രാജ്യസഭയിൽ വിതുമ്പി ഉപരാഷ്ട്രപതി-'ഉറങ്ങാന്‍ കഴിഞ്ഞില്ല, രോഷം വ്യക്തമാക്കാന്‍ വാക്കുകളില്ല'
text_fieldsന്യൂഡല്‍ഹി: രാജ്യസഭയില്‍ കഴിഞ്ഞ ദിവസമുണ്ടായ ബഹളത്തിനിടെ പ്രതിപക്ഷ അംഗങ്ങളുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായതിൽ വികാരാധീനനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സഭയിലെ പ്രതിഷേധത്തെ കുറിച്ച് സംസാരിക്കവേ അദ്ദേഹം വിങ്ങിപ്പൊട്ടി. 'ഈ സഭയെ ഇത്രയും താഴ്ന്ന നിലയിലാക്കാനിടയാക്കിയ പ്രകോപനമോ കാരണമോ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ട് ഉറക്കമില്ലാത്ത രാത്രിയായിരുന്നു എനിക്ക്. എന്‍റെ രോഷം വ്യക്തമാക്കാൻ വാക്കുകൾ കിട്ടുന്നില്ല'- വെങ്കയ്യ നായിഡു പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ ചര്‍ച്ച ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ചൊവ്വാഴ്ച പ്രതിപക്ഷ അംഗങ്ങള്‍ കറുത്ത തുണി വീശിയും സെക്രട്ടറി ജനറലിന്‍റെ മേശപ്പുറത്ത് കയറിയും ഫയല്‍ വലിച്ചെറിഞ്ഞും പ്രതിഷേധിച്ചത്. സഭയിലെ നടുത്തളവും ഉദ്യോഗസ്ഥരുടെ മേശയുമൊക്കെ ജനാധിപത്യമെന്ന ക്ഷേത്രത്തിന്‍റെ ശ്രീകോവിലുകളാണെന്നും ചില അംഗങ്ങൾ അതിന്‍റെ പവിത്രത നശിപ്പിച്ചെന്നും ഉപരാഷ്ട്രപതി കുറ്റപ്പെടുത്തി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്നും രാജ്യസഭയുടെ പ്രവർത്തനം തടസ്സപ്പെടുന്ന അവസ്ഥ വന്നപ്പോഴാണ് അദ്ദേഹം വികാരാധീനനായി പ്രതികരിച്ചത്.
'വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷത്തെ ചില എം.പിമാരുടെ ഭാഗത്തുനിന്നുള്ള പെരുമാറ്റം വേദനാജനകമാണ്. അത് ചെയ്യ്, ഇത് ചെയ്യ് എന്നൊക്കെ പറഞ്ഞ് ഒരു സർക്കാറിനെ നിർബന്ധിക്കാൻ നിങ്ങൾക്ക് കഴിയില്ല. ഇന്നലെ ചർച്ച അനുവദിച്ചിരുന്നതിനാൽ ഏത് പ്രശ്നവും ഉയർത്തിക്കൊണ്ടുവരുന്നതിന് തടസ്സമില്ലായിരുന്നു. അഭിപ്രായഭിന്നത എല്ലാക്കാര്യത്തിലും ഉണ്ടാകാം. അത് ചർച്ച ചെയ്യുകയും വോട്ടിനിടുകയുമാണ് വേണ്ടത്. കഴിഞ്ഞ ദിവസം നടന്ന അനിഷ്ട സംഭവങ്ങളെ കുറിച്ച് ആലോചനയും പരിഹാര നടപടികളുമുണ്ടാകണം. അതിൽ പരാജയപ്പെട്ടാൽ നമ്മുടെ പാര്‍ലമെന്‍ററി ജനാധിപത്യം അപ്രസക്തമാകും' -വെങ്കയ്യ നായിഡു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.