പാർലമെൻറ് കടന്ന് വായുയാൻ വിധേയക് ബിൽ
text_fieldsന്യൂഡൽഹി: 90 വർഷം പഴക്കമുള്ള ഇന്ത്യയുടെ എയർക്രാഫ്റ്റ് നിയമം പരിഷ്കരിക്കുന്ന ഭാരതീയ വായുയാൻ വിധേയക് ബിൽ -2024 രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. നേരത്തെ ലോക്സഭ ബില്ലിന് അനുമതി നൽകിയിരുന്നു. വ്യോമഗതാഗത മേഖലയിൽ കാലോചിത പരിഷ്കാരം ലക്ഷ്യമിടുന്ന ബിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാവും.
വിമാനങ്ങളുടെ രൂപകൽപന, നിർമാണം, പരിപാലനം, കൈവശം വെക്കൽ, ഉപയോഗം, പ്രവർത്തനം, വിൽപന, കയറ്റുമതി, ഇറക്കുമതി എന്നിവയുടെ നിയന്ത്രണം പ്രതിപാദിക്കുന്നതാണ് നിയമം. പഴയ വ്യോമയാന നിയമത്തിലെ ഭൂരിഭാഗം വ്യവസ്ഥകളും നിലനിർത്തുന്നതാണ് പുതിയ ബിൽ. വ്യാഴാഴ്ച രാജ്യസഭയിലെ അവതരണ വേളയിൽ ബില്ലിന്റെ ഹിന്ദി പേരിൽ ചില അംഗങ്ങൾ വിയോജിച്ചു.
ഹിന്ദിയിലും സംസ്കൃതത്തിലും മാത്രം ബില്ലുകൾക്ക് പേരിടുന്നത് ഒഴിവാക്കണമെന്ന് ഡി.എം.കെ എം.പി കനിമൊഴി പറഞ്ഞു. എന്നാൽ, ഭാഷയുടെ സ്വത്വം സൃഷ്ടിക്കുക മാത്രമാണ് പേരിന് പിന്നിലെ ഉദ്ദേശ്യമെന്നും അതിൽ ഭരണഘടനാ ലംഘനമില്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു മറുപടിയിൽ പറഞ്ഞു. പുതിയ ബിൽ വ്യോമയാന മേഖലയുടെ വിവിധ വശങ്ങൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാറിന് കൂടുതൽ അധികാരം നൽകുന്നു.
വ്യോമയാന മേഖലയിൽ ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ വ്യവസ്ഥകളുണ്ട്. എയറോനോട്ടിക്കൽ വിവരങ്ങളുടെ മേൽനോട്ടം, ചാർട്ടിങ്, കാലാവസ്ഥ സേവനങ്ങൾ, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയടക്കം വിഷയങ്ങളിൽ നിയന്ത്രണത്തിനും വ്യവസ്ഥയുണ്ട്. വിമാനക്കമ്പനികളുടെ താരിഫുകൾ അംഗീകരിക്കാനോ പരിഷ്കരിക്കാനോ ബന്ധപ്പെട്ട ഏജൻസികൾക്ക് അധികാരം നൽകുന്നു.
ഉയരുന്ന വിമാനക്കൂലി; സംസ്ഥാനങ്ങൾ നികുതി കുറക്കണമെന്ന് കേന്ദ്രം
ന്യൂഡൽഹി: തിരക്കുള്ള സീസണിൽ വിമാനക്കൂലി കുതിച്ചുയരാതിരിക്കാൻ സംസ്ഥാനങ്ങൾ ഇന്ധനത്തിന്മേലുള്ള നികുതി കുറക്കാൻ തയാറാവണമെന്ന് കേന്ദ്രം. വിമാനക്കൂലിയുടെ വലിയൊരു ഭാഗം ഇന്ധനവിലയിലേക്കാണ് പോകുന്നത്. ഇന്ധനത്തിന്റെ നികുതി അതത് സംസ്ഥാനങ്ങളാണ് തീരുമാനിക്കുന്നത്.
വിമാന നിരക്കിന്റെ ഫലപ്രദമായ നിയന്ത്രണത്തിന് ഇന്ധനനികുതി കുറക്കാൻ സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെടണമെന്നും വ്യാഴാഴ്ച രാജ്യസഭയിൽ ആശങ്ക ഉന്നയിച്ച എം.പിമാർക്ക് നൽകിയ മറുപടിയിൽ കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.