മുൻ കേന്ദ്രമന്ത്രി സുഖ്റാം അന്തരിച്ചു
text_fieldsന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ഹിമാചൽ പ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ പണ്ഡിറ്റ് സുഖ്റാം അന്തരിച്ചു. 94 വയസ്സായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയവെ ബുധനാഴ്ച പുലർച്ച 1.33നായിരുന്നു അന്ത്യം. പേരക്കുട്ടി ആശ്ര ശർമയാണ് മരണവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
1927 ജൂലൈ 27ന് ഹിമാചലിലാണ് പണ്ഡിറ്റ് സുഖ്റാമിന്റെ ജനനം. അഞ്ചു തവണ നിയമസഭ തെരഞ്ഞെടുപ്പിലും മൂന്നു തവണ ലോക്സഭ തെരഞ്ഞെടുപ്പിലും വിജയിച്ചു. 1993ൽ മാണ്ടി ലോക്സഭ മണ്ഡലത്തിൽനിന്ന് എം.പിയായ സുഖ്റാം കേന്ദ്ര വാർത്ത വിതരണ മന്ത്രിയായിരുന്നു.
എന്നാൽ, ടെലികോം വകുപ്പിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് 2011ൽ അഞ്ചു വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. ഇതോടെ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കി. പിന്നാലെ ഹിമാചൽ വികാസ് കോൺഗ്രസ് പാർട്ടിയിൽ ചേർന്ന സുഖ്റാം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുകയും സർക്കാർ രൂപവത്കരിക്കുകയും ചെയ്തു. 1998ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മാണ്ടി സദറിൽനിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് വൻ തിരിച്ചുവരവ് നടത്തി.
ആ വർഷം തന്നെ മകൻ അനിൽ ശർമ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1984ൽ രാജീവ് ഗാന്ധി മന്ത്രിസഭയിലും സുഖ്റാം വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. 2017ൽ പാർട്ടി വിട്ടെങ്കിലും 2019 കോൺഗ്രസിൽ തിരിച്ചെത്തുകയായിരുന്നു. മകൻ അനിൽ ശർമ നിലവിൽ മാണ്ടിയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ആണ്. നടൻ ആയുഷ് ശർമയാണ് മറ്റൊരു മകൻ. മരണത്തിൽ ഹിമാചൽ മുഖ്യമന്ത്രി ജയ് റാം ഠാകുർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.