'യാസ്' അതിശക്ത ചുഴലിക്കാറ്റ് തീരംതൊട്ടു; ഒഡിഷ-ബംഗാൾ തീരത്ത് കനത്ത മഴ
text_fieldsകൊൽക്കത്ത/ബലാസോർ/റാഞ്ചി: അതിശക്തമായ മഴക്കൊപ്പം സംഹാര രൂപിയായി വീശിയടിച്ച അതിതീവ്ര 'യാസ്' ചുഴലിക്കാറ്റിൽ ഒഡിഷ-ബംഗാൾ തീരത്ത് വൻ നാശനഷ്ടം. കാറ്റിെൻറ ശക്തിയിൽ ഇരമ്പിയെത്തിയ തിരമാല രണ്ടു സംസ്ഥാനങ്ങളിലെ തീരനഗരങ്ങളെയും ഗ്രാമപ്രദേശങ്ങെളയും വെള്ളത്തിൽ മുക്കി. തീരഭാഗങ്ങളിൽ മണ്ണിൽ നിർമിച്ച പതിനായിരക്കണക്കിന് വീടുകൾ പൂർണമായി കാറ്റെടുത്തു.
കൃഷിസ്ഥലങ്ങളും വെള്ളത്തിനടിയിലായി. ഒഡിഷയിൽ മൂന്നുപേരും ബംഗാളിൽ ഒരാളും മരിച്ചു. ചുഴലിക്കാറ്റിൽ ഒരുകോടിപ്പേർക്ക് നാശനഷ്ടമുണ്ടായെന്നും മൂന്ന് ലക്ഷം വീടുകൾ തകർന്നുവെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ് ബുധനാഴ്ച രാവിലെ 9.15ഓടെ യാസ് ചുഴലിക്കാറ്റായി ഒഡിഷയിലെ ദംറ പോർട്ടിനടുത്തുകൂടി ഇരു സംസ്ഥാനങ്ങളിലേയും തീരത്തേക്ക് കയറിയത്. മണിക്കൂറിൽ 140 കിലോമീറ്ററായിരുന്നു വേഗം.
നാളെ വരെ കനത്ത മഴ തുടരുമെങ്കിലും മൂന്നു മണിക്കൂറിനുശേഷം അതി തീവ്ര ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് സാധാരണ ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച കാറ്റ് ഝാർഖണ്ഡ് തീരത്തേക്ക് കടക്കും. പൂർബ മേദിനിപുർ, സൗത്ത് 24 പർഗാനാസ്, നോർത് 24 പർഗാനാസ് എന്നീ ജില്ലകളിലാണ് ബംഗാളിൽ വൻ നാശമുണ്ടായതെന്ന് മുഖ്യമന്ത്രി മമത പറഞ്ഞു. ബംഗാളിൽ 15 ലക്ഷത്തോളം പേരെ മുൻകൂട്ടി ഒഴിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി വൈദ്യുതാഘാതേമറ്റ് രണ്ട് പേർ മരിച്ചതായും അധികൃതർ അറിയിച്ചു.
ഒഡിഷയിൽ ആറു ലക്ഷം പേരെയും ഒഴിപ്പിച്ചിരുന്നു. തീര വിനോദ സഞ്ചാര കേന്ദ്രമായ ബംഗാളിലെ ദിഗയിൽ നെഞ്ചിനൊപ്പം വെള്ളം കയറി. പൂർബ മേദിനിപ്പുറിെൻറ ഭാഗമാണ് ദിഗ. ഒഡിഷയിൽ ഭദ്രക് ജില്ലയിലെ ദംറ, ബസുദേവ്പുർ കൂടാതെ ബലാസോർ ജില്ലയിലെ ബഹനാഗ, രെമുണ എന്നീ പ്രദേശങ്ങൾ പൂർണമായി വെള്ളത്തിൽ മുങ്ങി. മരം വീണാണ് ഒഡിഷയിൽ രണ്ടു മരണമുണ്ടായത്. വീട് തകർന്ന് സ്ത്രീയും മരിച്ചു. ആദ്യം രക്ഷപ്പെടുത്തിയ ആളാണ് ബംഗാളിൽ പിന്നീട് മരിച്ചതെന്ന് മുഖ്യമന്ത്രി മമത പറഞ്ഞു.
ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായികും സംസ്ഥാനത്തെ നാശനഷ്ടം വിലയിരുത്തി. കാറ്റ് സംസ്ഥാനത്തേക്ക് കടക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഝാർഖണ്ഡിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ബുധനാഴ്ച രാത്രിയോടെ ആളുകളെ ഒഴിപ്പിച്ചു. ഒരാഴ്ചക്കിടെ ഇന്ത്യയിൽ വീശിയ രണ്ടാം ചുഴലിക്കാറ്റാണ് യാസ്. തൊട്ടുമുമ്പ് ടൗക്ടേയാണ് നാശം വിതച്ച് കടന്നുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.