വാരാണസി മോദിമയം
text_fieldsഉത്തർപ്രദേശിൽ അഖിലേഷും രാഹുലും കൂടെ പ്രിയങ്കയും ചേർന്ന് ഇൻഡ്യക്കായി പ്രചാരണത്തിൽ സൃഷ്ടിച്ച ഒരു ഓളമുണ്ട്. ആ ഓളത്തിലൂടെ യു.പിയിലുടനീളം വൻ ജനാവലിയാണ് അവരുടെ റാലികളിലേക്കെത്തുന്നത്. എന്നാൽ, റാലികളിലെ ഈ ജനാവലിയെല്ലാം ഇൻഡ്യക്കുള്ള വോട്ടുകളായി മാറുമോ എന്നാണ് ഇപ്പോൾ യു.പിയിലെ തർക്കം. ഏറ്റവുമൊടുവിൽ വാരാണസിയിൽ നടന്ന പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിൽ പങ്കെടുത്ത ജനാവലിയാണ് ഈയൊരു തർക്കത്തിന് ആക്കംകൂട്ടിയത്.
മത്സരിക്കുന്നത് പ്രദേശ് കോൺഗ്രസ് അധ്യക്ഷനായിട്ടും കോൺഗ്രസ് പ്രവർത്തകർപോലും ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പേരിലെഴുതിവെക്കുന്ന മണ്ഡലമാണ് വാരാണസി. അവിടെ പ്രിയങ്കയുടെ റോഡ്ഷോ മോദിയുടെ റാലിയുടെ ജനപങ്കാളിത്തത്തെ വെല്ലുന്നതായത് കൊണ്ട് മത്സരം കടുത്തതാകില്ലെന്നും ജയം ഇൻഡ്യ സഖ്യത്തിനാകില്ലെന്നും വോട്ട് സഖ്യത്തിന് നൽകാനുറപ്പിച്ച നഖീബ് പറഞ്ഞു.
കാടിളക്കിയുള്ള പ്രചാരണം വോട്ടിന്റെ കാര്യത്തിൽ തീരുമാനമെടുക്കാതെ ആടിനിൽക്കുന്ന വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും അങ്ങനെ ആ വോട്ടുകൾ തങ്ങളിൽ വന്നുചേരുമെന്നുമാണ് ഇൻഡ്യ സഖ്യം പ്രതീക്ഷിക്കുന്നതെങ്കിലും വാരാണസിയിൽ അത്തരമൊരു പ്രതീക്ഷ അസ്ഥാനത്താണെന്നാണ് നഖീബിന്റെ പക്ഷം. വാരാണസിയിൽ മോദിയുടെ റാലിക്കും റോഡ് ഷോക്കും ജനപങ്കാളിത്തം കുറയുന്നതിനുള്ള കാരണവും നഖീബ് നിരത്തുന്നു.
സ്വന്തം മണ്ഡലത്തിലേക്ക് മാസത്തിൽ രണ്ടും മൂന്നും തവണയെന്നപോലെ മോദി വരുന്നുണ്ട്. അപൂർവമായി വരുമ്പോഴുള്ള കൗതുകം അതോടെ ജനത്തിന് നഷ്ടമായിട്ടുണ്ട്. മോദിക്ക് വോട്ടർമാരിലുള്ള സ്വാധീനം കുറഞ്ഞുവെന്നല്ല അതിനർഥമെന്നും മണ്ഡലത്തിൽ ഇടക്കിടെ വരുന്ന എം.പിയെ പ്രത്യേകിച്ച് കാണേണ്ടെന്ന് കരുതിയിട്ടാണെന്നും നഖീബ് പറഞ്ഞു.
കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള വഴിയിലുടനീളം നിറഞ്ഞുനിൽക്കുന്നത് മോദിയാണ്. റോഡിനിരുവശത്തുമുള്ള ആശ്രമങ്ങളുടെയും മഠങ്ങളുടെയും അധിപന്മാർ മോദിക്കൊപ്പമുള്ള ബാനറുകൾ മത്സരിച്ച് തൂക്കിയിട്ടിട്ടുണ്ട്. ഗോദോലിയ ചൗരാഹയിലെത്തുമ്പോൾ വരവേൽക്കുന്നത് ‘ഒരിക്കൽ കൂടി മോദി സർക്കാർ’ എന്ന കൂറ്റൻ ബാനർ.
വാരാണസിയിലെ ഏഴു നിയമസഭ മണ്ഡലങ്ങളും ബി.ജെ.പിയുടെ പക്കലാണ്. 2014ൽ നരേന്ദ്ര മോദി വാരാണസിയിൽ വന്നശേഷം വോട്ടർപട്ടികയിലുണ്ടായ മാറ്റത്തിന്റെ വ്യാപ്തിയെക്കുറിച്ച് കോൺഗ്രസ് സ്ഥാനാർഥി അജയ് റായിക്കോ പാർട്ടിക്കോ അറിയില്ലെന്ന് പറയുന്നത് തെരഞ്ഞെടുപ്പ് കമീഷനൊപ്പം വാരാണസി മണ്ഡലത്തിൽ വോട്ടർമാരെ ചേർക്കാനുള്ള കാമ്പയിനിൽ പങ്കാളിയായ സന്നദ്ധ പ്രവർത്തകൻ ഫൈസൽ ഇഖ്ബാലാണ്.
ഒരു പതിറ്റാണ്ടിനിടയിൽ നൂറുകണക്കിന് ഹൗസിങ് സൊസൈറ്റികളും കോളനികളും വന്ന് വാരാണസി നഗരം പല ഭാഗങ്ങളിലേക്കായി വ്യാപിച്ചിരിക്കുന്നു. മുമ്പ് ബനാറസ് ഹിന്ദു സർവകലാശാലയായിരുന്നു നഗരത്തിന്റെ ഒരതിർത്തി. ഇപ്പോൾ രാജാ തലാബ് വരെ എത്തി. പാണ്ടെപൂരിൽനിന്ന് തുടങ്ങി ലാൽപൂർവരെ ഒരു ഭാഗത്തേക്കും ഗാസിപൂർ റൂട്ടിൽ ആശാപൂർവരെ മറുഭാഗത്തേക്കും ഉംറാഹയിലും രോഹണിയായിലും മോഹൻ സരായിയിലും പുതിയ ആവാസ കേന്ദ്രങ്ങളുയർന്നു.
ആൾപ്പാർപ്പില്ലാതെ കിടന്നിരുന്ന ഇവിടെയെല്ലാം വന്നത് വാരാണസിക്ക് പുറത്തുള്ളവരാണ്. യു.പിയുടെ പല ഭാഗങ്ങളിൽനിന്നും ഗുജറാത്ത് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്നും നിരവധി പേർ കുടിയേറി ഈ കോളനികളിലെത്തി വോട്ടർമാരായിരിക്കുന്നു. ഒരു ലക്ഷത്തിൽപരം വോട്ടുകൾ മണ്ഡലത്തിൽ ഇത്തരത്തിൽ കൂടിയിട്ടുണ്ടെന്നും അവയെല്ലാം ബി.ജെ.പിക്കുള്ളതാണെന്നും ഫൈസൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.