മുതിർന്ന കോൺഗ്രസ് നേതാവ് മാധവ് സിങ് സോളങ്കി അന്തരിച്ചു
text_fieldsഗാന്ധിനഗർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ വകുപ്പ് മന്ത്രിയുമായിരുന്ന മാധവ് സിങ് സോളങ്കി അന്തരിച്ചു. 93 വയസായിരുന്നു. നാല് തവണ ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നു. ഗാന്ധിനഗറിലെ സ്വവസതിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. എ.ഐ.സി.സി ജനറൽ സെക്രട്ടറി ആയിരിക്കെ കേരളത്തിന്‍റെ ചുമതല വഹിച്ചിട്ടുണ്ട്.
ഗുജറാത്തിൽ സ്വാധീനമുളള നാല് സമുദായങ്ങളായ ക്ഷത്രിയര്‍, ദളിതര്‍, ആദിവാസികള്‍, മുസ്‌ലിംകള്‍ എന്നിവരെ ഒരുമിച്ച് ചേർത്തുണ്ടാക്കിയ 'ഖാം' സിദ്ധാന്തം വഴി 1980കളിൽ അദ്ദേഹം തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി. 1976ല്‍ ആണ് ആദ്യമായി മുഖ്യമന്ത്രി കസേരയിലെത്തിയത്.
നാല് സമുദായങ്ങളുടെയും ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയതാണ് ഖാം ( kham). ഇത് ഗുജറാത്തിലെ ഏറ്റവും ശക്തരായ പട്ടേല്‍ വിഭാഗം കോണ്‍ഗ്രസില്‍ നിന്ന് അകലാൻ കാരണമായിരുന്നു. 1981ൽ അദ്ദേഹം സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തി.
1985ല്‍ നടന്ന സംവരണ വിരുദ്ധ സമരത്തെ തുടർന്ന് രാജിവെച്ചെങ്കിലും 182 സീറ്റുകളിൽ 149ഉം നേടി വൈകാതെ അധികാരത്തിൽ തിരിച്ചെത്തി. നരസിംഹറാവു മന്ത്രിസഭയിലായിരുന്നു വിദേശകാര്യമന്തിയായിരുന്നത്. ബോഫോഴ്സ് കേസിന്‍റെ സമയത്ത് സ്വീഡിഷ് സര്‍ക്കാരിനോട് അന്വേഷണം നിര്‍ത്താൻ സോളങ്കി ആവശ്യപ്പെട്ടതായി ആരോപണമുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള പ്രമുഖരും സോളങ്കിയുടെ നിര്യാണത്തിൽ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.