വി.സിയിൽ നിന്ന് ബിരുദം സ്വീകരിക്കില്ലെന്ന് സുങ്കണ വെൽപുല; പ്രതിഷേധത്തിന് സദസിന്‍റെ കയ്യടി
text_fieldsഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ അപ്പാ റാവുവില്‍ നിന്നും ബിരുദം സ്വീകരിക്കാതെ ദളിത് വിദ്യാർഥി പ്രതിഷേധം. സുങ്കണ വെല്‍പുലയാണ് വി.സിയില്‍ നിന്നും ബിരുദം ഏറ്റുവാങ്ങില്ലെന്ന് പറഞ്ഞ് വേദിയില്‍ പ്രതിഷേധമുയർത്തിയത്. സര്‍വകലാശാല അധികൃതരുടെ സമീപനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർഥി രോഹിത് വെമുലക്കൊപ്പം അധികൃതരില്‍ നിന്നും നടപടി നേരിട്ട നാല് പേരില്‍ ഒരാളും സര്‍വകലാശാലയിലെ അംബേദ്കര്‍ അസോസിയേഷന്‍ നേതാവുമാണ് സുങ്കണ വെല്‍പുല.
ശനിയാഴ്ച ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ പതിനെട്ടാമത് ബിരുദദാന ചടങ്ങ് നടക്കവെയാണ് സംഭവമുണ്ടായത്. പേര് വിളിച്ചതിന് പിന്നാലെ വേദിയിലെത്തിയ വെൽപുല ബിരുദം സ്വീകരിക്കാതെ കൈകെട്ടി നിൽക്കുകയായിരുന്നു. താങ്കളിൽ നിന്നും ബിരുദം വാങ്ങില്ലെന്ന് വിസിയോട് തന്നെ നേരിട്ട് പറയുകയും ചെയ്തു. ഈ പ്രതിഷേധത്തെ സദസില്‍ ഇരുന്നവർ കയ്യടികളോടെയാണ് വരവേറ്റത്. വൈസ് ചാൻസലർ അപ്പാ റാവുയോട് ബിരുദം സ്വീകരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടെങ്കിലും മറ്റ് ആരിൽ നിന്നു വാങ്ങിയാലും താങ്കളിൽ നിന്നും ബിരുദം വാങ്ങില്ലെന്ന് വ്യക്തമാക്കുകയായിരുന്നു വെൽപുല. തുടര്‍ന്ന് അധ്യക്ഷ വേദിയില്‍ ഇരുന്ന പ്രോ വൈസ് ചാന്‍സലര്‍ വിപിന്‍ ശ്രീവാസ്തവയാണ് വെല്‍പുലയ്ക്ക് ബിരുദം കൈമാറിയത്.
ഹൈദരാബാദ് സര്‍വകലാശാല ഹോസ്റ്റല്‍ മുറിയില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവം രാജ്യത്ത് വന്‍ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. വിദ്യാർഥി പ്രക്ഷോഭം ശക്തമായതോടെ അപ്പാ റാവു അവധിയില്‍ പ്രവേശിച്ചിരുന്നു. വീണ്ടും വി.സിയായി മെയ് മാസത്തില്‍ തിരിച്ചെത്തുകയായിരുന്നു. രോഹിത് വെമുലയുടെ ആത്മഹത്യയില്‍ പട്ടികജാതി/പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം അപ്പാ റാവുവിനെതിരെ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.