അഹമദാബാദ് സ്ഫോടന പരമ്പര: വിധി ഇന്ന്
text_fieldsഅഹമദാബാദ്: 13 വർഷം നീണ്ട വിചാരണക്കൊടുവിൽ അഹമദാബാദ് സ്ഫോടന പരമ്പര കേസിൽ ഗുജറാത്ത് പ്രത്യേക കോടതി ഇന്ന് വിധി പറയും. പ്രത്യേക കോടതി ജഡ്ജി എ.ആർ പട്ടേലായിരിക്കും കേസിൽ വിധി പറയുക. 80 പേരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്നത്. കേസിൽ 20 എഫ്.ഐ.ആറുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേസിന്റെ വിചാരണ കോടതി അവസാനിപ്പിച്ചിരുന്നു. ഈ മാസം ആദ്യം കേസിൽ വിധി പറയുമെന്ന നോട്ടീസ് ഇറക്കിയെങ്കിലും പിന്നീട് മാറ്റി വെക്കുകയായിരുന്നു. സമീപ കാലങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയ ക്രിമിനൽ വിചാരണ നേരിട്ട കേസുകളിൽ ഒന്നാണിത്.
2008 ജൂലൈ 26ന് നടന്ന സ്ഫോടന പരമ്പരയിൽ 56 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ 1,100 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. സബർമതി സെൻട്രൽ ജയിലിൽ നിന്നാണ് പ്രത്യേക കോടതി കേസ് ആദ്യം പരിഗണിച്ചത്.
ഇന്ത്യൻ മുജാഹീദിൻ ആണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് പൊലീസിന്റെ ആരോപണം. വിവധയിടങ്ങളിലായി സൈക്കിളുകളിൽ സ്ഥാപിച്ച 21 ബോംബുകളാണ് പൊട്ടിത്തെറിച്ചത്. 70 മിനിറ്റിനുള്ളിലായിരുന്നു സ്ഫോടനങ്ങൾ.
സൂറത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും പിന്നീട് പൊലീസ് ബോംബുകൾ കണ്ടെത്തുകയും നിർവീര്യമാക്കുകയും ചെയ്തിരുന്നു.
2009ൽ കേസിൽ വിചാരണ ആരംഭിച്ച ശേഷം പ്രതികളായ രണ്ട് പേർക്കാണ് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.