പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു
text_fieldsന്യൂഡൽഹി: പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി (83) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ആശുപത്രിയിലായിരുന്നു. ന്യൂഡൽഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
സ്വതന്ത്രാനന്തര ഇന്ത്യയിലെ ഏറ്റവും ജനപ്രീതി നേടിയ ക്ലാസിക്കൽ നർത്തകിമാരിൽ ഒരാളാണ്. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും ഒരുപോലെ തിളങ്ങി. ഒഡിസിയും അവതരിപ്പിച്ചിരുന്നു. വടക്കേ ഇന്ത്യയിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഭരതനാട്യവും കുച്ചിപ്പുഡിയും പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ആന്ധ്രയിലെ ചിറ്റൂർ മദനപ്പള്ളിയിലുള്ള കലാകുടുംബത്തിൽ 1940 ഡിസംബർ 20നാണ് ജനനം. കുടുംബം പിന്നീട് തമിഴ്നാട്ടിലേക്ക് മാറി. അച്ഛൻ സംസ്കൃത പണ്ഡിതനും മുത്തച്ഛൻ ഉർദു കവിയും ആയിരുന്നു. ചെറുപ്രായത്തിൽതന്നെ ചെന്നൈ കലാക്ഷേത്രയിൽ ചേർന്ന് നൃത്ത പഠനം തുടങ്ങി. ആദ്യകാലമുടനീളം ചെലവിട്ടത് ചിദംബരത്തായിരുന്നു. അവിടുത്തെ തില്ലൈ നടരാജ ക്ഷേത്രവും അതിലെ ശിൽപങ്ങളും ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളും ജീവിതത്തെ ഏറെ സ്വാധീനിച്ചു. 1957ൽ ചെന്നെയിൽ ആദ്യ പൊതുപരിപാടി അവതരിപ്പിച്ചു. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
28 വയസുള്ളപ്പോഴാണ് പദ്മശ്രീ നൽകി രാജ്യം ആദരിച്ചത്. 2001ൽ പദ്മഭൂഷണും 2016ൽ പദ്മ വിഭൂഷണും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.