ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി വിവേചനം രൂക്ഷമെന്ന് വേണുഗോപാൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രൂക്ഷമായ ജാതി വിവേചനമാണ് ഒ.ബി.സി, പട്ടിക ജാതി, പട്ടിക വർഗ വിദ്യാർഥികൾ നേരിടുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രാജ്യസഭയിൽ കുറ്റപ്പെടുത്തി.
ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും ഈ സമുദായക്കാരായ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിനും ആത്മഹത്യകൾക്കും ഇതാണ് കാരണമെന്നും വെള്ളിയാഴ്ച ശൂന്യവേളയിൽ വേണുഗോപാൽ ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്കെതിരെ വർധിച്ചു വരുന്ന ജാതി വിവേചനവും അതിക്രമവും തടയാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ വേണുഗോപാലിന് പിന്തുണയുമായി നിരവധി പ്രതിപക്ഷ എം.പിമാർ രംഗത്തുവന്നു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 13,000 ത്തിലധികം പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക ജാതിക്കാരായ വിദ്യാർഥികൾ ഐ.ഐ.ടി, ഐ.ഐ.എം, കേന്ദ്ര സർവകലാശാലകൾ എന്നിവിടങ്ങളിൽ പഠനം ഉപേക്ഷിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി തന്നെ കഴിഞ്ഞ ദിവസം ലോക്സഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയതെന്ന് വേണുഗോപാൽ പറഞ്ഞു. കേന്ദ്ര സർവകലാശാലകളിൽ നിന്ന് 4596 ഒ.ബി.സി വിദ്യാർഥികളും, 2424 എസ്.സി വിദ്യാർഥികളും, 2622 എസ്.സി വിദ്യാർഥികളും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു. ഐ.ഐ.ടി യിൽ യഥാക്രമം 2066, 1068, 408 എന്ന നിലയിലാണ് ഈ സമുദായക്കാരായ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്. ഐ.ഐ.എമ്മിൽ യഥാക്രമം 163, 188, 91 എന്ന നിലയിലും വിദ്യാർഥികൾ കൊഴിഞ്ഞുപോയി.
ഈ കൊഴിഞ്ഞു പോക്ക് മറ്റു സ്ഥാപനങ്ങളിലേക്കുള്ള കുടിയേറ്റം കാരണമാണെന്ന മന്ത്രിയുടെ വാദം ഖണ്ഡിച്ച വേണുഗോപാൽഈ സമുദായക്കാരായ വിദ്യാർഥികൾ മാത്രം മറ്റു സ്ഥാപനങ്ങളിലേക്ക് കുടിയേറുന്നത് എങ്ങിനെയാണെന്ന് ചോദിച്ചു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊടികുത്തി വാഴുന്ന ജാതി വിവേചനവും, പിന്നോക്ക വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുമാണിതിന് കാരണം. ഐ.ഐ.ടികളിലും, കേന്ദ്ര സർവകലാശാലകളിലും വർദ്ധിച്ചു വരുന്ന വിദ്യാർത്ഥി ആത്മഹത്യകൾ ഇതിലേക്കുള്ള ചൂണ്ടുപലകയാണ്.
കേന്ദ്ര സർക്കാർനൽകിയ കണക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2014 മുതൽ 2021 വരെ 122 വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതിൽ ബഹുഭൂരിഭാഗവും അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽപ്പെട്ട പാവപ്പെട്ട വിദ്യാർഥികളാണ്. ‘എന്റെ ജന്മം തന്നെ ഏറ്റവും വലിയ തിരിച്ചടിയാണെന്ന്’ ആത്മഹത്യ കുറിപ്പെഴുതി ജീവനൊടുക്കിയ രോഹിത് വെമുലയെ നമ്മളാരും മറന്നിട്ടില്ലെന്നും വേണുഗോപാൽ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.