പ്രശസ്ത മാധ്യമപ്രവർത്തകൻ കുൽദീപ് നയ്യാർ അന്തരിച്ചു
text_fieldsന്യൂഡൽഹി: ഇന്ത്യൻ മാധ്യമലോകത്തെ കുലപതിയായ കുൽദീപ് നയാർ അന്തരിച്ചു. 95 വയസ്സായിരുന്നു. പത്രപ്രവർത്തകൻ, എഴുത്തുകാരൻ, മനുഷ്യാവകാശ പ്രവർത്തകൻ, നയതന്ത്രജ്ഞൻ, പാർലമെൻറംഗം, ഗ്രന്ഥകാരൻ തുടങ്ങി നിരവധി മേഖലകളിൽ ഒരുപോലെ തിളങ്ങിയ അതികായനാണ് വിടവാങ്ങിയത്. ന്യുമോണിയ ബാധിച്ച് ഏതാനും ദിവസമായി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് അന്ത്യം. പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ മൃതദേഹം ലോധിറോഡ് ശ്മശാനത്തിൽ സംസ്കരിച്ചു.
ബഹുമുഖ പ്രതിഭയായിരുന്ന കുൽദീപ് നയാർ മികച്ച പത്രപ്രവർത്തകൻ എന്ന നിലയിലാണ് ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്. വിഭജനം മുതൽ സ്വതന്ത്ര ഇന്ത്യക്കൊപ്പം നടക്കുകയും, ആഴത്തിൽ പഠിക്കുകയും അറിവുകൾ പങ്കുവെക്കുകയും ചെയ്ത എഴുത്തുകാരൻ. നിരവധി രഹസ്യവിവരങ്ങൾ പുറംലോകത്തെത്തിച്ച മാധ്യമപ്രവർത്തകൻ. അധികാരത്തിനു മുന്നിൽ നെട്ടല്ലു വളക്കാത്ത മാധ്യമപ്രവർത്തകനായി അറിയപ്പെടുന്ന കുൽദീപ് നയാർ മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളുടെ മുൻനിരയിൽ ഉണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ അടക്കപ്പെട്ട പത്രപ്രവർത്തകരിൽ ഒരാൾ.
മുൻപ്രധാനമന്ത്രി ലാൽബഹദൂർ ശാസ്ത്രിയുടെ മാധ്യമ ഉപദേശകനായിരുന്ന കുൽദീപ് നയാർ ഇന്ത്യയും പാകിസ്താനും താഷ്കൻറ് ഉടമ്പടി ഒപ്പുവെച്ചതിനു സാക്ഷിയായിരുന്നു. അതേ രാത്രിയാണ് ഹൃദയാഘാതംമൂലം ശാസ്ത്രി അന്തരിച്ചത്. ഇന്ത്യ-പാക് വിഭജനം കുൽദീപ് നയാറുടെ ചിന്താധാരയെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. വിഭജനത്തിെൻറ മുറിപ്പാടുകളിൽനിന്നാണ് മതനിരപേക്ഷതയുടെയും നാനാത്വത്തിെൻറയും സന്ദേശവാഹകനായി കുൽദീപ് നയാർ മാറിയത്. പാകിസ്താനുമായി സമാധാനപൂർവമായ അയൽപക്കബന്ധത്തിന് നിരന്തരം വാദിച്ച നയതന്ത്രജ്ഞൻ. പാകിസ്താനിലെ സിയാൽകോട്ടിൽ 1923 ആഗസ്റ്റ് 14ന് ജനനം. വിഭജനത്തെ തുടർന്ന് ഡൽഹിയിലേക്ക് നിർബന്ധിതമായി മാതാപിതാക്കൾ പറഞ്ഞയച്ച കുൽദീപ് നയാർ 1948ൽ ‘അൻജാം’ എന്ന ഉർദു പത്രത്തിലൂടെയാണ് പത്രപ്രവർത്തന ലോകത്ത് കാലുകുത്തിയത്. മഹാത്മാഗാന്ധിയുടെ വധം റിപ്പോർട്ടു ചെയ്തു.
പിന്നീട് ഷികാഗോയിലെ നോർത്ത് വെസ്റ്റേൺ യൂനിവേഴ്സിറ്റിയുടെ മെഡിൽ സ്കൂൾ ഒാഫ് ജേണലിസത്തിൽ പഠിച്ച് സ്റ്റേറ്റ്സ്മാനിലൂടെ ഇംഗ്ലീഷ് പത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞു. അതിനു മുമ്പ് കേന്ദ്രസർക്കാറിെൻറ ഇൻഫർമേഷൻ വിഭാഗത്തിൽ പ്രവർത്തിച്ചു. വാർത്ത ഏജൻസിയായ യു.എൻ.െഎയുടെ എഡിറ്ററും ജനറൽ മാനേജറുമായിരുന്നു. സ്റ്റേറ്റ്സ്മാൻ, ഇന്ത്യൻ എക്സ്പ്രസ് എന്നിവയുടെ എഡിറ്ററായി. രണ്ടു പതിറ്റാണ്ട് ലണ്ടനിലെ ടൈംസിെൻറ കറസ്പോണ്ടൻറായിരുന്നു. 1990ൽ ബ്രിട്ടനിൽ ഇന്ത്യൻ ഹൈകമീഷണറായി. 1997ൽ രാജ്യസഭാംഗമായി. നിരവധി പുരസ്കാരങ്ങൾ നേടി. ജീവിതാനുഭവമായ ‘വരികൾക്കപ്പുറം’ അടക്കം 15ലേറെ പുസ്തകങ്ങൾ. 80ലേറെ പത്രങ്ങളിൽ പംക്തി എഴുതി.
പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ അന്തരിച്ച ജസ്റ്റിസ് രജീന്ദർ സച്ചാറുടെ സഹോദരി ഭാരതി സച്ചാറാണ് ഭാര്യ. സുപ്രീംകോടതി അഭിഭാഷകനായ രാജീവ് നയാർ, സുധീർ നയാർ എന്നിവർ മക്കളാണ്. മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കേന്ദ്രമന്ത്രിമാരായ രാജ്യവർധൻ സിങ് റാത്തോഡ്, ഹർഷ്വർധൻ, മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി, മുൻ എം.പി ശരദ് യാദവ്, മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ദുഷ്യന്ത് ദവെ, സി.പി.െഎ നേതാക്കളായ ഡി. രാജ, ആനി രാജ, കിസാൻ സഭ നേതാവ് പി.കെ. കൃഷ്ണപ്രസാദ്, വെൽഫെയർ പാർട്ടി അഖിലേന്ത്യ പ്രസിഡൻറ് എസ്.ക്യു.ആർ. ഇല്യാസ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ സെക്രട്ടറി ഇഖ്ബാൽ മുല്ല തുടങ്ങിയവർ അേന്ത്യാപചാരമർപ്പിച്ചു. മാധ്യമത്തിനുവേണ്ടി ഡൽഹി ബ്യൂറോ ചീഫ് എ.എസ്. സുരേഷ്കുമാർ, സീനിയർ കറസ്പോണ്ടൻറ് വി.എം. ഹസനുൽ ബന്ന എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.