രാഹുൽ ഗാന്ധി കേസിലെ വിധി; അപകീർത്തി ബി.ജെ.പിക്കും ഗുജറാത്ത് കോടതികൾക്കും
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധി കോൺഗ്രസിനും പ്രതിപക്ഷ മുന്നണിക്കും നൽകുന്നത് വലിയ ആശ്വാസവും ആവേശവുമാണ്. രാഹുലിനെതിരായ അപകീർത്തി കേസിലൂടെ മോദി സർക്കാറും ബി.ജെ.പിയും ഗുജറാത്തിലെ കോടതികളും ഏറ്റുവാങ്ങുന്നതാകട്ടെ, വലിയ അപകീർത്തി.
- സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി സെഷൻസ് കോടതിയും ഗുജറാത്ത് ഹൈകോടതിയും ശരിവെക്കുകയായിരുന്നു. ഈ മൂന്നു കോടതികളുടെയും നിലപാടിനെ തള്ളിപ്പറഞ്ഞുകൊണ്ടാണ് രാഹുലിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചത്. അപകീർത്തി കേസിൽ പരമാവധി ശിക്ഷയായ രണ്ടു വർഷം തടവ് നൽകിയത്, എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയെന്ന ഒറ്റ ലക്ഷ്യം മുൻനിർത്തിയായിരുന്നുവെന്ന സൂചനയും സുപ്രീംകോടതി വിധിയിൽ വായിക്കാം. ഗുജറാത്തിലെ മൂന്നു കീഴ്കോടതികളുടെയും നിഷ്പക്ഷത ചോദ്യം ചെയ്യുന്നതാണ് സുപ്രീംകോടതി നിരീക്ഷണങ്ങൾ.
-- ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഗുരുതരമായ കേസുകളിൽനിന്നും പ്രതികൾ ഊരിപ്പോയത് സംസ്ഥാനത്തെ നിയമ-നീതിന്യായ സംവിധാനത്തിനുനേരെ വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തിയിരുന്നു. ബിൽകീസ് ബാനു കേസ്, മായാ കോട്നാനി കേസ് തുടങ്ങിയവ കൊടും കുറ്റക്കാരെ തടവറയിൽനിന്ന് പുറത്തേക്ക് ഇറക്കുകയാണ് ചെയ്തത്.
പതിറ്റാണ്ടുകളായി ബി.ജെ.പി ഭരണം നടത്തുന്ന സംസ്ഥാനത്തെ പൊലീസ്-നീതിന്യായ സംവിധാനങ്ങളുടെ പക്ഷപാതിത്വത്തിന് തെളിവായി രാഹുലിന്റെ കേസും മാറി.
-- രാഹുൽ കേസിൽ മോദിസർക്കാറിനും ബി.ജെ.പിക്കും ഏറ്റത് മാരക പരിക്കാണ്. രാഹുലിനെ കോടതി ശിക്ഷിക്കുകയും എം.പി സ്ഥാനത്തിന് അയോഗ്യത കല്പിക്കുകയും ചെയ്തത് കോൺഗ്രസിനെ തളർത്തുകയല്ല, പ്രതിപക്ഷ മുന്നണിയായ ഇൻഡ്യയുടെ പിറവിക്ക് നിമിത്തമായി തീർന്നു. രാഹുലിനെ കോടതിവ്യവഹാരങ്ങളിൽ തളച്ചിടാനും പാർലമെന്റിൽനിന്ന് പുറന്തള്ളാനുമുള്ള നീക്കമായിരുന്നു ബി.ജെ.പി നേതാവായ പൂർണേഷ് മോദിയുടെ അപകീർത്തി കേസ്. എന്നാൽ, കേന്ദ്ര അന്വേഷണ ഏജൻസികളുടെ വേട്ടയാടൽ മുതൽ രാഹുലിന്റെ എം.പി സ്ഥാനം കളഞ്ഞതുവരെയുള്ള ഭരണകൂടത്തിന്റെ തുടർച്ചയായ പ്രതികാര നടപടികൾ പ്രതിപക്ഷ പാർട്ടികളെ ദുർബലപ്പെടുത്താനുള്ള നീക്കമായി കണ്ട് പ്രതിപക്ഷം സടകുടഞ്ഞ് എഴുന്നേൽക്കുകയായിരുന്നു.
-- ഒന്നിനു പുറകെ ഒന്നായി സുപ്രീംകോടതിയിൽനിന്ന് ഏൽക്കുന്ന പ്രഹരവും മണിപ്പൂർ കലാപം നിയന്ത്രിക്കാത്തതും ബി.ജെ.പിയേയും മോദിസർക്കാറിനെയും പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. രാഹുലിനെതിരായ വിധി സ്റ്റേ ചെയ്തതിനു തൊട്ടുമുമ്പത്തെ ദിവസങ്ങളിലാണ് മണിപ്പൂർ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളെ സുപ്രീംകോടതി കുടഞ്ഞത്. അഴിമതി-അവസരവാദ സംഘമാണ് ഇൻഡ്യ മുന്നണിയെന്ന ആരോപണം ഉന്നയിച്ച് പ്രതിപക്ഷത്തെ നേരിട്ടുവരുകയായിരുന്നു ബി.ജെ.പി. എന്നാൽ, കേന്ദ്ര ഏജൻസികളെയും നീതിന്യായ സംവിധാനങ്ങളെത്തന്നെയും ബി.ജെ.പി ദുരുപയോഗിക്കുന്നുവെന്ന കാഴ്ചപ്പാട് പൊതുസമൂഹത്തിൽ ബലപ്പെടുത്തുകയാണ് സുപ്രീംകോടതിയിൽനിന്ന് രാഹുൽ നേടിയ ആശ്വാസം. ഫലത്തിൽ ജയിച്ചത് രാഹുൽ; തോറ്റത് മോദി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.