മാധ്യമപ്രവർത്തകരോട് പലവിധ ചോദ്യങ്ങൾ; കുറ്റം അവ്യക്തം
text_fieldsന്യൂഡൽഹി: ‘ന്യൂസ് ക്ലിക്കി’ന് ചൈന ഫണ്ട് കിട്ടിയോ എന്ന് അന്വേഷിക്കുന്ന ഡൽഹി പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകർ നേരിട്ടത് രണ്ടു ഡസനിലേറെ പലവിധ ചോദ്യങ്ങൾ. ഡൽഹി കലാപം, കർഷക സമരം, ശഹീൻബാഗ് പ്രക്ഷോഭം, കോവിഡ്കാല പ്രയാസങ്ങൾ എന്നിവയെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന ചോദ്യം അതിനിടയിൽ മുഴച്ചുനിന്നു.
ന്യൂസ് ക്ലിക്കിന് ലേഖനങ്ങൾ നൽകുന്ന പ്രമുഖ മാധ്യമ പ്രവർത്തകൻ പരഞ്ജയ് ഗുഹ തകുർത്തയെ വസതിയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത് രാവിലെ എട്ടു മണിക്കാണ്. സ്പെഷൽ സെൽ ആസ്ഥാനത്തെ ചോദ്യം ചെയ്യൽ മതിയാക്കി വിട്ടത് വൈകിട്ട് ആറിന്. അമേരിക്കയിലുള്ള ഭാര്യാ സഹോദരനെ വിളിച്ചോ, സിഗ്നൽ മെസേജിങ് ആപ് ഉപയോഗിക്കാറുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കൊപ്പം കലാപ, സമര റിപ്പോർട്ടിങ് നടത്തിയിട്ടുണ്ടോ എന്ന ചോദ്യവും ഉയർന്നു. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക തിരിമറികളെക്കുറിച്ച റിപ്പോർട്ടുകളിലൂടെ ഏറെ ശ്രദ്ധ നേടിയ മാധ്യമപ്രവർത്തകനാണ് പരഞ്ജയ് ഗുഹ തകുർത്ത.
കസ്റ്റഡിയിലെടുത്തവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. തങ്ങൾ നേരിടുന്ന കുറ്റമെന്താണെന്ന് അറിയില്ലെന്ന് ചോദ്യം ചെയ്യൽ നേരിട്ട മാധ്യമ പ്രവർത്തകർ പറഞ്ഞു.
ഡൽഹി കലാപവും കർഷക സമരവും റിപ്പോർട്ട് ചെയ്തതിന് സ്ഥാപനം കൂടുതൽ പ്രതിഫലം നൽകിയോ, സർക്കാറിനെതിരെ എന്തിന് എഴുതുന്നു തുടങ്ങി എഴുതി തയാറാക്കിയ ചോദ്യങ്ങളുമായാണ് പൊലീസ് വന്നതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.