കർണാടക സർക്കാർ സ്കൂളുകളിൽ വേദഗണിതവും
text_fieldsബംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിലെ പിന്നാക്ക വിഭാഗക്കാരായ കുട്ടികൾക്ക് വേദഗണിതം പഠിപ്പിക്കുന്നു. ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ (എസ്.സി.എസ്.പി), ട്രൈബൽ സബ്പ്ലാൻ (ടി.എസ്.പി) എന്നീ പദ്ധതികളിൽനിന്നാണ് വേദഗണിതം പഠിപ്പിക്കാനുള്ള ഫണ്ട് കണ്ടെത്തുക.
അഞ്ചുമുതൽ എട്ട് വരെ ക്ലാസുകളിലുള്ള സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് പരിധികളിലുള്ള എല്ലാ സർക്കാർ സ്കൂളുകളിലെയും പട്ടികജാതി-വർഗ വിദ്യാർഥികൾക്കാണ് വേദഗണിതം പഠിപ്പിക്കുക. അതേസമയം ശാസ്ത്രത്തിന്‍റെ അടിസ്ഥാനമില്ലാത്ത വേദകാലഘട്ടത്തിലേതെന്ന് പറയുന്ന ഗണിതം പഠിപ്പിക്കുന്നത് കാവിവത്കരണത്തിന്‍റെ തുടർച്ചയാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. ദലിത് സാമൂഹികപ്രവർത്തകരും എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ഹിരിയൂരിലെ എ.വി.എം അക്കാദമിയുമായി സഹകരിച്ച് റൂറൽ ഡവലപ്മെന്‍റ് ആൻഡ് പഞ്ചായത്തീരാജ് വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. വേദഗണിതം പട്ടികജാതി വർഗ വിദ്യാർഥികളെ പഠിപ്പിക്കാൻ അനുമതി തേടി അക്കാദമി സർക്കാറിനെ സമീപിച്ചിരുന്നു. ഓരോ പഞ്ചായത്തിലെയും 25 കുട്ടികളെയാണ് പഠിപ്പിക്കുക.
കഴിഞ്ഞ വ്യാഴാഴ്ച 25 സർക്കാർ സ്കൂളുകളിലെ കണക്ക് അധ്യാപകർക്ക് അക്കാദമിയുടെ നേതൃത്വത്തിൽ ആദ്യ പരിശീലനവും നൽകി. ഇവർ ചിക്കബല്ലാപൂർ ജില്ലയിലെ വിദ്യാർഥികൾക്കാണ് വേദഗണിതം പഠിപ്പിക്കുക. ശനിയും ഞായറും രണ്ട് മണിക്കൂർ വീതം 16 ആഴ്ചകളിലാണ് ഈ അധ്യാപകർ കുട്ടികൾക്ക് ക്ലാസെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.