കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര കോടതി വിധി ജൂലൈ 17ന്
text_fieldsന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാകിസ്താൻ പട്ടാളകോടതി വധശിക്ഷക്ക് വിധിച്ച ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽ ഭൂഷൺ ജാദവിന്‍റെ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഈ മാസം 17ന് വിധി പറയും. ചാരപ്രവർത്തനം ആരോപിച്ചാണ് കുൽഭൂഷൻ ജാ ദവിനെ പാകിസ്താൻ 2016 മാർച്ചിൽ ബലൂചിസ്ഥാനിൽ വച്ച് അറസ്റ്റ് ചെയ്തത്.
പാകിസ്താൻ പട്ടാളകോടതിയുടെ വിചാരണ പ്രഹസനമായിരുന്നെന്നും കുൽഭൂഷണിനെ വെറുതെവിടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. 2017 മേയിൽ കുൽഭൂഷണിന്‍റെ വധശിക്ഷ നടപ്പാക്കുന്നത് കേസിൽ തീർപ്പുകൽപ്പിക്കുന്നത് വരെ അന്താരാഷ്ട്ര കോടതി തടഞ്ഞു.
കുൽഭൂഷണെതിരായ ചാരവൃത്തി ആരോപണത്തിന് തെളിവില്ലെന്നും അദ്ദേഹത്തിന് ആവശ്യമായ നിയമസഹായം നൽകാത്ത പാകിസ്ഥാന്‍റെ നടപടി വിയന്ന കൺവെൻഷൻ ഉടമ്പടിയുടെ ലംഘനമാണെന്നും ഇന്ത്യ വാദിച്ചിരുന്നു. നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൺ വിരമിച്ച ശേഷം വ്യാപാര ആവശ്യങ്ങൾക്കായി ഇറാനിലെത്തിയപ്പോൾ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നാണ് ഇന്ത്യയുടെ വാദം.
എന്നാൽ, കുൽഭൂഷൺ ചാരനാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് പാകിസ്താൻ. കുൽഭൂഷണ് നിയമസഹായം ഏർപ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യവും പാകിസ്താൻ തള്ളി. സ്വന്തം ചാരൻ ശേഖരിച്ച വിവരങ്ങൾ ലഭിക്കാൻ വേണ്ടിയാണ് ഇന്ത്യ ഇത്തരത്തിൽ ആവശ്യപ്പെടുന്നതെന്നായിരുന്നു പാക് വാദം. കുൽഭൂഷണിന്‍റെതെന്ന പേരിൽ കുറ്റസമ്മത മൊഴിയും പാകിസ്താൻ ഹാജരാക്കിയിരുന്നു.
അതിനിടെ, 2017 ഡിസംബറിൽ കുൽഭൂഷണിന്‍റെ ഭാര്യക്കും മാതാവിനും ഇസ് ലാമാബാദിലെത്തി അദ്ദേഹത്തെ കാണാൻ പാകിസ്താൻ അവസരം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.