പഹൽഗാം ഭീകരാക്രമണം രാജ്യസുരക്ഷക്കെതിരായ വെല്ലുവിളി; സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണം -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജമ്മു കശ്മീരിലെ ഭീകരാക്രമണം രാജ്യസുരക്ഷക്കെതിരായ വെല്ലുവിളിയാണെന്നും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതും രാജ്യസുരക്ഷക്കെതിരായ വെല്ലുവിളിയുമാണ്. കശ്മീരിന്‍റെ ചരിത്രത്തിൻ വിനോദസഞ്ചാരികൾക്കെതിരെ നടന്ന എറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നാണിത്. സംഭവത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നു. കശ്മീരിൽ ഏറ്റവും തിരക്കേറിയ ടൂറിസം സീസൺ ആണ്. ആ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തതും അതിക്രൂരമായ ആക്രമണരീതിയും വലിയ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
പ്രധാനപ്പെട്ട വിനോദസഞ്ചാരമേഖലയായ പഹൽഗാമിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെയുള്ള കേന്ദ്ര സുരക്ഷാ ഏജൻസികൾക്ക് പിഴവ് ഉണ്ടായോയെന്ന് പരിശോധിക്കണം. മനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് രാജ്യത്തുണ്ടായത്. ഭീകരവാദികളെ അമർച്ച ചെയ്യാനും രാജ്യസുരക്ഷ ഉറപ്പാക്കാനും കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
കശ്മീരിലെത്തിയ മലയാളികൾ എല്ലാവരും സുരക്ഷിതരാണെന്നാണ് ഇതുവരെയുള്ള വിവരം. മലയാളികളുടെ മടക്കയാത്രക്കുളള അടിയന്തര നടപടികൾ സംസ്ഥാന സർക്കാരും സ്വീകരിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.