റൈറ്റ് സഹോദരന്മാരുടേതല്ല, വേദ കാലത്തിലെ ഋഷിയുടേതാണ് വിമാനമെന്ന ആശയം; അവകാശവാദവുമായി യു.പി ഗവർണർ
text_fieldsലക്നോ: റൈറ്റ് സഹോദരന്മാരല്ല വേദകാല ഋഷി ഭരദ്വാജാണ് വിമാനം എന്ന ആശയം ആവിഷ്കരിച്ചതെന്ന അവകാശവാദവുമായി യു.പി ഗവർണർ ആനന്ദിബെൻ പട്ടേൽ. തങ്ങളുടെ പൂർവികർ നടത്തിയ സമാനതകളില്ലാത്ത ഗവേഷണങ്ങളെയും കണ്ടുപിടുത്തങ്ങളെയും വിലമതിക്കാൻ വിദ്യാർഥികൾ പ്രാചീന ഇന്ത്യൻ ഗ്രന്ഥങ്ങൾ പഠിക്കണമെന്നും ലഖ്‌നൗവിലെ ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്തി ഭാഷാ സർവകലാശാലയുടെ ഒമ്പതാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവെ അവർ പറഞ്ഞു.
ഇന്ത്യൻ ഗ്രന്ഥങ്ങൾ പരിശോധിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് പട്ടേൽ സർവകലാശാലകളോട് ആഹ്വാനം ചെയ്യുകയും ഈ ഗ്രന്ഥങ്ങളെ ‘ജ്ഞാനത്തിന്റെ യഥാർത്ഥ നിധികൾ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ‘വേദകാലത്തിലെ ഋഷിയായ ഭരദ്വാജ് വിമാനം എന്ന ആശയം സങ്കൽപ്പിച്ചിരുന്നു. എന്നാൽ അതിന്റെ കണ്ടുപിടിത്തത്തിന്റെ ക്രെഡിറ്റ് മറ്റൊരു രാജ്യത്തിന് നൽകപ്പെട്ടു. ഇപ്പോൾ അത് റൈറ്റ് സഹോദരന്മാരുടെ കണ്ടുപിടുത്തമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു’ എന്നായിരുന്നു അവരുടെ വാക്കുകൾ. പുരാതന ഇന്ത്യയിലെ ഋഷിമാരുടെയും പണ്ഡിതന്മാരുടെയും ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങളും നൂതനത്വങ്ങളും ലോകം ഇന്നും പ്രയോജനപ്പെടുത്തുന്നുവെന്നും അവർ പറഞ്ഞു.
1903 ഡിസംബർ 17ന് അമേരിക്കയിലെ നോർത്ത് കരോലിനയിൽ ആദ്യമായി വിമാനം പറത്തിയതിന്റെ ബഹുമതി ഓർവില്ലും വിൽബർ റൈറ്റും പങ്കിട്ടെടുത്തിരുന്നു. ഇവർ ഒരുമിച്ച് റൈറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്നു. എന്നാൽ, രാമായണത്തിൽ വിവരിച്ചിരിക്കുന്ന പുഷ്പക വിമാനത്തിൽ പറക്കുന്ന യന്ത്രം എന്ന ആശയം പ്രകടമാകുന്നുവെന്നാണ് ചില ബി.ജെ.പി നേതാക്കളുടെ വാദം. 2015ലെ 102-ാമത് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിച്ച ഒരു ഗവേഷണ പ്രബന്ധത്തിലും റൈറ്റ് സഹോദൻമാരുടെ പങ്ക് തള്ളുകയുണ്ടായി. ഇതിനെതിരെ ചില ശാസ്ത്രജ്ഞർ നിശിത വിമർശനം ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.