാദ പ്രവർത്തനം തന്നെയാണ്’ എന്നാണ് റൂബിക ജെ. ലിയാഖത്ത് എന്ന പേരിലുള്ള അക്കൗണ്ടിൽ പറയുന്നത്. ട്വീറ്റ് 2.76 ലക്ഷത്തിലധികം പേർ ഇതിനകം കണ്ടു.
भारतीय न्याय संहिता के अनुसार इसको कौन सजा मिलनी चाहिए?
— Rubika J. Liaquat Satire (@RubikaLiaqat) September 10, 2024
या UAPA के तहत मामला दर्ज किया जाना चाहिए?
यह किसी आतंकवादी कृत्य से कम नहीं है ??
सारे जहरीले साँप 🐍 तो हमने अपने घर में ही पाल रखे है,
मौका पाते ही डस लेते हैं- ख़ुद देखिए 👇 pic.twitter.com/6rMku5chPK
വിദ്വേഷ ചാനലായ സുദർശൻ ന്യൂസിലെ സാഗർ കുമാർ (@KumaarSaagar), Squint Neon (@TheSquind), റോഷൻ സിൻഹ (@MrSinha_), Kreately.in (@KreatelyMedia) തുടങ്ങി നിരവധി വലതുപക്ഷ എക്‌സ് അക്കൗണ്ടുകൾ ഈ ആരോപണവുമായി വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
ആരാണ് ചില്ലുപൊട്ടിക്കുന്നത്? എന്താണ് വസ്തുത?
നുണപ്രചാരണത്തിലൂടെ മനുഷ്യർക്കിടയിൽ വിദ്വേഷം നട്ടുവളർത്തുന്നത് എങ്ങനെ എന്നതിന്റെ ഒന്നാന്തരം തെളിവാണ് തീർത്തും നിരുപദ്രവകരമായ ഈ വിഡിയോയെ ദുരുപയോഗിച്ചതും അതിന്റെ കമന്റുകളും. അറ്റകുറ്റപ്പണികൾക്കായി പിറ്റ്ലൈനിൽ നിർത്തിയിട്ട ട്രെയിനിന്റെ പൊട്ടിയ ചില്ല് മാറ്റാൻ ജീവനക്കാരൻ ശ്രമിക്കുന്നതിന്റെ ദൃശ്യമാണ് വിദ്വേഷപ്രചാരകർ ആയുധമാക്കിയത്.
റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയറും തിരുനെവേലി ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ വന്ദേ ഭാരത് എക്‌സ്പ്രസ് ഇൻചാർജുമായ മന്ദിര മൂർത്തി (@RoboMoorthy) ഇക്കാര്യം ഡോ. മൗത്ത് മാറ്റേഴ്‌സ് (@GanKanchi) എന്നയാളുടെ വിദ്വേഷ ട്വീറ്റിന് താഴെ വ്യക്തമാക്കുന്നുണ്ട്. കേടായ വിൻഡോ മാറ്റുന്നതിനുള്ള ഒരു പതിവ് നടപടിക്രമമാണിെ;ന്ന് അദ്ദേഹം പറയുന്നു. ‘ഇത് പൊട്ടിയ ജനൽ ഗ്ലാസ് മാറ്റുന്ന പ്രക്രിയയാണ്. പൊട്ടിയ ഗ്ലാസ് നീക്കാനായി അദ്ദേഹം തകർക്കാൻ ശ്രമിക്കുകയാണ്’ മന്ദിര മൂർത്തി പറഞ്ഞു. ചില്ലുമാറ്റുന്നത് സംബന്ധിച്ച നടപടിക്രമത്തിന്റെ സ്ക്രീൻ ഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വിള്ളൽ വീണ ഗ്ലാസുകൾ മറ്റുള്ളവക്ക് കേടുവരാത്ത രീതിയിൽ ചുറ്റിക കൊണ്ട് തകർത്ത് നീക്കം ചെയ്യാമെന്ന് അതിൽ വ്യക്തമായി പറയുന്നുണ്ട്. വിഡിയോയിൽ കാണുന്ന വ്യക്തി പുറത്തുനിന്നുള്ള ആളാണെന്നതിന് യാതൊരു തെളിവും ഇല്ലെന്നും മൂർത്തി ചൂണ്ടിക്കാട്ടി.
ട്രെയിൻസ് ഓഫ് ഇന്ത്യ (@ട്രെയിൻവാലേഭയ്യ) എന്ന ട്വിറ്റർ ഹാൻഡിലും ഇതേ കാര്യമാണ് ചൂണ്ടിക്കാട്ടിയത്. ‘ട്രെയിനിന് കേടുപാടുകൾ വരുത്തുന്നതല്ല, പകരം കേടായ ചില്ല് പൊട്ടിച്ച് മാറ്റിസ്ഥാപിക്കുകയാണെന്നും മെയിൻറനൻസ് ഡിപ്പോയിലാണ് ഈ നടപടിക്രമമെന്നും’ അദ്ദേഹം വ്യക്തമാക്കി. വിള്ളലുള്ള വിൻഡോ ഗ്ലാസ് തകർക്കുന്നതിന്റെ മറ്റൊരു വിഡിയോയും ഇദ്ദേഹം പങ്കുവെച്ചു. ഇത് സാധാരണ നടപടിക്രമവും പ്രോട്ടോക്കോളും ആണെന്നും ട്രെയിൻസ് ഓഫ് ഇന്ത്യ കൂട്ടിച്ചേർത്തു.
വസ്തുതാ പരിശോധന വെബ്സൈറ്റായ ആൾട്ട് ന്യൂസ് ഇക്കാര്യം സ്ഥിരീകരിക്കാൻ ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ കോച്ച് കോംപ്ലക്സിൽ ജോലി ചെയ്തിരുന്ന മുൻ ഇന്ത്യൻ റെയിൽവേ ജീവനക്കാരനായ നിലാൻഷു സിങ്ങുമായി സംസാരിച്ചു. “ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള പിറ്റ് ലൈനിൽ ആണ് തീവണ്ടി കിടക്കുന്നത്. ഗ്ലാസ് മാറ്റുന്നതിനുള്ള നടപടിക്രമത്തിന്റെ ഭാഗമായി ചുറ്റിക ഉപയോഗിച്ച് ചില്ല് പൊട്ടിക്കുന്നതാണ് നാം വിഡിയോയിൽ കാണുന്നത്. വിൻഡോയിൽ വിള്ളലോ ചോർച്ചയോ ഉണ്ടായാൽ എസി കോച്ചുകളിലും ഞങ്ങൾ ഇതുചെയ്യുമായിരുന്നു. ഇങ്ങനെയാണ് പുതിയത് മാറ്റിസ്ഥാപിക്കുന്നത്” -അദ്ദേഹം പറഞ്ഞു.
This is how #VandeBharatTrain glass is replaced, this protocol is followed at maintenance pits as:
— Trains of India (@trainwalebhaiya) September 10, 2024
• Quick & easy
• Glass glued tightly
• Less TAT for train at pit lines
Meanwhile proper procedure is followed at workshop where train goes for schedule maintenance every 2yrs. https://t.co/UHx2OWcT9C pic.twitter.com/POkBVeevow
വന്ദേ ഭാരത് ട്രെയിനുകളിൽ വിൻഡോ ഗ്ലാസ് മാറ്റുന്നത് എങ്ങനെയെന്ന് കാണിക്കുന്ന ഒരു YouTube വിഡിയോയും ആൾട്ട് ന്യൂസ് പങ്കുവെച്ചു. ഇതിലും സമാനമായ രീതിയിൽ ആദ്യ പടിയായി പൊട്ടൽ വീണ ചില്ല് അടിച്ചുപൊളിക്കുന്നത് കാണാം.
ബിഹാറിലെ ആറ സ്വദേശി മനീഷ് കുമാറാണ് വിഡിയോയിലുള്ള ആളെന്ന് ഇന്ത്യ ടുഡേ സ്ഥിരീകരിച്ചു. വിഡിയോയിൽ കാണുന്നത് താനാണെന്ന് അദ്ദേഹം പറഞ്ഞു. കങ്കരിയ ഇൻറഗ്രേറ്റഡ് കോച്ച് ഡിപ്പോയിൽ അഹമ്മദാബാദ്-മുംബൈ വന്ദേ ഭാരത് എക്സ്പ്രസിന്റെ അറ്റകുറ്റപ്പണി നടത്തുന്ന സമയത്ത് പകർത്തിയ വിഡിയോ ആണിതെന്ന് വെസ്റ്റേൺ റെയിൽവേ സീനിയർ പബ്ലിക് റിലേഷൻസ് ഓഫിസർ പ്രദീപ് ശർമ്മ പറഞ്ഞു.
“വന്ദേ ഭാരതിൻ്റെ ജനൽ ഗ്ലാസ് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ടഫൻഡ് ഗ്ലാസ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ ചില്ലിൽ എന്തെങ്കിലും ഇടിച്ചാൽ യാത്രക്കാർക്ക് പരിക്കേൽക്കില്ല. ജനൽ ഗ്ലാസിൽ പൊട്ടൽ ഉണ്ടായാൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ അത് കൂർത്ത ചുറ്റികയുടെ സഹായത്തോടെ പൊട്ടിച്ച് നീക്കംചെയ്യും. കരാർ തൊഴിലാളിയാണ് ഈ ജോലി ചെയ്തിരുന്നത്. ഈ വിഡിയോ മറ്റൊരു കരാർ തൊഴിലാളിയാണ് പകർത്തിയത്’ -അദ്ദേഹം പറഞ്ഞു.
യാഥാർഥ്യം ഇങ്ങനെയാക്കെയാണെങ്കിലും വിദ്വേഷ അടിക്കുറിപ്പുകളുമായി ഈ വിഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പൂർവാധികം ശക്തിയോടെ പ്രചരിക്കുന്നുണ്ട്. അതിന് താഴെ വെറുപ്പ് പടർത്തുന്ന നിരവധി കമൻറുകളും കുമിഞ്ഞുകൂടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.