പണപെരുപ്പം ആകാശം തൊട്ടു, തൊഴിലില്ലായ്മയും രൂക്ഷം; ബി.ജെ.പിയെയും സർക്കാറിനെയും കുറ്റപ്പെടുത്തി വരുൺ ഗാന്ധി
text_fieldsലഖ്നോ: രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മക്കും പണപെരുപ്പത്തിനുമെതിരെ സ്വന്തം പാർട്ടിയെയും സർക്കാറിനെയും വിമർശിച്ച് ബി.ജെ.പി എം.പി വരുൺ ഗാന്ധി. രാജ്യം ഗുരുതരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പണപ്പെരുപ്പം ആകാശം തൊടുകയാണെന്നും തൊഴിലില്ലായ്മ നിരക്കിൽ വൻ വർധനയാണെന്നും വരുൺ ഗാന്ധി കുറ്റപ്പെടുത്തി. സ്വന്തം മണ്ഡലത്തിലെ രണ്ടുദിവസത്തെ സന്ദർശനത്തിനിടയിലായിരുന്നു വിമർശനം.
രാജ്യത്തെ പൊതു വിഭവങ്ങൾ സ്വകാര്യവത്കരണത്തിന്റെ പേരിൽ വിറ്റഴിക്കുകയാണെന്നായിരുന്നു വരുൺ ഗാന്ധിയുടെ മറ്റൊരു പ്രതികരണം. സ്വകാര്യവത്കരണത്തിന്റെ പേരിൽ രാജ്യത്തെ പ്രധാന പൊതു വിഭവങ്ങളെല്ലാം വിറ്റഴിക്കുന്നു. എല്ലാം വിറ്റഴിക്കുമ്പോൾ രാജ്യത്തിന് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കണമെന്നും വരുൺ ഗാന്ധി കുറ്റപ്പെടുത്തി.
രണ്ടു ദിവസത്തെ സന്ദർശനത്തിൽ വരുൺ ഗാന്ധി പിലിഭിത്തിലെ 18 ഗ്രാമങ്ങൾ സന്ദർശിക്കുമെന്ന് പ്രൈവറ്റ് സെക്രട്ടറി എം.ആർ. മാലിക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഴിമതി രാഷ്ട്രീയത്തെക്കുറിച്ച് ജനങ്ങൾ ബോധവാൻമാരായിരിക്കണെമന്നും അദ്ദേഹം പറഞ്ഞു. 'സ്വാർഥതയും അഴിമതിയും നിറഞ്ഞതാണ് ഇന്നത്തെ രാഷ്ട്രീയം. രാജ്യത്തെക്കുറിച്ച് ആവലാതിപ്പെടുന്ന സത്യസന്ധരായ ആളുകളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണം. നമ്മുടെ കഷ്ടപ്പാടുകളെ സ്വന്തം പ്രശ്നങ്ങളായി കണ്ട് പ്രശ്നപരിഹാരം നടത്തുന്ന നേതാക്കളെ തെരഞ്ഞെടുക്കണം' -പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.