മഹാരാഷ്ട്രയിൽ നിർഭയ ഫണ്ടിലെ വാഹനങ്ങൾ വിമത എം.എൽ.എമാരുടെ സുരക്ഷാകാവലിനെന്ന്
text_fieldsമുംബൈ: സ്ത്രീസുരക്ഷക്കുവേണ്ടി നിർഭയ ഫണ്ട് ഉപയോഗിച്ച് മുംബൈ പൊലീസ് വാങ്ങിയ വാഹനങ്ങൾ ശിവസേന വിമത എം.പി, എം.എൽ.എമാരുടെ സുരക്ഷക്കായാണ് ഉപയോഗിക്കുന്നതെന്ന് വെളിപ്പെടുത്തൽ. വിമതനീക്കത്തിനുശേഷം ഏക്നാഥ് ഷിൻഡെ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് വിമത എം.എൽ.എ, എം.പിമാർക്ക് വൈ പ്ലസ് സുരക്ഷ നൽകിയത്.
ഇവരുടെ സുരക്ഷസംഘത്തിന് മതിയായ വാഹനമില്ലാതായതോടെ നിർഭയ ഫണ്ടിലെ 47 ബൊലേറോ വാഹനങ്ങൾ നൽകുകയായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട്. ഇവയിൽ 17 എണ്ണം തിരിച്ചയച്ചെങ്കിലും 30 വാഹനങ്ങൾ ഇപ്പോഴും എം.എൽ.എമാരുടെ സുരക്ഷസംഘമാണ് ഉപയോഗിക്കുന്നത്. പെട്രോളിങ്ങിനും മറ്റും വേണ്ടിയാണ് നിർഭയ ഫണ്ട് വിനിയോഗിച്ച് സ്കൂട്ടറുകളും കാറുകളുമടക്കം 97 വാഹനങ്ങൾ പൊലീസ് വാങ്ങിയത്. വാർത്തവന്നതോടെ വിമർശനവുമായി ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യം രംഗത്തുവന്നു. സ്ത്രീകളെ സംരക്ഷിക്കുന്നതിനെക്കാൾ വലുതാണോ എം.എൽ.എമാരുടെ സുരക്ഷയെന്ന് പ്രതിപക്ഷം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.