ബി.ജെ.പിക്കെതിരെ വീണ്ടും വരുൺ ഗാന്ധി: 'നമ്മൾ വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുത്; ലഖിംപൂർ വിഷയം ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റുന്നത് അധാർമികം, അവാസ്തവം, അപകടകരം'
text_fieldsലഖ്നോ: ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊന്ന സംഭവത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിലാക്കി പ്രതികരണം നടത്തിയ ബി.ജെ.പി നേതാവ് വരുൺ ഗാന്ധി വീണ്ടും രംഗത്ത്. വണ്ടിയോടിച്ച് കൊല്ലുന്നതിന്‍റെ വീഡിയോകൾ ട്വിറ്ററിൽ പങ്കുവച്ചതിന് പിന്നാലെ ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ നിന്ന് വരുൺ ഗാന്ധിയെ ഒഴിവാക്കിയിരുന്നു. അമ്മ മനേകാ ഗാന്ധിക്കും പുനഃസംഘടനയിൽ ഇടം കിട്ടിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ലഖിംപൂർ ഖേരി വിഷയം ഹിന്ദു-സിഖ് യുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പിലിഭിത്ത് എം.പി കൂടിയായ വരുൺ ഗാന്ധി ട്വിറ്ററിൽ അഭിപ്രായപ്പെട്ടത്. സ്വന്തം നേട്ടത്തിനു വേണ്ടി ഇത്തരം വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ലഖിംപൂർ ഖേരി വിഷയം ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇത് അധാർമികവും വസ്തുതാവിരുദ്ധവുമാണ് എന്നു മാത്രമല്ല, അപകടകരവുമാണ്. തലമുറകളെടുത്ത് ഉണങ്ങിയ മുറിവുകൾ വീണ്ടും തുറക്കാനേ ഉപകരിക്കൂ. നമ്മൾ ദേശീയ ഐക്യം മറന്ന് വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുത്'- എന്നാണ് എംപിയുടെ ട്വീറ്റ്.
An attempt to turn #LakhimpurKheri into a Hindu vs Sikh battle is being made. Not only is this an immoral & false narrative, it is dangerous to create these fault-lines & reopen wounds that have taken a generation to heal.We must not put petty political gains above national unity
— Varun Gandhi (@varungandhi80) October 10, 2021
വിഷയത്തിൽ ബി.ജെ.പി നേതൃത്വത്തെ തള്ളി, കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച നേതാവാണ് വരുൺ. നേരത്തെ, കർഷകർക്ക് മേൽ വാഹനമിടിച്ചു കയറ്റുന്ന രണ്ട് വീഡിയോ ദൃശ്യങ്ങൾ വരുൺ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. വീഡിയോ സുവ്യക്തമാണ് എന്നും പ്രതിഷേധക്കാരെ കൊല ചെയ്ത് നിശ്ശബ്ദമാക്കാനാകില്ല എന്നും അദ്ദേഹം കുറിച്ചിരുന്നു. 'ലഖിംപൂർ ഖേരിയിൽ കർഷകരുടെ ഇടയിലേക്ക് ബോധപൂർവം വാഹനം ഇടിച്ചുകയറ്റുന്ന ഈ ദൃശ്യം ആരുടെയും ഉള്ളുലയ്ക്കും. പൊലീസ് ഈ വീഡിയോ ശ്രദ്ധിക്കുക. ഈ വാഹനങ്ങളുടെ ഉടമകളെയും അവയിൽ ഇരിക്കുന്നവരെയും ഈ കേസിൽ ഉൾപ്പെട്ട മറ്റ് ആളുകളെയും ഉടൻ അറസ്റ്റ് ചെയ്യണം'- എന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്രമന്ത്രി അജയ്മിശ്രയുടെ മകൻ ആശിഷ് മിശ്രയെ പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു വരുൺ പങ്കുവച്ച വീഡിയോകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.