കൃഷ്ണഗിരിയിൽ വീരപ്പന്റെ മകൾ സ്ഥാനാർഥി
text_fieldsചെന്നൈ: വനംകൊള്ളക്കാരൻ വീരപ്പന്റെ മകൾ വിദ്യാറാണിയുടെ സ്ഥാനാർഥിത്വം കൃഷ്ണഗിരി ലോക്സഭ മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നു. ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന മണ്ഡലത്തിൽ നാം തമിഴർ കക്ഷി സ്ഥാനാർഥിയായാണ് വിദ്യാറാണിയുടെ രംഗപ്രവേശനം. കൃഷ്ണഗിരിയിൽ പ്രീസ്കൂൾ നടത്തുന്ന നിയമ ബിരുദധാരികൂടിയായ വിദ്യാറാണി 2020ൽ ബി.ജെ.പിയിൽ ചേർന്നാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അവർ നാം തമിഴർ കക്ഷിയിൽ ചേർന്നത്.
വിദ്യാറാണി മൂന്നാം ക്ലാസിൽ പഠിക്കവേ ഒരിക്കൽ മാത്രമാണ് പിതാവിനെ കണ്ടിട്ടുള്ളത്. അമ്മ മുത്തുലക്ഷ്മി ജയിലിലായതിനെ തുടർന്ന് ഏഴു വയസ്സുവരെ ധർമപുരി ജില്ലയിലെ നെരുപൂർ ഗ്രാമത്തിൽ അമ്മൂമ്മക്കൊപ്പമാണ് താമസിച്ചിരുന്നത്. വേൽമുരുകൻ നയിക്കുന്ന തമിഴ് വാഴ്വുരിമൈ കക്ഷിയിൽ സജീവമാണ് മുത്തുലക്ഷ്മി. വീരപ്പൻ-മുത്തുലക്ഷ്മി ദമ്പതികൾക്ക് വിദ്യറാണി, വിജയലക്ഷ്മി എന്നീ രണ്ട് പെൺമക്കളാണുള്ളത്. വീരപ്പെൻറ മൃതദേഹം സേലം മേട്ടൂർ മൂലക്കാട്ടിലാണ് സംസ്കരിച്ചത്. വീരപ്പന്റെ ചരമദിനങ്ങളിൽ കുടുംബാംഗങ്ങളും മാവോ-നക്സൽ, തമിഴ് ദേശീയ സംഘടന പ്രവർത്തകരും ഇവിടെ ചടങ്ങുകൾ സംഘടിപ്പിച്ച് ആദരാഞ്ജലിയർപ്പിക്കുന്നത് പതിവാണ്.
ഭീകര വനംകൊള്ളക്കാരനായിരുന്നുവെങ്കിലും തന്റെ പിതാവ് പ്രദേശവാസികളുടെ ക്ഷേമം ഉറപ്പുവരുത്തിയിരുന്നുവെന്നും അദ്ദേഹത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പൊതുപ്രവർത്തനത്തിലേക്ക് തിരിഞ്ഞതെന്നും വിദ്യാറാണി പറയുന്നു. പിതാവ് ആഗ്രഹിച്ച വിധം ജനോപകാരപ്രദമായ പരിപാടികൾ നടപ്പാക്കുമെന്ന് വിദ്യാറാണി പ്രചാരണ യോഗങ്ങളിൽ പ്രഖ്യാപിക്കുന്നത് ഈ സാഹചര്യത്തിലാണ്. വിദ്യാറാണിയുടെ ചിഹ്നം ‘മൈക്ക്’ ആണ്. പ്രചാരണ വാഹനത്തിൽ വീരപ്പന്റെ പടവും സ്ഥാപിച്ചിട്ടുണ്ട്. 2004 ഒക്ടോബർ 18നാണ് ദ്രുതകർമസേനയുടെ വെടിയേറ്റ് വീരപ്പൻ കൊല്ലപ്പെട്ടത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഡോ. ചെല്ലകുമാർ ഒന്നരലക്ഷത്തിൽപരം വോട്ടുകളുടെ വ്യത്യാസത്തിൽ അണ്ണാ ഡി.എം.കെയിലെ കരുത്തനായ കെ.പി. മുനുസാമിയെ തോൽപിച്ചു. നിലവിൽ അണ്ണാ ഡി.എം.കെയുടെ ജയപ്രകാശും ഹൊസൂർ നിയമസഭ മണ്ഡലത്തിൽ മൂന്നു തവണ വിജയിച്ച മുൻ കോൺഗ്രസ് എം.എൽ.എ ഗോപിനാഥും തമ്മിലാണ് മുഖ്യ പോരാട്ടം. ബി.ജെ.പിയുടെ സി. നരസിമ്മനും കളത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.