കർണാടക മുൻ മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണ അന്തരിച്ചു
text_fieldsബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയും മഹാരാഷ്ട്ര ഗവർണറുമായിരുന്ന എസ്.എം. കൃഷ്ണ (92) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2.45ഓടെ ബംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കോൺഗ്രസ് നേതാവായിരുന്ന കൃഷ്ണ നേതൃത്വവുമായുള്ള വിയോജിപ്പിനെ തുടർന്ന് 2017ൽ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു.
1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായിരുന്ന എസ്.എം. കൃഷ്ണ ബംഗളൂരുവിനെ ഇന്ത്യയുടെ സിലിക്കണ്‍വാലിയാക്കി വളർത്തിയതിൽ വലിയ പങ്കുവഹിച്ചു. 2009 മുതൽ 2012 വരെ കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്നു. മൂന്നു തവണ ലോക്സഭാംഗം , രണ്ട് തവണ രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2023ല്‍ രാജ്യം പദ്മവിഭൂഷണ്‍ നൽകി ആദരിച്ചു.
കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ സോമനഹള്ളി ഗ്രാമത്തിൽ എസ്.സി. മല്ലയ്യയുടെയും തായമ്മയുടേയും മകനായി ഒരു വൊക്കലിംഗ കുടുംബത്തിൽ 1932 മേയ് ഒന്നിനാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മൈസൂരിലെ മഹാരാജാസ് കോളജിൽ നിന്ന് ബിരുദവും ബംഗളൂരുവിലെ ലോ കോളജിൽ നിന്ന് നിയമബിരുദവും നേടി. അമേരിക്കയിലായിരുന്നു ഉപരിപഠനം പൂര്‍ത്തിയാക്കിയത്.
1962ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മദ്ദൂരിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചതോടെയാണ് കൃഷ്ണയുടെ രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം. 1967ൽ പ്രജ സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ മദ്ദൂരിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1968ൽ മാണ്ഡ്യയിൽ നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പി.എസ്.പി ടിക്കറ്റിൽ ആദ്യമായി ലോക്സഭാംഗമായി.
1971ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. 2017 ജനുവരി 30ന് കോൺഗ്രസ് വിട്ട കൃഷ്ണ പിന്നാലെ ബി.ജെ.പിയിൽ ചേർന്നു. പിന്നീട് 2023 ജനുവരിയിൽ സജീവ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.