മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവെ അന്തരിച്ചു
text_fieldsന്യൂഡൽഹി: ആദ്യകാല ദൃശ്യ മാധ്യമപ്രവർത്തകൻ വിനോദ് ദുവ (67) അന്തരിച്ചു. കോവിഡാനന്തര അസുഖത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധയെത്തുടർന്ന് ഈ വർഷം ജൂണിൽ ദുവയുടെ ഭാര്യയും റേഡിയോളജിസ്റ്റുമായ പത്മാവതി (ചിന്ന ദുവ - 61) മരണപ്പെട്ടിരുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ബകുൽ ദുവ, ഹാസ്യ നടി മല്ലിക ദുവ എന്നിവരാണ് മക്കൾ. സംസ്കാരം ഞായറാഴ്ച ഡൽഹിയിലെ ലോദി ശ്മശാനത്തിൽ.
1954 മാർച്ച് 11ന് ഡൽഹിയിലാണ് ദുവയുടെ ജനനം. ഹൻസ് രാജ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും പിന്നീട് ഡൽഹി സർവകലാശാലയിൽനിന്ന് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. 2008ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 1996ൽ രാംനാഥ് ഗോയങ്ക എക്‌സലൻസ് ഇൻ ജേണലിസം അവാർഡ് ലഭിച്ച ആദ്യ ദൃശ്യമാധ്യമ പ്രവർത്തകനാണ്. മാധ്യമരംഗത്തെ മികവിന് മുംബൈ പ്രസ് ക്ലബിെൻറ റെഡിങ്ക് പുരസ്കാരം നേടി.
ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ ദൂരദർശനിലൂടെ മാധ്യമപ്രവർത്തനം ആരംഭിച്ച ദുവ തുടർന്നുള്ള ദശാബ്ദങ്ങളിൽ ഡിജിറ്റൽ മേഖലയിൽ തേൻറതായ വ്യക്തിമുദ്ര പതിപ്പിച്ചു. ദൂരദർശൻ, എൻ.ഡി.ടി.വി എന്നിവയിൽ രാഷ്ട്രീയം മുതൽ പാചകം വരെ വിഷയങ്ങൾ പ്രേക്ഷകരിലെത്തിച്ചു. എൻ.ഡി.ടി.വിയുടെ ജനപ്രിയ ഭക്ഷണ പരിപാടിയായ 'സൈക്ക ഇന്ത്യ കാ'യുടെ അവതാരകനായ അദ്ദേഹം ഇന്ത്യയിലെ വിവിധ നഗരങ്ങളിലെയും പട്ടണങ്ങളിലെയും വ്യത്യസ്തമായ ഭക്ഷണ സംസ്കാരങ്ങൾ പരിചയപ്പെടുത്തി. ദി വയർ ഹിന്ദി പതിപ്പിനുവേണ്ടി 'ജൻ ഗൻ മൻ കി ബാത്ത്' അവതാരകനായും തിളങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.