ലോക്‌സഭാ തെരഞ്ഞെടുപ്പ്; 11 സ്ഥാനാർഥികളെകൂടി പ്രഖ്യാപിച്ച് വി.ബി.എ
text_fieldsമുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ നിന്നുള്ള 11 സ്ഥാനാർഥികളെ ഉൾപ്പെടുത്തി വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ) മേധാവി പ്രകാശ് അംബേദ്കർ രണ്ടാം പട്ടിക പ്രഖ്യാപിച്ചു. നേരത്തെ ഒമ്പത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
വി.ബി.എയുടെ രണ്ടാം സ്ഥാനാർഥി പട്ടികയിൽ ഡോ.ബി.ഡി ചവാൻ (ഹിങ്കോളി), നർസിൻറാവു ഉദ്ഗിർക്കർ (ലാത്തൂർ), രാഹുൽ ഗെയ്ക്‌വാദ് (സോലാപൂർ), രമേഷ് ബരാസ്കർ (മാധ), മാരുതി ജങ്കാർ (സത്താറ), അബ്ദുൾ റഹ്മാൻ (ധൂലെ), ദാദാസാഹേബ് ചാവ്ഗൊണ്ട പാട്ടിൽ (ഹത്കനംഗലെ) സഞ്ജയ് ബ്രാഹ്മണെ (റേവർ), പ്രഭാകർ ബക്ലെ (ജൽന), അബുൽ ഹസൻ ഖാൻ (മുംബൈ നോർത്ത് സെൻട്രൽ), കാക ജോഷി (രത്നഗിരി-സിന്ധുദുർഗ്) എന്നിവരാണ് ഇടംനേടിയത്.
പ്രതിപക്ഷ സഖ്യത്തിന്‍റെ ഭാഗമായി അഞ്ച് സീറ്റുകളിൽ മത്സരിക്കാമെന്ന മഹാരാഷ്ട്ര വികാസ് അഘാഡി (എം.വി.എ) നീട്ടിയ ഓഫർ നിരസിച്ചുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് പ്രകാശ് അംബേദ്കർ പ്രഖ്യാപിച്ചിരുന്നു.
അകോല ഒഴികെ എം.വി.എ നൽകിയ സീറ്റുകളിൽ വിജയസാധ്യതയില്ലെന്ന് പ്രകാശ് ആരോപിച്ചു. കോൺഗ്രസുമായി സഖ്യത്തിലായിരുന്ന 1998 ലും 1999 ലും മാത്രമാണ് അകോലയിൽ പ്രകാശ് ജയിച്ചത്. സഖ്യം വിട്ടശേഷവും പ്രകാശ് അകോലയിൽ മത്സരിച്ചു. 2009 ലും 2019 ലും രണ്ടാം സ്ഥാനത്തായിരുന്നു. വി.ബി.എക്ക് ഒറ്റക്ക് മത്സരിച്ച് ജയിക്കാനാകില്ലെങ്കിലും കോൺഗ്രസിന്റെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കും. 2019 ൽ 10 ലോക്സഭ മണ്ഡലങ്ങളിൽ കോൺഗ്രസ് പരാജയപ്പെട്ടത് വി.ബി.എ വോട്ട് ഭിന്നിപ്പിച്ചതിനാലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.