വരവരറാവുവിന്‍റെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
text_fieldsമുംബൈ: എൽഗാർ പരിഷദ് കേസിൽ അറസ്റ്റിലായ തെലുഗു കവി വരവരറാവുവിന്‍റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈകോതിയിലെ വാദപ്രതിവാദം പൂർത്തിയായി. ജസ്റ്റിസുമാരായ എസ്.എസ്. ഷിണ്ഡെ, മനീഷ് പിതാലെ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഹരജി വിധി പറയാൻ മാറ്റിവെച്ചു.
ഒാർമ നശിക്കൽ, നാഡീ രോഗങ്ങളടക്കം ഗുരുതരരോഗളുള്ള വരവരറാവുവിന് കടുത്ത നിബന്ധനകളോടെ മൂന്ന് മാസത്തെ ജാമ്യം നൽകമെന്നാണ് റാവുവിന്‍റെ അഭിഭാഷകൻ ആനന്ദ് ഗ്രോവർ കോടതിയിൽ ആവർത്തിച്ചത്. വിചാരണ തടവുകാരനായിരിക്കെ ആരോഗ്യത്തോടെ ജീവിക്കാനുള്ള മൗലികാവകശാം ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഹരജി നൽകിയ റാവുവിന്‍റെ ഭാര്യ ഹേമലതക്ക് വേണ്ടി ഹാജറായ ഇന്ദിരാ ജയ്സിങും ഇതുതന്നെ ആവർത്തിച്ചു.
ദേശസുരക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ യു.എ.പി.എ പ്രകാരമാണ് കേസെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമാണ് എൻ.െഎ.എയും മഹാരാഷ്ട്ര സർക്കാറും നിലപാടെടുത്ത്. ആവശ്യമെങ്കിൽ തലോജ ജയിലിലേക്ക് മടക്കി അയക്കുന്നതിന് പകരം ജെ.ജെ മെഡിക്കൽ കോളജിലെ പ്രിസൺ വാർഡിലേക്ക് മാറ്റാമെന്നും ഇവർ കോടതിയെ അറിയിച്ചു. കടുത്ത നിബന്ധനകൾ വെച്ച് റാവുവിന് ജാമ്യം നൽകുന്നതിന് പകരം അദ്ദേഹത്തിന് വൈദ്യസഹായം ലഭിക്കാൻ കോടതി സർക്കാറിന് കടുത്ത നിബന്ധനകൾ വെക്കുകയാണ് വേണ്ടതെന്നും എൻ.െഎ.എക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് പറഞ്ഞു.
നിലവിൽ ഹൈകോടതി നിർദേശ പ്രകാരം നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ് വരവരറാവു. കോടതിയുടെ അനുവാദമില്ലാതെ ഡിസ്ചാർജ് ചെയ്യരുതെന്നാണ് ഉത്തരവ്. റാവു ആരോഗ്യവാനാണെന്നും ഡിസ്ചാർജിന് യോഗ്യമാണെന്നും ആശുപത്രി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റാവുവിന്‍റെ ഒാർമ നശിക്കൽ േരാഗത്തെ ചൊല്ലി കോടതിയിൽ വാദപ്രതിവാദം ശക്തമായിരുന്നു. നാനാവതി ആശുപത്രി റിപ്പോർട്ടിൽ റാവുവിന് മറവി രോഗമില്ലെന്ന് പറയുന്നുണ്ടെങ്കിലും വിദഗ്ദ പരിശോധന ആവശ്യമാണെന്നും സൂചിപ്പിക്കുന്നുണ്ട്. മറവി രോഗമില്ലെന്ന നിലപാടിലാണ് എൻ.െഎ.എ. എന്നാൽ, നേരത്തെ ജെ.ജെ ആശുപത്രി, സെന്‍റ് ജോർജ് ആശുപത്രി റിപ്പോർട്ടുകൾ ഒാർമ നശിക്കുന്നുവെന്ന് കുറിച്ചത് കോടതി എൻ.െഎ.എയെ ഒാർമപ്പെടുത്തി.
റാവുവിന്‍റെ പ്രായവും ആരോഗ്യവും പരിഗണിച്ചാവണം വാദങ്ങൾ നിരത്തുന്നതെന്ന് കോടതി ഇടക്കിടെ അഭിഭാഷകരെ ഒാർമപ്പെടുത്തിയിരുന്നു. 81കാരന്‍റെ ജീവിത നിലവാരമെന്തെന്നും കോടതി ചോദിക്കുകയുണ്ടായി. കേസിൽ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നതും 200 സാക്ഷികളെ വിശദീകരിക്കാനുണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടി. ഇത് കാണിക്കുന്നത് വിചാരണയുടെ പ്രാരംഭ നടപടികൾ തുടങ്ങാൻ പോലും സമയമെടുക്കുമെന്നാണ്. വിചാരണ വേഗമാക്കൽ പ്രതികളുടെ മൗലികാവകാശത്തിന്‍റെ ഭാഗമാണെന്നും കോടതി ഒാർമപ്പെടുത്തി.
തടവുകാരുടെ ആരോഗ്യമടക്കമുളള കാര്യങ്ങളിൽ സർക്കാറിനാണ് ഉത്തരവാദിത്തമെന്നും സർക്കാർ അത് കൃത്യമായി നിർവഹിക്കുന്നുണ്ടെന്നും എൻ.െഎ.എ കോടതിയിൽ പറഞ്ഞു. ഇതിന്, ജയിലിൽ രോഗം ബാധിച്ച് അവശനായിരിക്കെ മനുഷ്യാവകാശ കമീഷനും കോടതിയും ഇടപെട്ടതിനെ തുടർന്ന് മാത്രമാണ് റാവുവിന് വിദഗ്ധ ചികിത്സ ലഭിച്ചതെന്നാണ് കോടതി മറുപടി നൽകിയത്.
വാദപ്രതിവാദങ്ങൾക്കിടെ റാവുവിന് അനുകൂലമായ ചോദ്യങ്ങളും പരാമർശങ്ങളും കോടതി നടത്തിയെങ്കിലും അതെല്ലാം വാദപ്രതിവാദത്തിന് ശക്തി പകരാൻ മാത്രമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.