വ്യാജ റെംഡിസിവർ വിൽപന: വി.എച്ച്.പി നേതാവിനെതിരെ കേസ്
text_fieldsജബൽപുർ: കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവർ ഇൻജക്ഷന്‍റെ വ്യാജ മരുന്ന് വിറ്റ കേസിൽ മധ്യപ്രദേശിലെ വി.എച്ച്.പി നേതാവടക്കം മൂന്നുപേർക്കെതിരെ കേസ്. ജബൽപുർ വി.എച്ച്.പി പ്രസിഡന്‍റ് ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് ഒരു ലക്ഷത്തിലേറെ വ്യാജ റെംഡിസിവർ വിറ്റതിന് കേസെടുത്തിരിക്കുന്നത്.
ജബൽപുർ വി.എച്ച്.പി പ്രസിഡന്‍റ് സരബ്ജീത് സിങ് മോക്ക, ദേവേന്ദ്ര ചൗരസ്യ, സ്വപൻ ജെയ്ൻ എന്നിവർക്കെതിരെയാണ് കേസ്. സ്വപൻ ജെയ്നെ സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സരബ്ജീത്തും ദേവേന്ദ്രയും ഒളിവിലാണെന്ന് ജബൽപുർ എ.എസ്.പി രോഹിത് കഷ്വാനി പറഞ്ഞു.
ജബൽപുരിലെ സിറ്റി ഹോസ്പിറ്റലിന്‍റെ ഉടമയാണ് സരബ്ജീത് സിങ് മോക്ക. ദേവേന്ദ്ര ചൗരസ്യ ഇയാളുടെ മാനേജരാണ്. ഫാർമ കമ്പനികളുമായുള്ള ഡീലർഷിപ്പുൾപ്പെടെ കൈകാര്യം ചെയ്യുന്നയാളാണ് സ്വപൻ ജെയ്ൻ. ഇവർക്കെതിരെ ഐ.പി.സി 274, 275, 308, 420 വകുപ്പുകളും ദുരന്ത നിവാരണ നിയമം, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമം തുടങ്ങിയവയും ചുമത്തിയിട്ടുണ്ട്.
സരബ്ജീത്തിന് സർക്കാറിലെ മുതിർന്ന മന്ത്രിയുടെ മകനുമായി അടുത്ത ബന്ധമുണ്ടെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു. ഇൻഡോറിൽനിന്ന് സരബ്ജീത്തിന് 500 വ്യാജ റെംഡിസിവർ മരുന്നു കിട്ടിയെന്നും അത് തന്‍റെ ആശുപത്രിയിലെത്തിയ രോഗികൾക്ക് 35,000–40,000 രൂപ നിരക്കിൽ വിറ്റെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഉപ്പും ഗ്ലൂക്കോസും മിക്സ് ചെയ്ത് വ്യാജ മരുന്നുണ്ടാക്കി വിൽക്കുന്ന റെംഡിസിവർ റാക്കറ്റിനെ കുറിച്ചു കൂടുതൽ അന്വേഷണത്തിന് സി.ബി.ഐയെ ചുമതലപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഒരു ലക്ഷം വ്യാജ ഇഞ്ചക്ഷൻ മരുന്നുകൾ ഉണ്ടാക്കി ഇൻഡോറിലും ജബൽപുരിലും വിറ്റ റാക്കറ്റിനെ തകർക്കാൻ നടപടികൾ ശക്തമാക്കണമെന്ന് കോൺഗ്രസ് രാജ്യസഭാംഗം വിവേക് ടാൻഖ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.