Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖനനഭീമനുവേണ്ടി...

ഖനനഭീമനുവേണ്ടി പരിസ്ഥിതി അനുമതിയിൽ വെള്ളംചേർത്തു; അദാനിത്തട്ടിപ്പിനൊപ്പം വേദാന്ത വെട്ടിപ്പും

text_fields
bookmark_border
ഖനനഭീമനുവേണ്ടി പരിസ്ഥിതി അനുമതിയിൽ വെള്ളംചേർത്തു; അദാനിത്തട്ടിപ്പിനൊപ്പം വേദാന്ത വെട്ടിപ്പും
cancel

ന്യൂഡൽഹി: അപരന്മാരിലൂടെ സ്വന്തം ഓഹരികളിലേക്ക് പണമൊഴുക്കിയെന്ന അദാനി ഗ്രൂപ്പിനെതിരായ അതിഗുരുതര ആരോപണത്തിനു പിന്നാലെ, മോദി സർക്കാറിന്റെ സഹായത്തോടെ ഖനന-എണ്ണസംസ്കരണ ഭീമൻ വേദാന്ത ഗ്രൂപ് ശതകോടികളുടെ വൻ തട്ടിപ്പ് നടത്തിയെന്ന് അന്വേഷണാത്മക പത്രപ്രവർത്തക കൂട്ടായ്മയായ ഒ.സി.സി.ആർ.പി. പുതിയ പരിസ്ഥിതി അനുമതിയില്ലാതെ ഖനനകമ്പനികൾക്ക് 50 ശതമാനം വരെ അധിക ഉൽപാദനം സാധ്യമാക്കാൻ ആവശ്യമായ ഉത്തരവുകൾ നിയമവിരുദ്ധ വഴിയിലൂടെ കേന്ദ്ര സർക്കാർ നടത്തിക്കൊടുത്തുവെന്നാണ് തെളിയുന്നത്.

കോവിഡ് മഹാമാരിയുടെ മറവിൽ കേന്ദ്ര സർക്കാറുമായി രഹസ്യ ഇടപാട് നടത്തി രാജ്യത്തെ സുപ്രധാന പരിസ്ഥിതി നിയന്ത്രണ നിയമങ്ങൾ മറികടന്ന് അതിഭീമ നേട്ടമുണ്ടാക്കിയെന്നാണ്, ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് (ഒ.സി.സി.ആർ.പി) പുറത്തുവിട്ട പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്നത്. ഖനനകേന്ദ്രങ്ങളിൽ പൊതുജനസമ്മതം വേണമെന്ന വ്യവസ്ഥ, വേദാന്തക്കുവേണ്ടി നിയമവിരുദ്ധ മാർഗത്തിലൂടെ കേന്ദ്ര സർക്കാർ ലംഘിച്ചതായി നിരവധി സർക്കാർ രേഖകളുടെ വെളിച്ചത്തിൽ ഒ.സി.സി.ആർ.പി വ്യക്തമാക്കുന്നു.

ലേലത്തിലൂടെ പിടിച്ച എണ്ണപ്പാടങ്ങളിൽ പുതിയ നിക്ഷേപ കേന്ദ്രങ്ങൾ കണ്ടെത്താൻ ഡ്രില്ലിങ് നടത്തിയപ്പോൾ, നിയമപ്രകാരമുള്ള പൊതുജന ഹിയറിങ് മറികടക്കാൻ വേദാന്തയുടെ എണ്ണയുൽപാദന വിഭാഗമായ കെയ്ൻ ഇന്ത്യ സർക്കാറിൽ വിജയകരമായി ലോബിയിങ് നടത്തിയെന്ന് ഒ.സി.സി.ആർ.പി വെളിപ്പെടുത്തുന്നു. പ്രാദേശിക ജനതയുടെ എതിർപ്പുണ്ടായിട്ടും കെയ്നിന്റെ വിവാദമായ ആറു പദ്ധതികൾക്ക് അതിനുശേഷം അനുമതി ലഭിച്ചു.

‘കോവിഡ് മഹാമാരിയിൽ വലയുന്ന രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥ അതിവേഗം തിരിച്ചുവരുന്നതിന്’ പുതിയ പരിസ്ഥിതി അനുമതിയില്ലാതെ ഖനനകമ്പനികൾക്ക് 50 ശതമാനം വരെ അധിക ഉൽപാദനം നടത്താൻ നടപടിയെടുക്കണമെന്ന് വേദാന്ത ഗ്രൂപ് സ്ഥാപകൻ അനിൽ അഗർവാൾ, 2021ൽ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറിന് കത്തെഴുതി.

ഉൽപാദനം കുത്തനെ കൂടുന്നതിനും സാമ്പത്തിക വളർച്ചക്കും പുറമെ, സർക്കാറിന് വൻ വരുമാനമുണ്ടാവുമെന്നും വൻതോതിൽ തൊഴിൽ സൃഷ്ടിക്കപ്പെടുമെന്നുമെല്ലാമായിരുന്നു കത്തിലെ വാചകങ്ങൾ. അതിലളിതമായ നടപടിയിലൂടെ ഇത് സാധ്യമാക്കണമെന്നും വേദാന്ത ആവശ്യപ്പെട്ടു.

കത്തുകിട്ടിയപാടെ, ‘അതിപ്രധാനമായതെ’ന്ന കുറിപ്പോടെ മന്ത്രി അദ്ദേഹത്തിന്റെ മന്ത്രാലയത്തിന്റെ സെക്രട്ടറിക്ക് ഇത് കൈമാറുകയും നയപരമായ വിഷയം ഫോറസ്ട്രി ഡയറക്ടർ ജനറലുമായി ചർച്ചചെയ്യണമെന്ന് നിർദേശിക്കുകയും ചെയ്തു. മുൻകാലങ്ങളിൽ നിരസിക്കപ്പെട്ടിരുന്ന ഈ അനുമതി അനിൽ അഗർവാൾ ഇങ്ങനെ നേടിയെടുത്തു -ഒ.സി.സി.ആർ.പി വിശദീകരിക്കുന്നു. ഖനനവ്യവസായത്തിൽ ഏറ്റവും ബുദ്ധിമുട്ടേറിയതെന്ന് കരുതപ്പെട്ടിരുന്ന ഈ അനുമതികൾ, ‘അടച്ചിട്ട മുറികളിലെ’ ചർച്ചകളിലൂടെ പരിസ്ഥിതി മന്ത്രാലയം പാസാക്കി. ആഭ്യന്തര മെമ്മോകൾ, രഹസ്യയോഗങ്ങളുടെ മിനിറ്റ്സ്, വേദാന്ത മേധാവിയുടെ കത്തുകൾ തുടങ്ങി ആയിരക്കണക്കിന് രേഖകളിലൂടെയാണ് ഈ വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നതെന്നും ഒ.സി.സി.ആർ.പി പറഞ്ഞു.

ഭരണകക്ഷിയായ ബി.ജെ.പിയുടെ ഏറ്റവും വലിയ സാമ്പത്തിക ദാതാക്കളിലൊന്നായ വേദാന്ത, തെരഞ്ഞെടുപ്പ് കമീഷനിൽ സമർപ്പിച്ച രേഖകൾപ്രകാരം മാത്രം 2016-20 കാലഘട്ടത്തിൽ പാർട്ടിക്ക് 43.5 കോടി രൂപ നൽകിയതായി രേഖകളുണ്ടെന്ന് പത്രപ്രവർത്തക കൂട്ടായ്മ വെളിപ്പെടുത്തുന്നു.

കോടിക്കണക്കിന് രൂപയുടെ തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയതായി വേദാന്തയുടെ വാർഷിക റിപ്പോർട്ട് തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ പാർട്ടിക്ക് ലഭിച്ച തുക ഇതിലും എത്രയോ വലുതായിരിക്കുമെന്നും ഒ.സി.സി.ആർ.പി ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adani scamvedantha scam
News Summary - Vedanta scam along with Adani scam
Next Story